ബെല്‍ അമി | അദ്ധ്യായം 7 | രാജന്‍ തുവ്വാര
രണ്ട് ചിത്രകാരികള്‍
രണ്ടു ജീവിതങ്ങള്‍, രണ്ടു ശൈലികള്‍. പാശ്ചാത്യവും പൗരസ്ത്യവും. ജൂഡിത്ത് മോര്‍ഗന്‍, ചാരുമതി ബരേസി. ജൂഡിത്ത് പതിനഞ്ചുമിനിറ്റുകൊണ്ട് വിസ്മയകരമായ പോര്‍ട്രെയ്റ്റുകള്‍ എഴുതുന്നു. ചാരുമതി ഒരുദിവസംകൊണ്ട് സ്‌കെച്ചിങ്ങ് നടത്തുന്നു, രണ്ടു ദിവസംകൊണ്ട് ചിത്രത്തിന്റെ ആത്മാവില്‍ തൊടുന്നു. ഇങ്ങനെ ചിന്തിക്കാനാണ് എനിക്കു തോന്നിയത്. ചിന്തിക്കാന്‍ തോന്നി. തോന്നിയത് ചിന്തിച്ചു.
എന്റെയുള്ളിലെ വ്യാകരണമുന്‍ഷി അട്ടഹസിച്ചു.
‘നീ പാരീസിലാണോ ജനിച്ചത്?’ ഞാന്‍ ജൂഡിത്തിനോടു ചോദിച്ചു.
‘അല്ല,’ജൂഡിത്ത് പറഞ്ഞു:
‘ഞാന്‍ മോപ്പസോങ്ങിന്റെ നാട്ടിലാണ് ജനിച്ചത്. നോര്‍മണ്ടിയിലെ എട്രിറ്റയില്‍. നോര്‍മണ്ടിയിലെ ഗ്രാമങ്ങളില്‍ ഇപ്പോഴും ധാരാളം കര്‍ഷകരുണ്ട്, മോപ്പസോങ് കഥകളിലെ ഗ്രാമങ്ങള്‍ പേരുകൊണ്ട് അവിടെയുണ്ട്. ആപ്പിള്‍ തോട്ടങ്ങളും മുന്തിരിത്തോപ്പുകളൂം ഇപ്പോള്‍ ആധുനികവത്കൃതമായി. മദാം തെല്ലിയേയുടെ വിനോദകേന്ദ്രങ്ങള്‍ പോലെയുള്ള സുഖാലയങ്ങള്‍ അവിടെയില്ല. പോര്‍ണോഗ്രാഫി സമൃദ്ധമായതോടെ വൈകാരിക പ്രണയ കഥകള്‍ കേള്‍ക്കാനുമില്ല, കാണാനുമില്ല. ‘
മോപ്പസോങ് എന്നാണ് ഈ ഫ്രഞ്ചുകാരി ശബ്ദിക്കുന്നത്. ഇങ്ങനെയായിരിക്കും അവള്‍ പറഞ്ഞുപഠിച്ചിടുണ്ടാകുക. അവള്‍ അത്മകഥതുറക്കാനൊരുങ്ങുകയാണ്.അത് ആസ്വദിക്കാനൊരുങ്ങിത്തന്നെ ഞാന്‍ ഇടപെട്ടു.
‘ഫ്രഞ്ച് ചിത്രകലയും സാഹിത്യവും എന്നും എന്റെ ബലഹീനതയാണ്. ദെലക്രോയുടെ ജേണലുകള്‍ വീണ്ടും വായിക്കനൊരുങ്ങുകയാണ് ഞാന്‍.നിന്റെ കഥനം കൂടിയാകുമ്പോള്‍ അത് മധുരതരമാകും’
മന്ദഹസിച്ചെന്നു വരുത്തി അവള്‍ കഥ തുടര്‍ന്നു.
ഗീ ദ് മോപ്പസോങ് കാലഗതി പ്രാപിച്ച് ഒരു നൂറ്റാണ്ടു കഴിഞ്ഞപ്പോഴാണ് എന്റെ പപ്പ മമ്മയെ നോര്‍മണ്ടിയിലെ ആധുനികസൗകര്യങ്ങളുള്ള വീട്ടില്‍വെച്ച് തീവ്രമായി മോഹിച്ചത്. എന്റെ അപ്പൂപ്പന്‍ പാരീസിലെ നോട്ടറിയായിരുന്നു. അപ്പൂപ്പനോടും അമ്മൂമ്മയോടുമൊപ്പം പാരീസില്‍നിന്ന് ഒഴിവുകാലത്താണ് മമ്മ നോര്‍മണ്ടിയിലെ ഗ്രാമീണവസതിയില്‍ എത്തിയിരുന്നത്. പപ്പ എക്കോള്‍ ഡി ബ്യുവിലെ ചിത്രകലാധ്യാപകനായിരുന്നു. ഹെന്റി മോര്‍ഗന്‍. സ്‌കോട്‌ലന്‍ഡില്‍ നിന്ന് പതിനെട്ടാംനൂറ്റാണ്ടില്‍ മാഴ്‌സെയില്‍ കുടിയേറിയ മോര്‍ഗന്‍ കുടുംബം പിന്നീട് കൃഷിഭൂമി തേടി നോര്‍മണ്ടിയിലെത്തി. ഹെന്റി പഠിച്ചതും വളര്‍ന്നതും പാരീസിലായിരുന്നു. റോസിലിനെ പാരീസിലെ ഒരു കഫെയില്‍ വെച്ച് ഹെന്റി പരിചയപ്പെട്ടു. പരിചയം പ്രണയത്തിനു വഴിമാറിക്കൊടുത്തപ്പോള്‍ ഗീ ദ് മോപ്പസാങ്ങിന്റെ മൂണ്‍ലൈറ്റ് എന്ന കഥ വായിക്കാന്‍ ഹെന്റി റോസിലിനെ പ്രോത്സാഹിപ്പിച്ചു. നോര്‍മണ്ടിയിലെ മുന്തിരിത്തോപ്പുകള്‍ ശലോമോന്റെ മുന്തരിത്തോപ്പുകളെക്കാള്‍ സുന്ദരവും പ്രണയബന്ധുരവുമാണെന്ന് ഹെന്റിയും റോസിലിനും ഒന്നുചേര്‍ന്നനുഭവിച്ച രാത്രികള്‍ സാക്ഷ്യപ്പെടുത്തി. നോര്‍മണ്ടിയിലെ ചാപ്പലില്‍വെച്ച് അവരുടെ വിവാഹം നടന്നു. വിവാഹത്തിന് മുന്‍പ് റോസിലിന്റെ വയറ്റില്‍ ഞാന്‍ രൂപം കൊണ്ടിരുന്നു.
പപ്പ എന്നെ ചെറുപ്പത്തില്‍തന്നെ ചിത്രമെഴുതാന്‍ പഠിപ്പിച്ചു. പപ്പയുടെ ഗുരുവും ഹെന്റിമത്തിസിന്റെ ശിഷ്യനുമായിരുന്ന കിളവന്‍ പിയറി ലംബര്‍ട്ട് എന്നെക്കൊണ്ട് തുരുതുരെ ചിത്രങ്ങള്‍ വരപ്പിച്ചു. ആറാം വയസ്സില്‍ ഞാന്‍ ജലച്ചായംകൊണ്ട് എനിക്കു തോന്നിയതൊക്കെ വരച്ചു. ഓര്‍മ്മയില്‍ നിന്ന് വകഞ്ഞെടുത്ത ദൃശ്യങ്ങള്‍ സൂക്ഷ്മമായി ഞാന്‍ ചിത്രങ്ങളാക്കി. പിയറി അത്ഭുതപ്പെട്ടു. പക്ഷേ പിയറിയെ അത്ഭുതപ്പെടുത്തിയ ഒരു ചിത്രം എന്റെ ജീവിതത്തിലെ വഴിത്തിരിവായി. പപ്പയും അദ്ദേഹത്തിന്റെ മോഡലായിരുന്ന മഡാം ഷാബ്രോളും നഗ്‌നരായി പ്രണയിക്കുന്നത് ഞാന്‍ വരച്ചു. പിയറിയും പപ്പയും മമ്മയും മകളുടെ പ്രതിഭകണ്ട് ആശ്ചര്യചകിതരായി.
ആ ചിത്രംകണ്ട് മമ്മ രാവിലെ മുതല്‍ വൈകുന്നേരംവരെ കരഞ്ഞു. പപ്പ സ്‌നേഹപൂര്‍വ്വം എന്റെ വലതു കൈയില്‍, ആ കൈകൊണ്ടാണ് ജീവിത സത്യങ്ങള്‍ ചിത്രപ്പെടുത്തിയത്, ഉമ്മവെച്ചു. അതിനുശേഷം എക്കോള്‍ ഡി ബ്യുവില്‍നിന്ന് അദ്ദേഹം കാനിലെ ഒരു പരസ്യക്കമ്പനിയിലേക്ക് പോയി. അവിടെ അദ്ദേഹം തന്നിഷ്ടപ്രകാരം കൈയില്‍കിട്ടിയ കാമുകിമാരെ പ്രാപിച്ചുകൊണ്ട് സ്വന്തം ജീവിതം ശിഥിലമാക്കി. എനിക്കു പതിനാല് വയസ്സുള്ളപ്പോള്‍ അദ്ദേഹം ഉഷ്ണപ്പുണ്ണ് വന്ന് മരിച്ചുപോയെന്ന് പിയറി പറഞ്ഞു. എക്കോള്‍ ദെ ബൂ ആര്‍ട്ട്‌സില്‍ എന്റെയും ഗുരുവായിരുന്നു പിയറി. അദ്ദേഹത്തിന് അന്ന് അറുപതു വയസ്സെങ്കിലും കാണും, പിയറിക്ക് അദ്ഭുതകരമായ കണ്ണുകളും കൈകളുമുണ്ടായിരുന്നു. അസാധാരണമാം മെലിഞ്ഞ വിരലുകള്‍ക്ക് സാധാരണയില്‍കവിഞ്ഞ നീളമുണ്ടായിരുന്നു. കണ്ണുകളില്‍ എല്ലായ്‌പ്പോഴും അപായകരമായ തെളിച്ചമുണ്ടായിരുന്നു. ആസക്തിയുടെ തിളക്കമെന്നാണ് മമ്മ അതിനെ വിശേഷിപ്പിച്ചിരുന്നത്. പാരിസില്‍ ഞാനും മമ്മയും താമസിച്ചിരുന്ന അപ്പാര്‍ട്‌മെന്റില്‍ പിയറി മിക്ക ഞായറാഴ്ചകളിലും വരും. മമ്മയുമായി സംസാരിച്ചിരിക്കും. ബ്രെഡും ബേക്കണും പൊട്ട് പുരിയും വൈനും ബ്രാണ്ടിയും ആയിരിക്കും ഞായറാഴ്ച്ച വിശേഷങ്ങള്‍. മമ്മ അപ്പോള്‍ പാരീസിലെ ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ അഡൈ്വസര്‍ ആയിരുന്നു. പതിമൂന്നാം വയസ്സില്‍ പിയറി എന്റെ ചിത്രങ്ങളുടെ ഒരു സോളോ നടത്തിച്ചു. എലിസബത്ത് വീ ഷി ലെബ്രോണ്‍, റോസ ബോണ്‍ഹര്‍ എന്നിവരെപ്പോലെയാണ് ജൂഡിത്ത് മോര്‍ഗന്‍ എന്ന് പിയറി പ്രകീര്‍ത്തിച്ചു.
എല്ലാ ഞായറഴ്ചകളിലും പിയറി മമ്മയെ നഗ്‌നയാക്കി പ്രണയിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരു കൗമാരക്കാരിക്ക് അതിശയം മാത്രമല്ല അനുഭൂതിയും നല്‍കുന്ന ദൃശ്യമായിരുന്നു അത്. അയാള്‍ മമ്മയുടെ മുലകള്‍ക്ക് അമിതപ്രാധാന്യം നല്കുന്നതുകണ്ടപ്പോള്‍ എനിക്ക് വയസ്സന്‍ മുലകുടിക്കുന്ന ചിത്രം ഓര്‍മ്മവന്നു. പീറ്റര്‍ പോള്‍ റൂബന്‍സിന്റെ ചിത്രം.
ഒരിക്കല്‍ മമ്മയോട് ഞാന്‍ കണ്ട കാര്യങ്ങള്‍ തുറന്നുപറഞ്ഞു. പിയറിയുടെ മോണ്‍സ്റ്റര്‍ ഭയപ്പെടുത്തുന്നതാണെന്ന് പറഞ്ഞു. പഴയ ചിത്രകഥയെക്കുറിച്ച് ഓര്‍ത്തുകാണും മമ്മ. മമ്മയുടെ കണ്ണുകളില്‍ ഭയമുണ്ടായിരുന്നു.
‘നീ ഈയിടെ വരച്ച ചിത്രങ്ങളെല്ലാം എനിക്ക് കാണണം.’ മമ്മ ആജ്ഞാപിച്ചു.
ഞാന്‍ ആ ദൃശ്യങ്ങള്‍ ചിത്രീകരിച്ചില്ലെന്ന് പറഞ്ഞുവെങ്കിലും മമ്മ സമ്മതിച്ചില്ല. എന്റെ നാപ്കിനുകള്‍ സൂക്ഷിക്കുന്ന സ്ഥലം പോലും അമ്മ അവഗണിച്ചില്ല. അവസാനം എന്റെ സകല ഡ്രോയിങ്ങുകളും പെയിന്റിങ്ങുകളും മമ്മ പുറത്തെടുത്തിട്ട് കത്തിക്കാന്‍ തീരുമാനിച്ചു.
‘നീയിനി ചിത്രമെഴുതേണ്ട. ജീവിക്കാന്‍ എത്രയോ ഉപാധികള്‍ വേറെയുണ്ട്.’
അന്നു തന്നെ ആ ചിത്രങ്ങള്‍ അമ്മ കത്തിക്കുമെന്ന് ഞാന്‍ കരുതി. ഞാന്‍ പിയറിയുടെ സ്റ്റുഡിയോയിലേക്ക് ഓടിച്ചെന്നു. മമ്മ എന്റെ ചിത്രങ്ങള്‍ കത്തിക്കാന്‍ പോകുന്നുവെന്ന് ഞാന്‍ അദ്ദേഹത്തോട് കരഞ്ഞു പറഞ്ഞു.
‘ഞാന്‍ ഇടപെടാം’ പിയറി പറഞ്ഞു.
‘നിന്റെ ചിത്രങ്ങള്‍ കത്തിച്ചാമ്പലാവുകയില്ല’ പിയറി ഉറപ്പു തന്നു.
എന്റെ ചിത്രങ്ങള്‍ കത്തിച്ചാമ്പലായില്ല. പക്ഷേ എന്റെ കൗമാരജീവിതത്തിന് അതുവരെ ലഭിക്കാത്ത പുതിയ അനുഭവം പിയറി നല്‍കി. മമ്മയും ഞാനും പിയറിയുടെ പ്രണയദാഹത്തിനു വഴിപ്പെട്ടു. എന്റെ കൗമാരകാലം വരെയുള്ള ചിത്രങ്ങള്‍ അങ്കിള്‍ പിയറിയുടെ മുറിയില്‍ സുരക്ഷിതമായി. ആ ചിത്രങ്ങള്‍ ഇപ്പോള്‍ മമ്മ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
വീട്ടില്‍ മമ്മയും ഞാനും പിയറിയുടെ വെപ്പാട്ടികളായിരുന്നു. മമ്മയും ഞാനും മുന്‍കരുതലുകള്‍ എടുത്തതുകൊണ്ട് കുഞ്ഞുങ്ങളുണ്ടായില്ല. അയാളുമൊത്തുള്ള സെക്‌സ് എനിക്കു ആസ്വാദ്യകരമായ പ്രക്രിയ അല്ലായിരുന്നു.
അങ്ങിനെയിരിക്കെ മമ്മക്ക് ജെനീവയിലേക്ക് ജോലിമാറ്റം ലഭിച്ചു. ജെനീവയിലെ പുതിയൊരു ഇന്‍ഷൂറന്‍സ് കമ്പനിയിലായിരുന്നു നിയമനം. മമ്മ എന്നെയുംകൊണ്ട് ജെനീവയിലേക്ക് പോകാന്‍ തീരുമാനിച്ചു. മമ്മയോട് എന്റെ ചിത്രങ്ങള്‍ പിയറിയില്‍ നിന്ന് വാങ്ങിക്കണമെന്ന് ഞാന്‍ പറഞ്ഞു. ആ ദിവസം മുഴുവന്‍ ആ കാമഭ്രാന്തന്‍ മമ്മയെ കീഴ്‌പെടുത്തി. ഞങ്ങള്‍ ജെനീവയിലേക്ക് പോകുകയാണെന്ന് അയാള്‍ക്കറിയാമായിരുന്നു. ആ ചിത്രങ്ങള്‍ തിരിച്ചു തരാന്‍ അയാള്‍ പുതിയ ഉപാധി മുന്നോട്ടു വെച്ചു ഞാന്‍ അയാള്‍ക്കൊപ്പം ഒരു ദിവസംമുഴുവന്‍ ശയിക്കണം. പുതിയ കാമശമന വ്യായാമങ്ങള്‍ എന്നില്‍ പ്രയോഗിക്കാന്‍ പോകുന്നുവെന്ന് അയാള്‍ മമ്മയോട് പറഞ്ഞു.
മമ്മ അന്നു രാത്രി പിയറിയുടെ സ്റ്റുഡിയോയില്‍ പോയി. അയാള്‍ക്കൊപ്പം മദ്യപിച്ചു. രാത്രി വൈകി എന്നെ അയാള്‍ക്കൊപ്പം ശയിക്കാന്‍ പറഞ്ഞയക്കാമെന്ന് മമ്മ പറഞ്ഞുകാണും. അയാള്‍ അത് വിശ്വസിച്ചുകാണും. അയാള്‍ക്ക് ബോധം നഷ്ടപ്പെട്ടുതുടങ്ങിയപ്പോള്‍ കൈയിലുണ്ടായിരുന്ന വെളുത്ത പൊടി മമ്മ അയാളുടെ ചഷകത്തിലിട്ടു. അരമണിക്കൂര്‍കൊണ്ട് അയാള്‍ സോഫയില്‍ ഒരു തേരട്ടയെപ്പോലെ ചുരുണ്ടുകൂടി. അയാള്‍ എപ്പോള്‍ ഉണരുമെന്ന് അല്ലെങ്കില്‍ ഇനി എപ്പോഴെങ്കിലും ഉണരുമോയെന്ന് മമ്മക്ക് അറിഞ്ഞുകൂടായിരുന്നു. ഒരു ഉറപ്പിനായി മമ്മ അയാളെ ചരടുകൊണ്ട് കസേരയില്‍ ചേര്‍ത്ത് കെട്ടിയിട്ടു. രാത്രി ഏകദേശം ഒന്‍പതു മണിയായിരുന്നു അപ്പോള്‍.
അന്നു രാത്രിതന്നെ ഞങ്ങള്‍ അയാളുടെ സ്റ്റുഡിയോയില്‍ സൂക്ഷിച്ചിരുന്ന എന്റെ ചിത്രങ്ങളെല്ലാം കെട്ടിപ്പെറുക്കി. മൂന്നു വയസ്സുമുതല്‍ ഞാന്‍ വരച്ച ചിത്രങ്ങള്‍പോലും അതിലുള്‍പ്പെട്ടിരുന്നു. അത്യാവശ്യം വസ്ത്രങ്ങളും മറ്റു സാധനങ്ങളുമെടുത്ത് മമ്മ കാറില്‍ കയറ്റി. ഒരു മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ അവിടെ നിന്ന് രക്ഷപ്പെട്ടു.’
ജൂഡിത്ത് കഥക്ക് ചെറിയൊരു ഇടവേള കണ്ടെത്തി. അവള്‍ മേശപ്പുറത്തുനിന്ന് ഗ്ലാസെടുത്ത് അതിലുണ്ടായിരുന്ന മദ്യം ഒരിറക്ക് കുടിച്ചു.
‘അന്ന് നീ കാറോടിക്കുമായിരുന്നോ?’ ചാരുമതി ചോദിച്ചു.
‘ഞാന്‍ കാറോടിക്കാന്‍ പഠിച്ചിരുന്നു. ഇടക്ക് മമ്മക്കൊപ്പം ഞാന്‍ നോര്‍മണ്ടിയിലേക്കും മാഴ്‌സിയിലേക്കും പോകുമായിരുന്നു. ഹൈവേയില്‍ തിരക്ക് കുറവുള്ള സമയത്ത് മമ്മ എനിക്ക് ഡ്രൈവ് ചെയ്യാന്‍ തരുമായിരുന്നു. പപ്പ വാങ്ങിയതായിരുന്നു ആ കാര്‍. പോര്‍ഷെ കമ്പനി പുറത്തിറക്കിയ അക്കാലത്തെ മികച്ച വേരിയന്റുകളില്‍ ഒന്നായിരുന്നു ആ കാര്‍.’
‘എന്നിട്ട്? അന്നു രാത്രി?’
ചാരുമതിയുടെ ജിജ്ഞാസ.
അവള്‍ കഥ തുടര്‍ന്നു.
‘അന്നു രാത്രി ഏകദേശം പന്ത്രണ്ടു മണിയായപ്പോള്‍ ഞങ്ങള്‍ സെമുര്‍ എന്‍ ഒക്‌സോയ് എന്ന ചെറുപട്ടണത്തിലെത്തി. നിരത്തില്‍ വാഹനങ്ങള്‍ കുറവ്. അതുമൂലം വണ്ടിയോടിക്കാന്‍ മമ്മക്ക് ബുദ്ധിമുട്ടില്ലായിരുന്നു. പക്ഷേ ഉറക്കം വരുന്നുണ്ടായിരുന്നു. ഏകദേശം പത്തുമിനിറ്റ് കൂടി മുന്നോട്ടു പോയപ്പോള്‍ വഴിയോരത്തു വലിയൊരു ഹോട്ടല്‍ കണ്ടു. ഷാത്തോ ദെ ഫ്‌ളാമറന്‍സ്. വിശപ്പില്ലെങ്കിലും ഞങ്ങളുടെ ശരീരത്തിനും മനസ്സിനും വിശ്രമം അത്യാവശ്യമായിരുന്നു.
ഞങ്ങള്‍ ഹോട്ടലിലേക്ക് കയറി. ഒരു ഹെറിറ്റേജ് ഹോട്ടല്‍ ആയിരുന്നു അത്. ഒരു ചുവന്ന മുടിക്കാരിയായിരുന്നു റിസപ്ഷനില്‍. അവര്‍ ഞങ്ങള്‍ക്ക് നല്ലൊരു മുറി ഏര്‍പ്പാട് ചെയ്തു തന്നു. ഹോട്ടലില്‍ അത്താഴം അവസാനിച്ചിരുന്നതിനാല്‍ കൈയില്‍ കരുതിയിരുന്ന ബ്ലാക്ക് കോഫിയും ബിസ്‌കറ്റും കഴിച്ചു ഞങ്ങള്‍ മുറിയിലേക്ക് പോയി.
അതിവിശാലമായ ആ മുറിയില്‍ കയറി വസ്ത്രം മാറിയശേഷം ഞങ്ങള്‍ കിടന്നു. രാവിലെ അഞ്ചു മണിക്ക് വിളിക്കണമെന്ന് മമ്മ റൂം സര്‍വീസില്‍ പറഞ്ഞേല്‍പ്പിച്ചു. വര്‍ഷങ്ങള്ക്കുശേഷം ഇതാദ്യമായി മമ്മയുടെ തൊട്ടടുത്തുള്ള കിടക്കയില്‍ ഞാന്‍ കിടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ മമ്മ എന്നെ കെട്ടിപ്പിടിച്ചു.
മമ്മ കരയുന്നുണ്ടായിരുന്നു. പൊതുവെ കരച്ചിലിനോട് ഒട്ടും പ്രിയമില്ലാത്ത എനിക്കും അപ്പോള്‍ കരയണമെന്നു തോന്നി. ഞാന്‍ കരയുകയാണെന്ന് മനസ്സിലായതോടെ മമ്മയുടെ തേങ്ങലിന് ആക്കം കൂടി.
ആ കരച്ചിലിനൊടുവില്‍ ഞാന്‍ ഉറങ്ങിപ്പോയി.
റൂം സര്‍വിസ് അഞ്ചുമണിക്ക് തന്നെ ഞങ്ങളെ വിളിച്ചുണര്‍ത്തി. ആറുമണിക്ക് മുന്നെ ഞങ്ങള്‍ മുറി വിട്ട് പുറത്തിറങ്ങി.
ഹൈവേയില്‍ നേരം പ്രകാശമായിട്ടില്ലായിരുന്നു.
കുറച്ചുദൂരം പിന്നിട്ടപ്പോള്‍ മമ്മ ചോദിച്ചു:
‘നീ ഡ്രൈവ് ചെയ്യുന്നോ?’
ഞാന്‍ ആകാമെന്ന് തലയാട്ടി.
ഞങ്ങള്‍ സീറ്റ് പരസ്പരം മാറി.
ഞങ്ങളുടെ കാര്‍ ഗ്രാമങ്ങളും ചെറിയ പട്ടണങ്ങളും പിന്നിട്ടുകൊണ്ടിരുന്നു. അകലെ മലനിരകള്‍ തെളിയുന്നത് ഞാന്‍ കണ്ടു.അതിരാവിലെ പാല്‍ കൊണ്ടു പോകുന്ന വണ്ടികളും സൈക്കിളുകളും ഞങ്ങളെ കടന്നു പോയി നീലപ്പുകപോലെ ആല്‍പ്‌സിന്റെ ശിരോരേഖകള്‍ ഞങ്ങള്‍ക്ക് മുന്നിലെ അനന്തതയില്‍ പ്രത്യക്ഷപ്പെട്ടു. മമ്മ വലിയൊരു ബ്ലാങ്കറ്റ് കൊണ്ട് ശരീരം മൂടിയിരുന്നു. ആ വസ്ത്രത്തിനുള്ളില്‍ ഒരു ബാര്‍ബി ഗേളിനെ ഒളിപ്പിച്ചുവെച്ചതുപോലിരുന്നു മമ്മ.
‘ഇനി രണ്ടു മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ നമുക്ക് സ്വിസ് അതിര്‍ത്തിയിലെത്താം.’ മമ്മ സമാധാനിച്ചു
എട്ടുമണിയായപ്പോള്‍ ഞങ്ങള്‍ ചെറിയൊരു പട്ടണത്തിലെത്തി. ആന്നെസി. പഴയശൈലിയിലുള്ള കെട്ടിടങ്ങളും ജനപഥങ്ങളുമുള്ള പട്ടണം. പട്ടണത്തിന്റെ കവല കടന്നപ്പോള്‍ മമ്മ വണ്ടി ഇടതു വശത്തേക്ക് ഒതുക്കാന്‍ പറഞ്ഞു. മുന്നില്‍ ഇടതു വശത്തുള്ള ഒരു ഇടത്തരം റെസ്റ്റോറന്റ് ചൂണ്ടിക്കാട്ടി, മമ്മ.
കഫെ ദു മോണ്ടി.
‘നമുക്കീ റെസ്റ്റോറന്റില്‍ കയറി ബ്രേക്ക്ഫാസ്റ്റ് കഴിക്കാം.’
ഇടത്തരം റെസ്റ്റോറന്റാണെങ്കിലും സാമാന്യം സൗകര്യങ്ങളും വൃത്തിയും വെടിപ്പും ഉണ്ടവിടെ.
‘ഇവിടെ നിന്ന് നന്നായി കഴിച്ചേക്കണം. ഇനി അതിര്‍ത്തി കഴിഞ്ഞേ നമ്മള്‍ വണ്ടി നിര്‍ത്തുകയുള്ളൂ.’
റെസ്റ്റോറന്റില്‍ നിന്നിറങ്ങി അര മണിക്കൂര്‍ ഞാന്‍ ഡ്രൈവ് ചെയ്തു കഴിഞ്ഞപ്പോള്‍ മമ്മ ഡ്രൈവ് ചെയ്യാമെന്ന് പറഞ്ഞു. മമ്മ ഡ്രൈവിംഗ് ഏറ്റെടുത്തതോടെ എനിക്കു വഴിയോര കാഴ്ചകള്‍ കാണാനുള്ള അവസരമായി.
‘നീ എന്തെങ്കിലും പറ. എനിക്കു വല്ലാതെ ബോറടിക്കുന്നു.’
ഞാന്‍ പുഞ്ചിരിച്ചു. കുറച്ചുകാലത്തിനുശേഷം ഞാന്‍ വിടര്‍ത്തുന്ന ആദ്യത്തെ പുഞ്ചിരിമായി .
‘നിനക്ക് അത്ര പെട്ടെന്ന് വാക്കുകള്‍ വരില്ലെന്ന് എനിക്കറിയാം.’ മമ്മ.
ഞങ്ങള്‍ ആന്നെസി തടാകത്തിന്റെ മുകളിലൂടെയുള്ള പാലത്തിലൂടെ കടന്നുപോന്നു. ഇപ്പോള്‍ തടാകത്തില്‍ സൂര്യരശ്മികള്‍ തിളങ്ങുന്നു. ഞങ്ങള്‍ കടന്നുപോകുന്നത് ഒരു നാട്ടിന്‍പുറത്തുകൂടെയാണെന്ന് കുറച്ചു മുന്നോട്ടു പോയപ്പോള്‍ എനിക്കു തോന്നി. ഇപ്പോഴും കാറ്റിന് തണുപ്പുണ്ട്.
ഞാന്‍ അല്‍പനേരം മയങ്ങിയെന്ന് മമ്മ വിളിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത്. വാഹന പരിശോധനയാണ്. അതിര്‍ത്തിയില്‍ എത്തിയിരിക്കുന്നു. കോണ്‍ട്രാ ബാന്‍ഡ് സാധനങ്ങള്‍ കടത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്ന സംഘം.
ഒരു സ്വിസ് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഞങ്ങളുടെ കാറിനടുത്തേക്കുവന്നു. സുന്ദരനായ ചെറുപ്പക്കാരന്‍.
അയാള്‍ താക്കോല്‍ വാങ്ങി കാറിന്റെ ഡിക്കി പൊക്കി നോക്കി. ചിത്രങ്ങള്‍ ചുരുട്ടി വെച്ചത് തുറന്നു നോക്കി അയാള്‍. ഡിക്കി അടച്ചു താക്കോല്‍ തിരികെ ഏല്‍പ്പിക്കുമ്പോള്‍ അയാള്‍ ആകര്‍ഷകമായ പുഞ്ചിരിയോടെ ചോദിച്ചു:
‘ആരാണ് ചിത്രകാരി?’
മമ്മ എന്നെ ചൂണ്ടിക്കാട്ടി. അയാളുടെ കണ്ണില്‍ അത്ഭുതം.
‘എവിടേക്ക്?’
‘ജെനീവ.’ ഇത്തവണ ഞാനാണ് മറുപടി പറഞ്ഞത്.
‘ചിത്രങ്ങള്‍ ഗംഭീരം.’ അയാള്‍ പറഞ്ഞു. ‘ഗേറ്റ് കടന്നാല്‍ ജംഗ്ഷനില്‍ നിന്ന് വലത്തോട്ട്.’
ഞാന്‍ അയാള്‍ക്ക് നന്ദി പറഞ്ഞു.
ജെനീവയിലെ ഏജന്‍സി ആഷ്വറന്‍സ് എന്ന സ്ഥാപനത്തിന്റെ ഓഫീസില്‍ ഞങ്ങള്‍ എത്തുമ്പോള്‍ ഉച്ചക്ക് ഒരു മണി ആകാറായിരുന്നു. അവിടത്തെ ചീഫ് ഓഫ് ഓപ്പറേഷന്‍സിന്റെ അഡൈ്വസര്‍ ആയിട്ടാണ് മമ്മയുടെ പുതിയ ജോലി. പുതിയ വീട് കണ്ടെത്തുന്നതുവരെ കമ്പനി ഒരുഅപ്പാര്‍ട്‌മെന്റ് നല്കും. കമ്പനിയുടെ തൊട്ടടുത്തുതന്നെയായിരുന്നു ആ അപാര്‍ട്ട്‌മെന്റ് സമുച്ചയം.
മൂന്നു ദിവസത്തിനുള്ളില്‍ മമ്മ പുതിയൊരു വീട് കണ്ടെത്തി. ജനീവയുടെ തിരക്കില്‍നിന്ന് മാറി നാട്ടിന്‍പുറമെന്ന് തോന്നിക്കുന്ന സ്ഥലത്തായിരുന്നു അത്. മമ്മ എന്റെ ഉപരിപഠനത്തിനാവശ്യമായ കാര്യങ്ങള്‍ നേരത്തെ അന്വേഷിച്ചുവെച്ചിരുന്നു.
സൂറിച്ചിലെ യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്‌സില്‍ എനിക്കു പ്രവേശനം ലഭിച്ചു. നാലു വര്‍ഷം ഞാന്‍ അവിടെ പെയ്ന്റിങ്ങ് പരിശീലിച്ചു.അവിടെ പഠിക്കുമ്പോള്‍ ലൂഷിയന്‍ ഫ്‌റോയ്ഡിന്റെ ഡെമൊ നേരിട്ട് കാണുവാന്‍ എനിക്കവസരം ലഭിച്ചു.ഡേവിഡ് ഹോക്ക്‌നിയും ഒരു തവണ ഞങ്ങളുടെ സ്‌കൂളില്‍ വരികയുണ്ടായി.ചുവന്നു കൊഴുത്ത കൗമാരം പിന്നിടാത്ത ഒരു ചെറുക്കന്‍ സദാ ഡേവിഡിനെ ചുറ്റിപ്പറ്റി.രണ്ടു വര്‍ഷമായി ഡേവിഡിനൊപ്പം ജീവിക്കുന്ന ഇണ.
നാലു വര്‍ഷത്തെ പഠനം കഴിഞ്ഞ് അവിടെ നിന്ന് പുറത്തിറങ്ങിയ എനിക്ക് പാരീസിലെ എക്കോള്‍ ദേ ബ്യുക്‌സ് ആര്‍ട്‌സില്‍ എന്ന പ്രശസ്തമായ ആര്‍ട്‌സ് സ്‌കൂളില്‍ പ്രവേശനം ലഭിച്ചു. അവിടെ ഞാന്‍ മൂന്നു വര്‍ഷം പഠിച്ചു. സീന്‍ നദിക്കരയിലുള്ള ഒരു ചെറിയ വീട് വാടകക്കെടുത്ത് ഞാന്‍ ഒരു സ്റ്റുഡിയോക്ക് രൂപം നല്‍കി. എന്റെ സുഹൃത്തും എക്കോള്‍ ദേ ബ്യുക്‌സ് ആര്‍ട്‌സില്‍ സഹപാഠിയുമായിരുന്ന ആന്ദ്രേ ലിബ്രണും എന്നോടൊപ്പം ചേര്‍ന്നു. ആന്ദ്രെയും ഞാനും ഇടക്കിടെ പരസ്പരം മോഡലുകളായി. സ്വിറ്റ്‌സര്‍ലണ്ടുകാരിയായിരുന്നു അന്ദ്രെയുടെ മമ്മ,പപ്പ സ്വീഡിഷ് മമ്മയുടെ വലിയ കണ്ണുകളാണ് തനിക്ക് കിട്ടിയിട്ടുള്ളതെന്ന് പലപ്പോഴും അഹങ്കാരത്തോടെ അവന്‍ പറയും.
ശാരീരികമായി ഞങ്ങള്‍ക്ക് അനിവാര്യമായ അടുപ്പമുണ്ടായിരുന്നുവെങ്കിലും വൈകാരികമായ കെട്ടുപാടുകള്‍ ഉണ്ടാകില്ല എന്ന് ഞങ്ങള്‍ ആദ്യമേ തീരുമാനിച്ചിരുന്നു. ഗ്രോത്ത് എന്ന സ്ട്രിന്‍ഡ്‌ബെര്‍ഗ് കഥ ആന്ദ്രേ ഇടക്കിടെ എന്നെ ഓര്‍മിപ്പിച്ചു. അതുമൂലം ഞാന്‍ ഗര്‍ഭിണിയായില്ല.’
ജൂഡിത്ത് ഒരു വലിയ കോട്ടുവായ് കൊണ്ട് രണ്ട് ശ്രോതാക്കളുടെ കുതൂഹലത്തിന് അന്ത്യംകുറിച്ചു.
(തുടരും)
Copy Right Reserved