ബെല്‍ അമി | അദ്ധ്യായം 8 | രാജന്‍ തുവ്വാര
ലെസ്‌ബോ
എന്റെ പുതിയ പുസ്തകത്തിന്റെ ഫൈനല്‍ പ്രൂഫ് അന്നത്തെ മെയിലില്‍ എനിക്ക് ലഭിച്ചു. അത് ഒരുതവണകൂടി വായിച്ചശേഷം രണ്ടു മൂന്നുദിവസത്തിനകം തിരിച്ചയക്കാമെന്ന് ഞാന്‍ മറുപടി നല്‍കി.
ഭക്ഷണവേളകളിലാണ് ഞങ്ങള്‍ മൂന്നുപേരും പതിവായി ഒരുമിക്കുന്നത്. അന്ന് ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഞാന്‍ പുസ്തകത്തിന്റെ പ്രൂഫ് എത്തിയ വിവരം പറഞ്ഞു. ജൂഡിത്തിന് പുസ്തകത്തിന്റെ രൂപകല്പനയെക്കുറിച്ച് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. അവള്‍ സൂറിച്ചില്‍വെച്ച് പുസ്തകം രൂപകല്പനചെയ്യുന്നതിനെക്കുറിച്ച് വിശദമായി പഠിച്ചിട്ടുണ്ട്. പുസ്തകം രൂപകല്‍പന ചെയ്യുന്നത് നല്ല സാധ്യതകളുള്ള കലയാണെന്ന് അവള്‍ വിശദീകരിച്ചു. ഫ്രാന്‍സിലെ ലഫോണ്ട്, അമേരിക്കയിലെ റാന്‍ഡം ഹൗസ്, ലണ്ടനിലെ പെന്‍ഗ്വിന്‍, ഹാര്‍പര്‍ കോളിന്‍സ്, ജപ്പാനിലെ ടട്ടില്‍മോറി കോഡന്‍ഷാ, തുടങ്ങി ലോകത്തിലെ പ്രശസ്ത പ്രസാധനസ്ഥാപനങ്ങള്‍ക്കെല്ലാം ഡിസൈനര്‍മാരുടെ സംഘം തന്നെയുണ്ട്.
ഞാന്‍ എന്റെ പുസ്തകത്തെക്കുറിച്ച് അവളോട് വിശദീകരിച്ചു.
‘ഹാര്‍മണി മികച്ച പ്രസാധകരാണ്…’ അവള്‍ സാക്ഷ്യപ്പെടുത്തി.
‘അവിടത്തെ ആര്‍ട്ട് എഡിറ്റര്‍ ഒരു ഉക്രൈന്‍കാരനാണ്, വിക്ടര്‍ ഷിമാക്. അയാള്‍ പാരീസിലെ ആദം ഗിരു ഗ്യാലറിയില്‍ ഒരു സോളോ നടത്തിയപ്പോള്‍ ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്.’
‘നീ ലോകം മുഴുവനും ഓടിനടന്നു കണ്ടിട്ടുണ്ടോ…’ ചാരുമതിയുടെ ചോദ്യം.
ജൂഡിത്ത് ചിരിച്ചു.
‘കുറച്ചൊക്കെ. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പോയിട്ടില്ല. എനിക്ക് നൈജീരിയയിലും സുഡാനിലും പോയാല്‍ കൊള്ളാമെന്നുണ്ട്,കുറച്ചു പോര്‍ട്രേറ്റുകള്‍ ചെയ്യാന്‍.’
‘അവിടെ തീവ്രവാദികള്‍ ഉള്ള സ്ഥലമാണ് നിന്റെ പൊടി പോലും കിട്ടുകയില്ല….’ ചാരുമതി പറഞ്ഞു.
ഒരു ചിരിയായിരുന്നു അതിനുള്ള അവളുടെ മറുപടി.
‘നിനക്ക് എന്റെ പുസ്തകം ഡിസൈന്‍ ചെയ്യാമോ?’ ഞാന്‍ ചോദിച്ചു.
‘പാടില്ല…’ അവള്‍ പറഞ്ഞു.
‘അത് പ്രസാധകന്റെ രാജ്യമാണ്. ഓതര്‍ക്ക് അഭിപ്രായം പറയാം, പക്ഷേ ന്യായയുക്തമല്ലെങ്കില്‍ അവരത് ചെവിക്കൊള്ളില്ല. പിന്നെ എന്നേക്കാള്‍ നന്നായി ഇവള്‍ ഡിസൈന്‍ ചെയ്യും.’
ജൂഡിത്ത് ചാരുമതിയുടെ ചുമലില്‍ തൊട്ടുകൊണ്ട് പറഞ്ഞു:
‘ഷി ഈസ് എ ജനുവിന്‍ ആര്‍ടിസ്റ്റ്.’
‘നീ പറഞ്ഞത് ഞാന്‍ അംഗീകരിക്കുന്നു…’ ഞാന്‍ പറഞ്ഞു.
‘എന്റെ പുസ്തകത്തിന്റെ പുറംചട്ടയുടെ കാര്യത്തിലും ഞാന്‍ നീ പറയുന്നതാണ് ശരി എന്നു വിശ്വസിക്കുന്നു.’
‘ഞാന്‍ ശരികള്‍ മാത്രം പറയുകയും ചെയ്യുകയും ചെയ്യുന്ന ആളാണ്.’
ജൂഡിത്ത് പറഞ്ഞത് കേട്ട് ഞാന്‍ ചിരിച്ചു, ചാരുമതിക്കും ചിരിക്കാതിരിക്കാനായില്ല.
‘ഞാന്‍ ഇന്നുവരെ ശരിയല്ലാത്തതൊന്നും ചെയ്തിട്ടില്ല.’
ഇപ്പോള്‍ ജൂഡിത്ത് അത് പറഞ്ഞത് ഉറച്ച ശബ്ദത്തിലായിരുന്നു.
‘എനിക്ക് ഇന്നലെവരെ ഒരാളോടും സ്‌നേഹമോ പ്രണയമോ തോന്നിയിട്ടില്ല. എന്നെ ആരും ഹൃദയപൂര്‍വം സ്‌നേഹിച്ചിട്ടില്ല. ഞാന്‍ അങ്ങോട്ട് കൊടുത്തിട്ടും ഇങ്ങോട്ട് എനിക്കത് തിരികെ ലഭിക്കാത്ത അവസ്ഥയാണുണ്ടായിട്ടുള്ളത്. അത് ലോകനിയമമാണ്. എല്ലാം നമ്മള്‍ ഉദ്ദേശിച്ചതുപോലെ ലഭിക്കുകയാണെങ്കില്‍ ആഗ്രഹിക്കാന്‍ അവസരമുണ്ടാകില്ല.’
ജൂഡിത്തിന് അതി വൈകാരികത ഇല്ലെങ്കിലും എന്തൊക്കെയോ അവളെ അലട്ടുന്നുണ്ട്. ചാരുമതിയുടെ കൂട്ട് അവള്‍ വിലമതിക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ചാരുമതിയുടെ ചിത്രമെഴുത്തിനോട് അവള്‍ക്ക് വലിയ മതിപ്പാണ്.
ഒരിക്കല്‍ മെലിഞ്ഞു നീണ്ട അവളുടെ വിരലുകള്‍ കൈയിലെടുത്ത് ജൂഡിത്ത് പറഞ്ഞു:
‘ഈ വിരലുകള്‍ നിന്റെ മറ്റേത് അവയങ്ങളെക്കാളും മനോഹരം.’
ചാരുമതി അമ്പരന്ന് തന്റെ കൂട്ടുകാരിയെ നോക്കി.
‘ഈ വിരലുകളാണ് നിന്റെ ചിത്രങ്ങള്‍ രൂപപ്പെടുത്തുന്നത്. ഞാന്‍ ഇത് ഓമനിച്ചോട്ടെ?’
പ്രണയാതുരമായ ശബ്ദം അവളില്‍ നിന്ന് പുറപ്പെടുന്നതുപോലെ ചാരുമതിക്ക് തോന്നി. ഫ്രഞ്ചുകാര്‍ പൊതുവെ ഇംഗ്ലീഷ് സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നതാണ് അവള്‍ കണ്ടിട്ടുള്ളത്. പക്ഷേ ഇവള്‍ നല്ല ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്നു.
‘ഡിയര്‍, ലെറ്റ് മി കേരസ് യൂര്‍ ലവ്‌ലി ഫിംഗേഴ്‌സ്.’
എത്ര നേരം അവള്‍ ആ വിരലുകള്‍ ഓമനിച്ചെന്ന് ചാരുമതി ഓര്‍ക്കുന്നില്ല. ടെലിഫോണ്‍ ശബ്ദിച്ചപ്പോള്‍ അതിന്റെ ന്യായത്തില്‍ അവള്‍ കൈപ്പടം വിടുവിച്ചു. അപ്പോള്‍ അവളുടെ മുഖത്ത് ശരിക്കും ഒരു കാമുകന്റെ സങ്കടം. അത് കണ്ടപ്പോള്‍ ചാരുമതിക്ക് കാമുകന്റെ നഗ്‌നതയില്‍ നോക്കുമ്പോള്‍ അനുഭവപ്പെടുന്ന ലജ്ജ തോന്നി.
ജൂഡിത്ത് ചാരുമതിയെ സെല്‍ഫോണില്‍ സംസാരിക്കാന്‍ വിട്ട് അവളുടെ മുറിയിലേക്ക് നടന്നു.
‘എനിക്ക് ഒരു സോളോ നടത്തണം. അതിന് നിന്റെ സഹായം വേണം.’
ജൂഡിത്ത് അന്നുരാത്രി ചാരുമതിയോട് പറഞ്ഞു.
‘എന്റെ എക്‌സിബിഷന് വിജയ ചന്ദ്രന്‍ സര്‍ ആണ് സഹായിച്ചത്. ആ എക്‌സിബിഷന്‍ വിജയിക്കാന്‍ കാരണം അദ്ദേഹമാണ്.’
‘അദ്ദേഹത്തോട് സഹായിക്കാന്‍ പറയാം. അദ്ദേഹം എന്നെ സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്.’
ജൂഡിത്ത് ആശ്വസിച്ചു.
‘ആകെ മൂന്നു ചിത്രങ്ങളാണ് എന്റെ പക്കലുള്ളത്.’
‘ബാക്കി നീ ധ്യാനിച്ചു നിര്‍മ്മിക്ക്.’ ചാരുമതി നിര്‍ദേശിച്ചു.
‘പത്തു ചിത്രങ്ങള്‍ മതി. എല്ലാം 6ഃ6ന്റെ ചിത്രങ്ങള്‍. രണ്ട് സെല്‍ഫ് പോര്‍ട്രെയ്റ്റ്, പിന്നെ നിന്റെ രണ്ട് പോര്‍ട്രെയ്റ്റുകള്‍. അതെല്ലാം പത്തു ദിവസം കൊണ്ട് ഞാന്‍ വരക്കും.’
‘എന്തിനാണ് ഞാന്‍? സിറ്റിയില്‍ തപ്പിയാല്‍ നിനക്ക് മോഡലുകളെ കിട്ടും.’
‘അതൊക്കെ ക്ലാസിക്കല്‍ കാലഘട്ടത്തിലെ കഥകള്‍. കണ്‍ വെന്‍ഷണല്‍ എന്ന വിശേഷണം .എനിക്ക് ആത്മാംശമുള്ള, എന്റെ ചിന്തയും മനസ്സും പ്രകടമാകുന്ന ചിത്രങ്ങള്‍ വേണം. ഈ വീട്, നീ, നമ്മുടെ എഴുത്തുകാരന്‍ ഇതൊക്കെയല്ലേ എന്റെ ആത്മഭാഷയായി പ്രകടമാകേണ്ടത്? ‘
ചാരുമതി അവള്‍ പറയുന്നത് കൗതുകത്തോടെ കേട്ടിരുന്നു.
‘നിന്നെ വരക്കാതെ ഞാന്‍ സോളോ ചെയ്യുന്നില്ല. നീ മോഡലായി നിന്നുതന്നാല്‍ അതുപോലെ വരക്കും. നീ അതിനു തയ്യാറല്ലെങ്കില്‍ ഞാന്‍ നിന്നെ ഭക്ഷിക്കും.’
ജൂഡിത്ത് അത് കളിയായി പറഞ്ഞതല്ലെന്ന് ചാരുമതിക്ക് ബോധ്യംവന്നിരുന്നു. ഇവള്‍ എപ്പോഴും എന്റെ സാമീപ്യം ഇഷ്ടപ്പെടുന്നു, സ്വന്തം വസ്ത്രങ്ങള്‍ മാറ്റിയിട്ട് എന്റെ വസ്ത്രങ്ങള്‍ എടുത്തണിയുന്നു, ഞാന്‍ കുടിച്ച കാപ്പിയുടെ ബാക്കി കൂടിക്കാന്‍ അവള്‍ക്കൊരു മടിയുമില്ല, ചാരുമതി ആലോചിച്ചു.
അപ്രതീക്ഷിതമായിട്ടാണ് ജൂഡിത്തിന്റെ പ്രവൃത്തികളില്‍ സ്‌നേഹം പ്രത്യക്ഷപ്പെടുന്നത്. വൈകാരികത പ്രകടിപ്പിക്കുന്ന കാര്യത്തിലും സത്യസന്ധതയുള്ളവളാണ് ജൂഡിത്ത്. സ്വന്തം കാര്യങ്ങള്‍ ഒരു മറയുമില്ലാതെ പറയുന്നു. വിജയചന്ദ്രന്‍ സാറുമായി ശയിച്ചുവെന്ന്, പ്രജനനരീതിയില്‍ ശയിച്ചില്ലെന്ന് യാതൊരു മറയുമില്ലാതെ പറഞ്ഞു അവള്‍. നീ എത്ര തവണ നമ്മുടെ എഴുത്തുകാരനുമായി, അങ്ങനെയാണവള്‍ ഇടക്ക് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്, ശയിച്ചിട്ടുണ്ടെന്നായിരുന്നു ഒരിക്കല്‍ അവള്‍ ചാരുമതിയോട്‌ചോദിച്ചത്?
‘രണ്ടു തവണ.’
‘പിന്നെന്തേ അത് തുടര്‍ന്നില്ല?’
‘ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പിടിച്ചു നില്‍ക്കാനാവാതെ വന്നപ്പോള്‍ സംഭവിച്ചുപോയതാണ്.’
‘നിനക്ക് ഗര്‍ഭം നല്‍കിയോ?’
‘അത്തരത്തിലുള്ള വ്യായാമം ഉണ്ടായില്ല. ഐ മേഡ് ഹിം കം.’
‘അദ്ദേഹത്തിന് നിന്നോട് പ്രണയമുണ്ടോ?’
‘ഞാന്‍ ചോദിച്ചില്ല.’
‘അതെന്താ ചോദിക്കാതിരുന്നത്?’
അതിന് ചാരുമതി ഉത്തരം പറഞ്ഞില്ല.
‘നിനക്ക് അദ്ദേഹത്തോട് പ്രണയം തോന്നുന്നുണ്ടോ?’
അതിനും അവള്‍ ഉത്തരം പറഞ്ഞില്ല.
കുറച്ചു നേരം രണ്ടുപേരും ഒന്നും മിണ്ടിയില്ല.
ജൂഡിത്താണ് മൗനംഭേദിച്ചത്.
‘നിനക്ക് എന്നെ ഇഷ്ടമാണോ?’
‘എന്തു തരത്തിലുള്ള ഇഷ്ടം?’
‘പ്രണയം?’
വീണ്ടും നിശ്ശബ്ദതയുടെ ഇടവേള.
ജൂഡിത്ത് അവളുടെ മനസ്സ് തുറന്നു.
‘നിന്നോടെനിക്ക് ഇഷ്ടം തോന്നുന്നു. എനിക്കിന്നുവരെ ആരോടും തോന്നാത്ത ഇഷ്ടം. ആദ്യം നിന്റെ ചിത്രങ്ങള്‍, പിന്നെ നിന്റെ കൈവിരലുകള്‍, ഇപ്പോള്‍ നിന്റെ ഏതു ഭാഗത്തോടാണ് ഇഷ്ടമെന്ന് പറയാന്‍ എനിക്ക് കഴിയുന്നില്ല. നിന്റെ ഇരട്ട പിറന്ന ഒറ്റക്കണ്ണുള്ള മുയല്‍കുഞ്ഞുങ്ങളെ എങ്ങനെ മറക്കും, ഞാന്‍?’
പെട്ടെന്ന് അവള്‍ ചാരുമതിയുടെ കൈപ്പടങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ട് സ്വന്തം മുഖത്ത് ഒരു മറപോലെ ചേര്‍ത്തുപിടിച്ചു. അവളുടെ മുഖം പൊള്ളുന്നതുപോലെ ചാരുമതിക്കു തോന്നി.
അപ്രതീക്ഷിതമായ ആ നീക്കത്തിനൊടുവില്‍ ജൂഡിത്ത് ചാരുമതിയുടെ നെഞ്ചില്‍ തല ചായ്ച്ചു. രണ്ടുപേരും കസേരകളില്‍ നിന്ന് താഴെ വീണുപോകാതിരിക്കുവാന്‍ ചാരുമതിക്ക് പണിപ്പെടേണ്ടി വന്നു. ജൂഡിത്ത് നിയന്ത്രണംവിട്ടുപോയ ഒരു പൊങ്ങുതടിയായി തന്റെ കാമുകിയുടെ മടിയില്‍ കിടന്നു.
ചാരുമതി കൂട്ടുകാരിയെ എഴുന്നേല്‍പ്പിച്ചു കട്ടിലിലേക്ക് നയിക്കുമ്പോള്‍ അവര്‍ പരസ്പരം ചുണ്ടുകള്‍ നുകര്‍ന്നു..
(തുടരും)
Copy Right Reserved