രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഞായറാഴ്ച കേരളത്തില്‍ പ്രവേശിക്കും. ഇന്നു രാവിലെ നാഗര്‍കോവിലില്‍ നിന്ന് പുളിയൂര്‍കുറിച്ചി ദൈവസഹായം പിള്ള ദേവാലയം വരെയാണ് ആദ്യഘട്ട യാത്ര. വൈകുന്നേരം മുളകുമൂടില്‍ ഇന്നത്തെ യാത്ര അവസാനിക്കും. രാഹുല്‍ ഗാന്ധി ഉള്‍പ്പടെ യാത്രാ അംഗങ്ങള്‍ 60 കണ്ടെയ്‌നര്‍ ലോറികളിലാണ് അന്തിയുറങ്ങുന്നത്. ഭക്ഷണം വഴിയോരത്തെ ചെറുകിട ഹോട്ടലുകളില്‍നിന്നാണ്.
ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീംകോടതിയില്‍ കേന്ദ്രം നല്‍കിയ ഹര്‍ജിയില്‍ ബഫര്‍സോണ്‍ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. വിധിയില്‍ വ്യക്തത വരുത്തണമെന്നു മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം ബഫര്‍സോണായി നിലനിര്‍ത്തണമെന്ന ഉത്തരവിനെതിരെ പുനപരിശോധന ഹര്‍ജി നല്‍കിയെന്നാണു കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രചരിപ്പിച്ചിരുന്നത്.
പൊടിപച്ചരിയുടെ കയറ്റുമതി നിരോധിച്ചു. ബസുമതി ഒഴികെയുള്ള അരിക്ക് 20 ശതമാനം കയറ്റുമതി ചുങ്കം ഏര്‍പ്പെടുത്തി. വിലക്കയറ്റവും ഭക്ഷ്യക്ഷാമവും നേരിടാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ബംഗ്ലാദേശ് ഇറക്കുമതി ചുങ്കം വെട്ടിക്കുറച്ചതോടെ ഇന്ത്യയില്‍ അരി വില അഞ്ചു ശതമാനം വര്‍ധിച്ചിരുന്നു. ഈ വര്‍ഷം അരി ഉത്പാദനം കുറയുമെന്നാണു റിപ്പോര്‍ട്ട്. യുക്രൈന്‍ -റഷ്യ യുദ്ധമുണ്ടാക്കുന്ന ക്ഷാമവും നേരിടാനാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍. ഗോതമ്പ്, പഞ്ചസാര എന്നിവയുടെ കയറ്റുമതി നേരത്തെത്തന്നെ നിരോധിച്ചിരുന്നു.
കേരളത്തിലെ തെരുവ് നായ പ്രശ്‌നം ഗുരുതരമാണെന്നും ചട്ടങ്ങള്‍ ഭേദഗതി ചെയ്യേണ്ടതുണ്ടെന്നും സുപ്രീം കോടതി. ഇക്കാര്യത്തില്‍ ഈ മാസം 28 ന് ഇടക്കാല ഉത്തരവ് ഇറക്കുമെന്നും കോടതി വ്യക്തമാക്കി. പേവിഷ വാക്‌സീന്റെ ഫലം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളിയായ സാബു സ്റ്റീഫനാണു ഹര്‍ജി നല്‍കിയത്. (ഈ ലോകം ആരുടേതാണ്: ഡെയ്‌ലി ന്യൂസ് ഫ്രാങ്ക്‌ലി സ്പീക്കിംഗ്. https://youtu.be/
മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. യുപി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ കേസിലാണ് ജാമ്യം അനുവദിച്ചത്. ആറാഴ്ച സിദ്ദിഖ് കാപ്പന്‍ ഡല്‍ഹി വിട്ടുപോകരുതെന്നാണ് നിര്‍ദ്ദേശം. കേരളത്തില്‍ എത്തിയാല്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. ലഘുലേഖകള്‍ അഭിപ്രായ പ്രകടനങ്ങള്‍ മാത്രമാണ് ,അവ എങ്ങനെയാണ് അപകടകരമാകുന്നതെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ ജയില്‍മോചിതനാകാന്‍ ഇഡിയുടെ കേസിലും ജാമ്യം ലഭിക്കണം.
തമിഴ്‌നാട് ദിണ്ടിഗല്‍ പന്നൈപട്ടിയില്‍ കാറും ബസും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം ചാല സ്വദേശി അശോകന്‍, ഭാര്യ ശൈലജ, ഒരു വയസുള്ള പേരമകന്‍ ആരവ് എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍പ്പെട്ടത് തിരുവനന്തപുരം സ്വദേശികളായ തീര്‍ത്ഥാടക സംഘമാണ്. പഴനിയില്‍ നിന്ന് മധുരയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം.
കടലില്‍ മത്സ്യത്തൊഴിലാളിക്കു വെടിയേറ്റ സംഭവത്തില്‍ പോലീസ്, ബാലിസ്റ്റിക് വിദഗ്ധനെ നാവികസേനയുടെ ഐഎന്‍എസ് ദ്രോണാചാര്യയില്‍ കൊണ്ടുപോയി പരിശോധിപ്പിക്കും. ഫയറിംങ് പരിശിലനം നടത്തിയതിന്റെ രേഖകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടു. പരിശീലനത്തിന് ഉപയോഗിക്കുന്ന തോക്കുകളുടേയും വെടിയുണ്ടകളുടെയും വിശദാംശങ്ങളും തേടിയിട്ടുണ്ട്. പൊലീസ് രണ്ടുതവണ നാവികപരിശിലന കേന്ദ്രത്തില്‍ പരിശോധന നടത്തി. തങ്ങളുടെ വെടിയുണ്ടയല്ലെന്നാണ് നാവികസേനയുടെ വാദം.
ഇടമലയാര്‍ ഡാമിന്റെ രണ്ടു ഗേറ്റുകള്‍ തുറന്നു. രാവിലെ പതിനൊന്നോടെ അര മീറ്ററാണ് തുറന്നത്. വൈകുന്നേരം ആകുമ്പോഴേക്കും ഒന്നേകാല്‍ മീറ്റര്‍വരെ ഉയര്‍ത്തും. 75 ഘനമീറ്റര്‍ മുതല്‍ 125 ഘനമീറ്റര്‍ വരെ വെള്ളം സെക്കന്‍ഡില്‍ ഒഴുക്കിവിടും. നദീതീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍.
ഓണത്തിനു മദ്യക്കച്ചവടത്തില്‍ റിക്കാര്‍ഡിട്ട് നാലു മദ്യശാലകള്‍. ഉത്രാട ദിനത്തില്‍ ഏറ്റവും അധികം മദ്യം വിറ്റത് കൊല്ലത്തെ ആശ്രമത്തെ മദ്യശാലയിലാണ്. 106 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റില്‍ വിറ്റത് 102 കോടി രൂപയുടേയും ഇരിങ്ങാലക്കുടയില്‍ 101 കോടി രൂപയുടേയും മദ്യം വിറ്റു. ചേര്‍ത്തല കോര്‍ട്ട് ജംഗഷനിലെ ഔട്ട്‌ലെറ്റില്‍ വിറ്റത് 100 കോടിയുടെ മദ്യമാണ്.