വൈകുന്നേരം ചായ്ക്കൊപ്പം രണ്ട് ബിസ്‌ക്കറ്റ് പതിവുള്ളതാണ്. മധുരം വേണ്ടവര്‍ക്ക് ക്രീം ബിസ്‌ക്കറ്റ്, പ്രമേഹമുള്ളവര്‍ക്ക് ഷുഗര്‍- ഫ്രീ ബിസ്‌ക്കറ്റ്, കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് ഫാന്‍-ഫ്രീ ബിസിക്കറ്റ് അങ്ങനെ തരം തിരിച്ചും അല്ലാതെയും നിരവധി ബിസ്‌ക്കറ്റുകള്‍. എന്നാല്‍ ഈ പതിവ് അത്ര ആരോഗ്യകരമല്ലെന്ന് വിശദീകരിക്കുകയാണ് ന്യൂട്രിഷ്യന്‍ വിദഗ്ധയായ അമിത ഗാദ്രെ. അമിത ഗാദ്രെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വിഡിയോയില്‍ ഇന്ത്യക്കാരുടെ ബിസ്‌ക്കറ്റ് കഴിക്കുന്ന ശീലം ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വ്യക്തമാക്കുന്നു. കൊഴുപ്പും കലോറിയും മാത്രമാണ് ബിസ്‌ക്കറ്റുകളില്‍ അടങ്ങിയിരിക്കുന്നത്. അവശ്യ പോഷകങ്ങള്‍ നല്‍കാത്തതു കൊണ്ട് തന്നെ പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കാനുള്ള അവസരത്തെ ഈ ശീലം ഇല്ലാതാക്കുന്നുവെന്ന് അമിത പറയുന്നു. ലേബല്‍ ഏതാണെങ്കിലും മൈദയും പഞ്ചസാരയും ചേര്‍ത്താണ് ബിസ്‌ക്കറ്റുകള്‍ ഉണ്ടാക്കുന്നത്. ഇതില്‍ ഫൈബറോ പോഷകങ്ങളോ അടങ്ങിയിട്ടില്ല. അതിനാല്‍ ബിസ്‌ക്കറ്റ് പതിവായി കഴിക്കുന്നത് കുട്ടികളിലും മുതിര്‍ന്നവരിലും മലബന്ധത്തിന് കാരണമാകുന്നു. കൂടാതെ കൊളസ്‌ട്രോള്‍ അളവു കൂടാനും ഇത് കാരണമാകുന്നു. ബിസ്‌ക്കറ്റില്‍ അടങ്ങിയ കൊഴുപ്പ് ട്രൈഗ്ലിസറൈഡ് അളവും എല്‍ഡിഎല്‍ കൊളസ്ട്രോള്‍ അളവും കൂട്ടുന്നുവെന്നും അമിത വിഡിയോയില്‍ പറയുന്നു.