ബിജെപി രാജ്യത്ത് വെറുപ്പും വിദ്വേഷ്യവും വളര്‍ത്തുകയാണെന്ന് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രക്കിടെ സംസ്ഥാനത്തെ സാംസ്‌കാരിക പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കര്‍ദിനാള്‍ മാര്‍ ക്ലീമീസ്, പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പെരുമ്പടവം ശ്രീധരന്‍, സൂര്യ കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തു. പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ ഉച്ചവിരുന്നോടെയാണ് പൗരപ്രമുഖരുടെ സംഗമം ഒരുക്കിയത്.
ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സിപിഎം. ബിജെപിയോടും ആര്‍എസ്എസിനോടും പോരാടാനെന്ന പേരില്‍ നടത്തുന്ന രാഹുലിന്റെ യാത്ര 18 ദിവസം കേരളത്തിലാണ്. ബിജെപി ഭരിക്കുന്ന യുപിയില്‍ വെറും രണ്ടു ദിവസം മാത്രമാണ് രാഹുലിന്റെ യാത്രയെന്നും സിപിഎം കുറ്റപ്പെടുത്തി. ‘മുണ്ടുമോദി’ യുടെ നാട്ടിലെ ബിജെപിയുടെ എ ടീമാണ് സിപിഎമ്മെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് തിരിച്ചടിച്ചു.
ആസാദ് കഷ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെ കേസെടുക്കാന്‍ ഡല്‍ഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടു. സമാന പരാതിയില്‍ കേരളത്തില്‍ കേസെടുത്തിട്ടുണ്ടെന്നും കോടതി നിര്‍ദേശിച്ചാല്‍ പുതിയ കേസെടുക്കാമെന്നുമായിരുന്നു തിലക് മാര്‍ഗ് പൊലീസ് കോടതിയെ അറിയിച്ചത്.
ആക്രമണകാരികളും പേപിടിച്ചതുമായ തെരുവുനായ്ക്കളെ കൊന്നൊടുക്കും. ഇതിനുള്ള അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കും. മന്ത്രി എം.ബി. രാജേഷ് വിളിച്ച വിവിധ വകുപ്പു മേധാവികളുടെ യോഗത്തിലാണ് തീരുമാനം. നായ്ക്കളെ കൊല്ലുന്നതിനുള്ള നിയമതടസം നീക്കാനാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. തെരുവു നായ ശല്യം നിയന്ത്രിക്കാന്‍ ഈ മാസം 20 മുതല്‍ ഒക്ടോബര്‍ 20 വരെ വാക്സിനേഷന്‍ ഡ്രൈവ് നടത്തും. ഇതിനു പ്രത്യേക വാഹനങ്ങള്‍ വാടകയ്ക്കെടുക്കും. പരിശീലനം ലഭിച്ചവരുടെ സേവനം പ്രയോജനപ്പെടുത്താനും തീരുമാനിച്ചു.
പണപ്പെരുപ്പം ഏഴു ശതമാനമായി. ഭഷ്യ വസ്തുക്കളുടെ വില വര്‍ധനയാണ് പണപ്പെരുപ്പം ഉയര്‍ത്തിയത്. ജൂലൈയില്‍ രാജ്യത്തെ പണപ്പെരുപ്പം 6.71 ശതമാനമായിരുന്നു.
വിഴിഞ്ഞം സമരത്തിനു രാഹുല്‍ ഗാന്ധിയുടെ പിന്തുണ തേടി സമര സമിതി. വിഴിഞ്ഞം പദ്ധതിക്കാര്യത്തില്‍ കെപിസിസിയോട് രാഹുല്‍ നിലപാട് തേടി. രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് സമര സമിതി പ്രവര്‍ത്തകര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിഴിഞ്ഞം പദ്ധതിയെ തുടര്‍ന്നുള്ള തീരശോഷണവും വീടുകള്‍ കടലെടുത്തു പോയതും ഉപജീവനത്തിലെ പ്രതിസന്ധിയും അദ്ദേഹത്തെ ബോധ്യപ്പെടുത്തി.
സിപിഐ ഭാരവാഹികള്‍ക്ക് പ്രായപരിധി നിബന്ധന ഏര്‍പ്പെടുത്തുന്നതില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടിനെ പിന്തുണച്ച് അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. സംസ്ഥാന തലത്തില്‍ പ്രായപരിധി 75 വയസും ജില്ലാ സെക്രട്ടറിക്ക് 65 വയസും മണ്ഡലം സെക്രട്ടറിക്ക് 60 വയസുമാക്കാനാണു നിര്‍ദേശം. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഈ നിര്‍ദേശത്തെ കെ ഇ ഇസ്മയില്‍ പക്ഷ നേതാക്കള്‍ എതിര്‍ത്തു.
കൊല്ലം കോടതിയില്‍ അഭിഭാഷകരും പോലീസും തമ്മില്‍ കൈയാങ്കളി. മര്‍ദ്ദനമേറ്റ പള്ളിത്തോട്ടം സ്റ്റേഷനിലെ എഎസ്ഐ മനോരഥന്‍ പിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് ജീപ്പിന്റെ ചില്ല് തകര്‍ത്തു. കരുനാഗപ്പള്ളിയില്‍ ജയകുമാര്‍ എന്ന അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുന്നതുവരെ കോടതി ബഹിഷ്‌കരിക്കുമെന്ന് കൊല്ലം ബാര്‍ അസോസിയേഷന്‍.