മധുമതി
ബെല്‍ അമി | അദ്ധ്യായം 16 | രാജന്‍ തുവ്വാര
മറാത്താ ഭവനിലെ ചടങ് ആര്‍ഭാടരഹിതമായിരുന്നു.
ഒരു മണിക്കൂര്‍ ദൈര്‍ഘ്യം. പ്രാര്‍ത്ഥന, സ്വാഗത പ്രസംഗം എന്നിവക്ക് ആറോ ഏഴോ മിനിറ്റ്. അധ്യക്ഷന്‍ മറാത്താ സാഹിത്യ അക്കാദമി പ്രസിഡന്റ് ഡോ. ചന്ദ്രവര്‍ക്കാര്‍. അഞ്ചുമിനിറ്റുകൊണ്ട് അദ്ദേഹം മുല്‍ക്രാജ് ആനന്ദിനെക്കുറിച്ചും പുരസ്‌കാര ജേതാവിനെക്കുറിച്ചും വിട്രിയോള്‍ എന്ന കൃതിയെക്കുറിച്ചും കൃത്യമായി സംസാരിച്ചു. ഇന്‍ഡോ ആംഗ്ലിയന്‍ ഫിക്ഷനില്‍ വിട്രിയോള്‍ വേറിട്ടു നില്‍ക്കുന്നത് പകയെന്ന പ്രമേയത്തെ രാജ്യാന്തരമായി ഉപയോഗിക്കുന്നതുകൊണ്ടാണ്. മരിച്ചുകഴിഞ്ഞാലും പക ഒരു മനോവൈകൃതമായി നിലനില്‍ക്കുന്നതിനെകുറിച്ചുള്ള അന്വേഷണമാണീ പുസ്തകമെന്ന് അദ്ദേഹം പറഞ്ഞു വെച്ചു. ഇരുപത്തിയഞ്ചു വര്‍ഷം മുന്‍പ് ലോണാവാലയില്‍ ഞങ്ങള്‍ രണ്ടുദിവസം ഒരുമിച്ചു താമസിച്ചതിനെക്കുറിച്ച് ഓര്‍ത്തെടുത്തുവെന്നതാണ് ആ പ്രഭാഷണത്തിലേ കൗതുകമൂറുന്ന കാര്യങ്ങളിലൊന്ന്.
പുരസ്‌കാര സമിതി അധ്യക്ഷന്‍ രാമചന്ദ്ര മഹാപാത്ര പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. രണ്ടു മൂന്നു പുസ്തകങ്ങള്‍ കൊണ്ട് ഇന്‍ഡോ ആംഗ്ലിയന്‍ സാഹിത്യത്തിലെ അതിശയനായി മാറിക്കൊണ്ടിരിക്കുന്നു വിജയചന്ദ്രന്‍ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പത്രപ്രവര്‍ത്തന രംഗത്തു വിജയചന്ദ്രന്‍ നല്‍കിയ ക്രിയാത്മകമായ സംഭവനകളെക്കുറിച്ചു പരാമര്‍ശിച്ച അദ്ദേഹം തന്നെ പ്രശസ്തി പത്രവും വായിച്ചു.
പതിവില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ പുരസ്‌കാര സമര്‍പ്പണം നടത്തിയത് കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷ മഹിമ ഗോസ്വാമി.
വിട്രിയോള്‍ പുറത്തിറങ്ങിയ സമയത്ത് വായിച്ചതാണെന്ന് മഹിമ അവരുടെ പ്രസംഗത്തില്‍ പറഞ്ഞു. പ്രശസ്ത ചിത്രകാരിയായ മധുമതിയാണ് ഈ കൃതി തനിക്ക് വായിക്കാന്‍ തന്നതെന്നും അവര്‍. ഏതാനും വാക്കുകളില്‍ എന്റെ മറുമൊഴി.
പുരസ്‌കാര സമിതി നല്‍കിയ വിരുന്ന് വികാസ് ഭവനിലെ ചെറിയ ഹാളില്‍ വെച്ചായിരുന്നു. പുരസ്‌കാര സമിതി അംഗങ്ങള്‍ക്കൊപ്പമിരുന്ന് ഞാന്‍ മദ്യപിച്ചു കൊണ്ടിരിക്കെ ഒരു സ്ത്രീ എന്റെ അടുത്തുവന്നു. നേരിയ വെളിച്ചത്തില്‍ മധുമതിയെ തിരിച്ചറിയാന്‍ എന്റെ കണ്ണുകള്‍ കൂടുതല്‍ സമയമെടുത്തു.
‘വിജയ്ചന്ദ്രനു ബഹുമതി ലഭിക്കുന്നത് രാത്രിയിലായാലും പകലായാലും എനിക്ക് പങ്കെടുക്കതിരിക്കാനാവില്ല’എന്നെ നോക്കി മന്ദഹസിച്ചുകൊണ്ട് മധുമതി പറഞ്ഞു.
ഞാന്‍ എഴുന്നേറ്റ് അവള്‍ക്ക് കൈകൊടുത്തു. അവള്‍ എന്റെ തൊട്ടപ്പുറത്തായി ഒഴിഞ്ഞുകിടന്ന കസേരയിലിരുന്നുകൊണ്ട് ചോദിച്ചു:
‘ഇന്ന് മടങ്ങുമോ?’
‘ഇല്ല, നാളെ രാവിലത്തെ ഫ്‌ളൈറ്റിന്.’
‘വേറെ എന്തെങ്കിലും പ്രോഗ്രാമുണ്ടോ?’
പ്രത്യേകാല്‍ ഇല്ല. രണ്ടു മൂന്നു സുഹൃത്തുക്കള്‍ ഇവിടെ വരും. അവരുമൊത്തു കുറച്ചു നേരം. അതു കഴിഞ്ഞാല്‍ ഹോട്ടലില്‍ പോകും.’
‘എങ്കില്‍ അതു നടക്കട്ടെ. ഞാന്‍…’
അവര്‍ പോകാനൊരുങ്ങിയപ്പോള്‍ ഞാന്‍ ഇടപെട്ടു:
‘അതുസാരമില്ല. എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ പറഞ്ഞോളൂ. ഞാന്‍ പെട്ടെന്ന് ഫ്രീ ആകാം.’
അവിടെ വെച്ച് സംസാരിക്കാന്‍ മടിയുള്ളതു പോലെ ശങ്കിച്ചു നിന്നുകൊണ്ട് അവര്‍ ചോദിച്ചു:
‘ഏത് ഹോട്ടലിലാ താമസിക്കുന്നത്?’
‘ലീല പെന്റാ.’
കുറച്ചുനേരത്തേക്ക് അവരൊന്നും മിണ്ടിയില്ല. പിന്നെ മടിച്ചു മടിച്ച് അവര്‍ ശബ്ദം താഴ്ത്തിക്കൊണ്ട് ചോദിച്ചു:
‘വിജയ് മറ്റൊന്നും വിചാരിക്കരുത് ഞാന്‍ അവിടെ വന്നാല്‍ എനിക്കല്പനേരം സംസാരിക്കാന്‍ കഴിയുമോ?’
‘തീര്‍ച്ചയായും വരൂ. അല്‍പനേരം കാത്തുനില്ക്കുകയാണെങ്കില്‍ നമുക്ക് ഒരുമിച്ചു പോകാം.’
അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മുന്‍പ് മുംബൈയില്‍ ഒപ്പം ജോലി ചെയ്തിരുന്ന രണ്ടു സുഹൃത്തുക്കള്‍ അവിടെ എത്തി. അരവിന്ദ് ഷേണായ് ഇപ്പോള്‍ ഫ്രീ പ്രസ്സില്‍ കാര്‍ട്ടൂണിസ്റ്റ് ആയി ജോലി ചെയ്യുന്നു, മനീഷ് ഗോയല്‍ ടൈംസ് നേഷന്‍ ന്യൂസില്‍ ലീഗല്‍ എഡിറ്റര്‍.
എന്നോട് സംസാരിച്ചുകൊണ്ട് നില്‍ക്കുന്നതിനിടയിലാണ് അരവിന്ദ് മധുമതിയെ കണ്ടത്. അയാള്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു സുഹൃത്തിനോടെന്നപോലെ അതിശയത്തോടെ അവരുടെ അടുത്തേക്ക് ചെന്നുകൊണ്ട് അഭിവാദ്യം ചെയ്തു.
അവള്‍ ഒരു കസേരയിലിരുന്ന് മദ്യം ഇടക്കിടെ ചുണ്ടോടടുപ്പിച്ചു. അതിനിടയില്‍ ഡോ. ചന്ദ്രവര്‍ക്കാര്‍ അവളോട് യാത്ര പറഞ്ഞിറങ്ങുന്നത് കണ്ടു.
ഞങ്ങള്‍ സുഹൃത്തുക്കള്‍ സംസാരിച്ചുകൊണ്ടിരിക്കെ അവള്‍ ഇടക്കിടെ മദ്യം നിറച്ച ഗ്ലാസ് ചുണ്ടോടടുപ്പിച്ചുകൊണ്ടിരുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ പുറത്തേക്കിറങ്ങുവാന്‍ തീരുമാനിച്ചു.
പുറത്തേക്കിറങ്ങുമ്പോള്‍ ഞാന്‍ മധുമതിയുടെ അടുത്തേക്ക് ചെന്നു.
‘മധുമതി, ഇറങ്ങാം?’
‘പോകാം.’
അവര്‍ എന്നോടൊപ്പം പുറത്തേക്കിറങ്ങി. എന്റെ പ്രായമുണ്ടെങ്കിലും എത്ര ഊര്‍ജസ്വലയാണവള്‍. ഇന്ന് എന്നേക്കാള്‍ ഏറെ മദ്യപിച്ചിട്ടുണ്ട് അവള്‍.
‘നമുക്ക് റോഡിലേക്കിറങ്ങി ഒരു ഓട്ടോ വിളിച്ചു പോകാം…’ മധുമതി പറഞ്ഞു.
രാത്രയില്‍ നഗരത്തിലെ വെള്ളി വെളിച്ചത്തിലൂടെ ഓട്ടോ മുരണ്ടുകൊണ്ട് നീങ്ങി. ഇടക്ക് ഓട്ടോ കുലുങ്ങിയപ്പോള്‍ മധുമതിയുടെ ശരീരം എന്റെ ശരീരത്തോട് ചേര്‍ന്നു, വേര്‍പ്പെട്ടു. അവരുടെ ശരീരത്തില്‍ മനസ്സിനെ മയക്കുന്ന എന്തോ ലേപനം പുരട്ടിയിട്ടുണ്ടെന്ന് എനിക്ക് തോന്നി.
ലീല പെന്റാ യുടെ മുന്നില്‍ ഓട്ടോയില്‍ നിന്നിറങ്ങി ഞങ്ങള്‍ ഹോട്ടലിനകത്തേക്ക് നടന്നു.
‘വിജയ് വരുന്നത് എനിക്കറിയാമായിരുന്നു.’
അവള്‍ ചെറുതായി കിതച്ചുകൊണ്ട് പറഞ്ഞു. അവളുടെ കിതപ്പു കണ്ടപ്പോള്‍ ഞാന്‍ നടത്തം സാവധാനമാക്കി.
‘നമ്മള്‍ അടുപ്പിച്ച് ഇത് രണ്ടാമത്തെ തവണയാണ് കാണുന്നത്.’
‘അതെ..’
ഞാന്‍ ഓര്‍ത്തെടുത്തത് മധുമതി ശരിവെച്ചു.
മുറി തുറന്നു അകത്തു കയറി ബ്രീഫ് കേസ് കട്ടിലിലേക്കിട്ടുകൊണ്ട് ഞാന്‍ അവരെ സെറ്റിയില്‍ ഇരിക്കാന്‍ ക്ഷണിച്ചു.
‘താങ്ക് യു.’
ഞാന്‍ അവര്‍ക്ക് അഭിമുഖമാകുംവിധം കട്ടിലില്‍ ഇരുന്നു.
‘കുറച്ചു വെള്ളം കിട്ടുമോ?’
‘പിന്നെന്താ?’
മിനി ഫ്രിജിഡിയാര്‍ തുറന്ന് അതിലിരുന്ന ബോട്ടില്‍ ഞാന്‍ അവര്‍ക്കു കൊടുത്തു.
‘വിജയ് ഞാന്‍ അവിടെവെച്ച് ഇമോഷണല്‍ ആയാല്‍ ആളുകള്‍ എന്തു വിചാരിക്കുമെന്ന് കരുതിയാണ് ഇവിടെ വരാമെന്ന് ഞാന്‍ പറഞ്ഞത്. എനിക്ക് വലിയ മതിപ്പുണ്ടായിപ്പോയി എന്നതാണ് എന്റെ ഇപ്പോഴത്തെ ആധി. ഒന്ന് തുറന്ന് ഇമോഷണലാവാന്‍ വയ്യ.’
ഞാന്‍ അവളുടെ മുഖത്ത് നോക്കി ചെറിയൊരു പുഞ്ചിരി വരുത്താന്‍ ശ്രമിച്ചു.
‘മുന്നുവിന്റെ എക്‌സിബിഷന്‍ നടന്ന കാര്യമെല്ലാം ഞാനറിഞ്ഞു. വിജയ് മുന്‍കൈ എടുത്താണ് അത് സംഘടിപ്പിച്ചതെന്ന് എസ് ജി വി എന്നോട് പറഞ്ഞു. എന്റെ മകളാണെന്ന് അയാള്‍ക്കറിയില്ലായിരുന്നു. അഞ്ജലിയും അതറിഞ്ഞുകാണില്ല. അറിഞ്ഞിരുന്നെങ്കില്‍ അവള്‍ ഒഴിഞ്ഞുമാറിയേനെ.”
‘ഉം…’ ഞാന്‍ മൂളി. ‘അവളൊരു ബ്രില്ലിയന്റ് പെയിന്ററാണ്. എനിക്കത് ഒരൊറ്റ ചിത്രം കണ്ടപ്പോള്‍ മനസിലായി. അത് അവഗണിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചു. അഞ്ജലിയെയും എസ് ജി വി യേയും ഞാന്‍ തന്നെ ക്ഷണിച്ചുവരുത്തി. അഞ്ജിലിയോട് ഞാന്‍ നിന്റെ മകളാണ് ചിത്രകാരിയെന്ന് മനപ്പൂര്‍വ്വം പറയാതിരുന്നതാണ്.’
അവര്‍ എന്നെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അവരുടെ മുഖത്ത് സങ്കടവും ആത്മനിന്ദയും നിറയുന്നത് ഞാന്‍ കണ്ടു.
‘ഈ വരുന്ന പതിനഞ്ചിന് ബാംഗ്ലൂരില്‍ അവളുടെ എക്‌സിബിഷന്‍ ഉണ്ട്. ജൂഡിത്ത് മോര്‍ഗന്‍ എന്ന ഫ്രഞ്ച് പെയ്ന്ററുമായി ചേര്‍ന്നുള്ള എക്‌സിബിഷന്‍. അതിനൊരു സെലിബ്രിറ്റിയെ തപ്പി നടക്കുകയാണ് ഞാന്‍.’
മധുമതിയുടെ കണ്ണ് നിറഞ്ഞൊഴുകാന്‍ തുടങ്ങി.
‘മധുമതി, ഇങ്ങനെ കരയാനെന്തുണ്ടായി?’
എന്റെ ഉല്‍ക്കണ്ഠ അവള്‍ കേട്ടതായി തോന്നുന്നില്ല. അവള്‍ കരച്ചില്‍ തുടര്‍ന്നു. മുഖം പൊത്തിയ കൈവിരലുകള്‍ക്കിടയിലൂടെ കണ്ണീര്‍ ചാലുകള്‍ ഒഴുകി. മുറിയിലെ വെളിച്ചത്തില്‍ ആ ചാലുകള്‍ തിളങ്ങി.
ആരെയും കൂസാത്ത വിശ്വോത്തര ചിത്രകാരി ഇപ്പോഴിതാ എന്റെ മുന്നിലിരുന്നു കരയുന്നുവെന്ന് ചാരുമതിയെ വിളിച്ചു പറഞ്ഞാലോ എന്ന് എന്റെ കുടില മനസ്സ് ഒരിക്കല്‍ ഇളകിരസിച്ചു. കുടിലരഹിതമായ സാധുമനസ്സ് എന്നെ വിലക്കി.
അന്‍പത് പിന്നിടുമ്പോള്‍ വൈകാരികത മനുഷ്യരെ പിടിമുറുക്കുന്നത് ജീവിതത്തെ കീഴടക്കുവാനാണ്. ഒരിക്കല്‍ സകലതിനെയും നിഷേധിച്ചവളെ മകളുടെ രൂപത്തില്‍ വന്ന് വൈകാരികത ചുറ്റിവരിയുന്നു.
മധുമതിയുടെ തേങ്ങലിന്റെ പെരുക്കം കുറഞ്ഞു കുറഞ്ഞു വന്നു. എങ്കിലും കണ്ണീരിനു ശമനമായിട്ടില്ല. ഇതുവരെ തുള വീഴാത്ത കണ്ണീര്‍ക്കുടം പൊട്ടിയൊഴുകുന്നു. ഒഴുകട്ടെ, കണ്ണീര്‍ പാടം നിറയട്ടെ.
‘മധുമതി, ഇനി കരയരുത്. നിന്റെ വീട്ടില്‍ കിട്ടുന്നതിനേക്കാള്‍ സുരക്ഷിതത്വം അവള്‍ക്ക് ഇപ്പോള്‍ കിട്ടുന്നുണ്ട്.’
എന്റെ വാക്കുകള്‍ അവളെ വേദനിപ്പിച്ചുകാണണം. അവള്‍ മുഖമുയര്‍ത്തി എന്നെ നോക്കി. പെട്ടെന്ന് അവള്‍ എഴുന്നേറ്റ് വന്ന് എന്റെ മുന്നില്‍ മുട്ടുകുത്തിയിരുന്നുകൊണ്ട് എന്റെ കൈകള്‍ പിടിച്ചെടുത്ത് കണ്ണീരൊഴുകി ഈറനായ കവിളില്‍ ചേര്‍ത്തു പിടിച്ചു. അവള്‍ വീണ്ടും വിങ്ങിപ്പൊട്ടി.
‘എന്തു വേണമെങ്കിലും പറഞ്ഞോ വിജയ്. നിനക്കിപ്പോള്‍ എന്നെ എന്തു വേണമെങ്കിലും പറയാം, എന്തു വേണമെങ്കിലും ചെയ്യാം.’
ഞാന്‍ അവളെ തള്ളിമാറ്റാന്‍ ശ്രമിക്കുന്തോറും അവള്‍ എന്റെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ടിരുന്നു. അവളെ ഞാന്‍ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. അവള്‍ വേച്ചുപോയി. മദ്യം അവളുടെ ശരീരത്തെ ബലഹീനമാക്കിയിരുന്നു. ഞാന്‍ അവളെ എന്റെ ദേഹത്തോട് ചേര്‍ത്ത് താങ്ങിക്കൊണ്ടുവന്ന് കട്ടിലില്‍ കിടത്തി.
ഞാന്‍ കട്ടിലിന്റെ മറുഭാഗത്ത് ചെന്നിരുന്നു. അവള്‍ മയങ്ങുകയാണ്. തളര്‍ന്നു മയങ്ങുന്ന ആ മുഖം കണ്ടപ്പോള്‍ എനിക്കവളോട് സഹതാപം തോന്നി.അവളെ അവിടെ കിടക്കാന്‍ വിട്ട് ഞാന്‍ കുളിമുറിയില്‍ കയറി മേല്‍ കഴുകിയിറങ്ങി വസ്ത്രം മാറിയശേഷം സോഫയില്‍ ചാരികിടന്നു
ആരോ തൊട്ടു വിളിച്ചപ്പോള്‍ ഞാന്‍ ഞെട്ടിയുണര്‍ന്നു. മധുമതി ഉണര്‍ന്നിരിക്കുന്നു. ഞാന്‍ സാവധാനം ബോധത്തിലേക്ക് മടങ്ങിവന്നു. മധുമതി ഇപ്പോള്‍ പുഞ്ചിരിക്കുന്നു. അവളെന്നെ എഴുന്നേല്പിച്ച് കട്ടിലില്‍ കൊണ്ടുപോയി കിടത്തി. തണുപ്പ് അരിച്ചിറങ്ങുന്നു. അവള്‍ എന്നെ പുണര്‍ന്നു.
‘ഞാന്‍ എത്രയോ പുരുഷന്മാരെ കണ്ടിരിക്കുന്നു, ശയിച്ചിരിക്കുന്നു. പക്ഷേ അവരോട് എനിക്ക് തോന്നിയത് കാമമായിരുന്നു. അന്റോണിയോയോട് മാത്രം പ്രണയം തോന്നി. പക്ഷേ അയാള്‍ക്കെന്നോട് തോന്നിയത് കാമം മാത്രമായിരുന്നു. സ്‌നേഹരഹിതനായ മൃഗം. എന്റെ കുഞ്ഞിന് അയാളുടെ കുടിലതയുടെ ജനിതകം കിട്ടാതിരിക്കാന്‍ ഞാന്‍ ദിവസേന പ്രാര്‍ത്ഥിക്കുകയാണ്.’
അവളുടെ ശ്വാസത്തിന് മദ്യത്തിന്റെയും ആസക്തിയുടെയും മിശ്രിത ഗന്ധം. അവള്‍ എന്നെ വരിഞ്ഞുമുറുക്കി. എന്റെ ഞരമ്പുകളിലേക്ക് ആസക്തി പകരുകയാണവള്‍.
‘ഞാന്‍ നിന്നെ ഭോഗിച്ചോട്ടെ?’ അവള്‍ ചോദിച്ചു.
അപ്രതിരോധ്യമായ ആക്രമണത്തിനു മുന്നില്‍ ഞാന്‍ കീഴടങ്ങി. മുകളില്‍ നിന്നവള്‍ എന്നെ കീഴടക്കി. പരിസമാപ്തിയില്‍ അവള്‍ എന്റെ കവിളില്‍ കടിച്ചു. മാറിടത്തില്‍ എന്റെ മുഖമൊളിപ്പിച്ചു.
എന്റെ ശരീരത്തില്‍ നിന്നിറങ്ങിയപ്പോള്‍ അവളുടെ കണ്ണുകള്‍ക്ക് തിളക്കം വര്‍ധിച്ചിട്ടുണ്ടെന്ന് തോന്നി. മുഖം എന്റെ നെഞ്ചിലമര്‍ത്തിവെച്ചുകൊണ്ട് അവള്‍ പറഞ്ഞു:
‘ഒരു എഴുത്തുകാരനെന്ന മേല്‍വിലാസത്തില്‍ മാത്രമല്ല നിന്നെ ഞാന്‍ കാണുന്നത് എന്റെ മകളെ പിതാവിനെപ്പോലെ പോറ്റുന്നവന്‍ എന്ന നിലയിലാണ്.’
അത് കേട്ടപ്പോള്‍ എന്റെ ശരീരം ഒരുതവണ വെട്ടി വിറച്ചു. അവള്‍ അതറിഞ്ഞു കാണുമോ?
ഞാന്‍ അവളെ മറ്റൊരു വിഷയത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു.
‘നീ ഇപ്പോള്‍ മുംബയില്‍ ആണോ താമസം? ‘
‘അല്ല…’ അവള്‍ പറഞ്ഞു.
‘ഞാനീ പുരസ്‌കാര സമര്‍പ്പണ യോഗത്തില്‍ പങ്കെടുക്കാനായിമാത്രം വന്നതാണ്. മുല്‍ക്കിന്റെ ട്രസ്റ്റില്‍ ഞാന്‍ അംഗമാണ്.’
ഞാന്‍ അവളെ നോക്കി. എന്റെ കണ്ണുകളിലെ അവിശ്വാസവും അമ്പരപ്പും കണ്ടിട്ടാകണം അവള്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:
‘ഞാനാണ് ഈ പുസ്തകം പുരസ്‌കാരത്തിന് നിര്‍ദേശിച്ചത്. എനിക്ക് വികാസ് ഈ പുസ്തകം പണ്ട് അയച്ചു തന്ന കാര്യം ഞാന്‍ നിന്നോട് പറഞ്ഞത് ഓര്‍ക്കുന്നോ?’
‘ശരിയാണ്, ഹൈദരാബാദില്‍ വെച്ച്…’
‘അതെ.’
ഞാന്‍ ഇപ്പോള്‍ മധുമതിയെ നോക്കുന്നത് അവിശ്വസനീയതയോടെയാണ്. അപ്രതീക്ഷിതമായ വാര്‍ത്ത കേള്‍ക്കുന്ന മട്ട്.
‘ഈ പുരസ്‌കാരം വിട്രിയോളിന് കിട്ടിയിരിക്കണമെന്ന് മഹാപത്രയോട് ഞാന്‍ ആവശ്യപ്പെട്ടിരുന്നു.മഹിമയോടും ഞാന്‍ ഈ പുസ്തകത്തെക്കുറിച്ചു പറഞ്ഞിരുന്നു.’
അല്പനേരത്തെ മൗനത്തിനുശേഷം അവള്‍ പറഞ്ഞു.
‘മഹാപത്രക്കെന്നെ തിരസ്‌കരിക്കാന്‍ സാധിക്കില്ല. അങ്ങനെയാണതിന്റെ കിടപ്പ്.’
അവള്‍ പൊട്ടിച്ചിരിച്ചു.
‘ഒരു പാവമാണയാള്‍…’
ഞാന്‍ മുകളിലേക്ക് നോക്കി കിടന്നു.
‘നീ ഒരു പ്രതിഭാധനനാണ്. വികാസിനെപ്പോലൊരാള്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ നീ ജീനിയസ് തന്നെയാണ്. അത്ര അസൂയാലുവായ ഒരാള്‍ പറയുമ്പോള്‍ അങ്ങനെ വിലയിരുത്താം.’
എനിക്ക് എന്നെക്കുറിച്ചപ്പോള്‍ മതിപ്പു തോന്നി. അസൂയാലുക്കളും എന്നെ അംഗീകരിക്കുന്നു.
അവള്‍ വാച്ചിലേക്ക് നോക്കി.
‘നീ എന്നെ ഒരു ഗണികയായി കണ്ടാല്‍ പോലും എനിക്ക് വിഷമമില്ല. എന്റെ മനസ്സിലെ കൂരിരുള്‍ നീക്കിയവനാണ് നീ.’
അവള്‍ ഒരു വട്ടംകൂടി എന്നെ പുണര്‍ന്നു. അവളുടെ നഗ്‌നതയുടെ ചൂട് എന്റെ സിരകളിലേക്ക് കയറി.
‘ഒരു തവണ കൂടി ആയാലോ?’ അവള്‍ ആഗ്രഹിച്ചു.
വേണ്ട. എനിക്ക് രാവിലെ ഒമ്പതിനാണ് ഫ്‌ളൈറ്റ്.
‘ഓക്കേ. എനിക്ക് പത്തിന്.’
‘നമുക്കൊരുമിച്ചുപോകാം.’
ഒരിക്കല്‍കൂടി ആരോ തോണ്ടി വിളിച്ചപ്പോള്‍ ഞാന്‍ ഞെട്ടിയുണര്‍ന്നു.
അവള്‍ കുളികഴിഞ്ഞു വസ്ത്രം മാറി ചായ കുടിക്കുന്നു.
‘എണീക്ക്. ചായ കുടിച്ച് റെഡിയാകാന്‍ നോക്ക്.’
ഞാന്‍ കുളിച്ച് വസ്ത്രം മാറി റെഡിയായി വന്നപ്പോള്‍ അവള്‍ ചോദിച്ചു:
‘റെസ്റ്റോറന്റില്‍നിന്ന് ഭക്ഷണം കഴിച്ചിട്ട് പോകാം.’
ഞാന്‍ അങ്ങനെയാകാമെന്ന് തല കുലുക്കി.
‘എനിക്കൊരു കാര്യം നിന്നോട് പറഞ്ഞാല്‍ കൊള്ളാമെന്നുണ്ട്, ഒന്നല്ല, രണ്ടു കാര്യങ്ങള്‍.’
ഞാന്‍ സന്ദേഹത്തോടെ അവളെ നോക്കി.
‘എന്റെ ഡല്‍ഹിയിലെ ഫ്‌ളാറ്റും കല്‍ക്കത്തയിലുള്ള വീടും തൊടിയും അവളുടെ പേരില്‍ എഴുതിവെക്കും. എനിക്കതിനു അവളുടെ സമ്മതം വേണമെന്നില്ല.’
ഞാന്‍ മൂളി.
‘രണ്ടാമത്തെ കാര്യത്തില്‍ എനിക്ക് നിന്റെ സഹായം വേണം.’
ഞാന്‍ അവളുടെ മുഖത്തേക്ക് സന്ദേഹത്തോടെ നോക്കി.
‘ഇപ്പോള്‍ താമസിക്കുന്നിടത്ത് നിങ്ങള്‍ ഒരുമിച്ചു താമസിക്കുക. അവളള്‍ വഴിതെറ്റി പോവാതെ നോക്കാന്‍. അങ്ങനെയെങ്കിലും ഞാന്‍ ആശ്വസിച്ചോട്ടേ?’
മധുമതി ഇങ്ങനെ പറയുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
എന്റെ ശരീരത്തിലൂടെ ഹിമനദി ഒഴുകിപ്പോയതുപോലെ ഞാന്‍ മരവിച്ചു നിന്നു.
‘നമ്മള്‍ തമ്മില്‍ നടന്നത് നീ കാര്യമാക്കേണ്ട, അവള്‍ പുഞ്ചിരിച്ചു. അതൊരു ബയോളജിക്കല്‍ പ്രോസസ്സ് മാത്രം. ശരീരത്തിന് മാത്രമറിയാവുന്ന കാര്യം.’
ഞാന്‍ പ്രജ്ഞ നേരെയാക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ അവള്‍ പറയുന്നത് എനിക്ക് കേള്‍ക്കാം.
‘ഇനി വൈകണ്ട. വിമാനം നമ്മളെ കാത്തുനില്‍ക്കുകയില്ല.’
(തുടരും)
Copy Right Reserved