പഞ്ചസാര കയറ്റുമതിയില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ഇന്ത്യ. സെപ്റ്റംബറില്‍ അവസാനിച്ച 2021-22 വിപണന വര്‍ഷത്തില്‍ ഇന്ത്യയുടെ പഞ്ചസാര കയറ്റുമതി 57 ശതമാനം വര്‍ധിച്ച് 109.8 ലക്ഷം ടണ്ണായി. പഞ്ചസാര വിപണന വര്‍ഷം ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ്. കയറ്റുമതി വര്‍ധിച്ചതിനാല്‍ ഇന്ത്യക്ക് ഏകദേശം 40,000 കോടി രൂപയുടെ നേട്ടമുണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്ത് 5000 ലക്ഷം ടണ്ണിലധികം കരിമ്പ് ഉല്‍പ്പാദിപ്പിച്ചു. ഇതില്‍ പഞ്ചസാര മില്ലുകള്‍ ഏകദേശം 3,574 ലക്ഷം ടണ്‍ കരിമ്പ് ചതച്ച് 394 ലക്ഷം ടണ്‍ പഞ്ചസാര (സുക്രോസ്) ഉത്പാദിപ്പിച്ചു. ഇതില്‍ 35 ലക്ഷം ടണ്‍ പഞ്ചസാരയാണ് എത്തനോള്‍ തയാറാക്കാന്‍ ഉപയോഗിച്ചത്. അതേസമയം, പഞ്ചസാര മില്ലുകള്‍ 359 ലക്ഷം ടണ്‍ പഞ്ചസാര ഉല്‍പാദിപ്പിച്ചു. ഈ കാലയളവില്‍, ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായമില്ലാതെ 109.8 ലക്ഷം ടണ്‍ എന്ന ഏറ്റവും ഉയര്‍ന്ന കയറ്റുമതിയും ഇന്ത്യ നടത്തി. ഇന്ത്യയുടെ പഞ്ചസാര കയറ്റുമതി വിപണനം 2020 21-ല്‍ 70 ലക്ഷം ടണ്ണും 2019-ല്‍ 59 ലക്ഷം ടണ്ണും 2018-ല്‍ 38 ലക്ഷം ടണ്ണുമായിരുന്നു.
സെപ്റ്റംബറില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 6.43 ശതമാനമായി കുറഞ്ഞു. ഇത് നാല് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, പുതിയ ജോലികളില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ അതിവേഗ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) യുടെ കണക്കുകള്‍ കാണിക്കുന്നത് തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഇടിഞ്ഞ് 6.43 ശതമാനമായി എന്നാണ്. കണക്കുകള്‍ പ്രകാരം 2018 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച്, 2022 ആഗസ്റ്റില്‍ ഒരു ദശലക്ഷം പുതിയ ജോലികള്‍ ചേര്‍ത്തതിന് ശേഷം തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍, തൊഴിലില്ലായ്മ നിരക്ക് ആഗസ്റ്റിലെ 7.7% ല്‍ നിന്ന് 5.8% ആയി കുറഞ്ഞു. അതേസമയം നഗരങ്ങളില്‍ 7.7% ആണ് തൊഴിലില്ലായ്മ നിരക്ക്. മുന്‍ മാസം ഇത് 9.6% ആയിരുന്നു.
ബേസില്‍ ജോസഫ് ചിത്രം ‘ജയ ജയ ജയ ജയ ഹേ’യിലെ പാട്ട് റീലീസ് ചെയ്തു. ‘എന്താണിത് എങ്ങോട്ടിത്’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്. ദര്‍ശനയും ബേസിലും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ വിവാഹവും തുടര്‍ന്നുള്ള ബഹളങ്ങളുമാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. അങ്കിത് മേനോന്റെ സംഗീതത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആകും ചിത്രമെന്നാണ് സൂചന. ചിത്രം ഒക്ടോബര്‍ 28ന് തിയറ്ററുകളില്‍ എത്തും. വിപിന്‍ ദാസ് ആണ് സംവിധായകന്‍. ലക്ഷ്മി മേനോന്‍, ഗണേഷ് മേനോന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമി ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രണം എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ നിര്‍മല്‍ സഹദേവിന്റെ പുതിയ ചിത്രം കുമാരിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മോഷന്‍ പോസ്റ്ററിനൊപ്പമാണ് നിര്‍മ്മാതാക്കള്‍ റിലീസ് തീയതി പങ്കുവച്ചിരിക്കുന്നത്. ഒക്ടോബര്‍ 28 ന് ചിത്രം തിയറ്ററുകളിലെത്തും. നിര്‍മല്‍ സഹദേവിന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്. ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സുരഭി ലക്ഷ്മി, സ്വാസിക, ജിജു ജോണ്‍, തന്‍വി റാം, സ്ഫടികം ജോര്‍ജ്, രാഹുല്‍ മാധവ്, ശിവജിത്ത്, ശ്രുതി മേനോന്‍, ശൈലജ കൊട്ടാരക്കര എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ലംബോര്‍ഗിനി ഉറൂസ് എസ്‌യുവിക്ക് പിന്നാലെ മിനി കണ്‍ട്രിമാന്‍ ജെസിഡബ്ല്യു ഇന്‍സ്പയേര്‍ഡ് സ്വന്തമാക്കി ഫഹദ് ഫാസില്‍. മിനി നിരയിലെ സബ്‌കോംപാക്റ്റ് ലക്ഷ്വറി ക്രോസ്ഓവര്‍ എസ്‌യുവിയാണ് കണ്‍ട്രിമാന്‍. നാലു ഡോര്‍ പതിപ്പായ വാഹനം മിനിയുടെ ഏറ്റവും കരുത്തുറ്റ കാറുകളിലൊന്നാണ്. രണ്ടു ലീറ്റര്‍ നാലു സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 192 എച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. ഏഴ് സ്പീഡ് ഡബിള്‍ ഡ്യുവല്‍ ക്ലച്ച് സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട്‌സ് ട്രാന്‍സ്മിഷന്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 7.5 സെക്കന്‍ഡ് മതി ഈ കരുത്തന്. ഏകദേശം 58 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓണ്‍റോഡ് വില.
മലയാളക്കരയെ സ്നേഹിച്ച സൈദ് എന്ന അറബിയുടെ കഥയാണിത്. ഭാഷയ്ക്കപ്പുറവും ദേശങ്ങള്‍ക്കപ്പുറവും വളരുന്ന പ്രണയത്തിന്റെ കഥ. ജോലി തേടി അറബ് നാട്ടിലെത്തിയ ഒരു മലയാളിപെണ്‍കുട്ടിയുടെ ഇച്ഛാശക്തിക്കും സത്യസന്ധതയ്ക്കും ദൃഢനിശ്ചയത്തിനും മുന്നില്‍ പ്രണയത്തിന്റെ ശക്തിയില്‍ കീഴടങ്ങേണ്ടി വന്ന അറബിയുടെ മലയാളമുഖം. നമ്മള്‍ കേട്ടുപരിചയിച്ച ഗദ്ദാമമാരുടെ കദനകഥകളില്‍നിന്നും അര്‍ബാബ്മാരുടെ ക്രൂരതകളില്‍നിന്നും വ്യത്യസ്തമായി ജോലിക്കാരെ മനുഷ്യത്വത്തോടെ സമീപിക്കുന്ന ഒരു അറബിഗൃഹത്തിലെ കാഴ്ചകള്‍ അനാവരണം ചെയ്യുന്ന കൃതി. സമീര്‍ എന്ന സിനിമയുടെ സംവിധായകനില്‍നിന്നും ഒരു നോവല്‍. ‘അറബിമലയാളി’. റഷീദ് പാറയ്ക്കല്‍. ഗ്രീന്‍ ബുക്‌സ്. വില 123 രൂപ.
വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ് മീനെണ്ണ ഗുളിക. എണ്ണമയമുളള മത്സ്യവിഭവങ്ങളില്‍ നിന്നാണ് ഇവ എടുക്കുന്നുത്. പ്രായമാകുന്ന തലച്ചോറിനെ ശക്തിപ്പെടുത്താന്‍ മീനെണ്ണ ഗുളിക സാധിക്കുമെന്ന് പഠനം പറയുന്നു. 2,000-ലധികം മധ്യവയസ്‌കരില്‍ നടത്തിയ പഠനത്തില്‍ ഒമേഗ-3 ഫാറ്റി ആസിഡിന്റെ ഉയര്‍ന്ന അളവ് ഉള്ളവര്‍ ചിന്താശേഷിയുടെ പരിശോധനയില്‍ മികച്ച പ്രകടനം കാഴ്ചവച്ചതായി ഗവേഷകര്‍ കണ്ടെത്തി. അത് കൊണ്ട് തന്നെ പ്രായമായവരില്‍ ഡിമെന്‍ഷ്യ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതായി ഗവേഷകര്‍ പറയുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകള്‍ പ്രത്യേകിച്ച് സാല്‍മണ്‍, ട്യൂണ, അയല, മത്തി, മത്തി തുടങ്ങിയ ഫാറ്റി മത്സ്യങ്ങളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നു. ഒമേഗ-3 കൂടുതലായി കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനവും ഡിമെന്‍ഷ്യയുടെ അപകടസാധ്യതയും കുറയ്ക്കുന്നതായി നിരവധി പഠനങ്ങള്‍ പറയുന്നു. ന്യൂറോളജി ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു. അസാധാരണമായ മസ്തിഷ്‌ക വാര്‍ദ്ധക്യത്തിന്റെ ആദ്യ സൂചകങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്ന സമയമാണ് മധ്യവയസ്സ്. അമിതവണ്ണം ഉള്ളവര്‍ മീനെണ്ണ ഗുളിക കഴിക്കുന്നത് നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ചീത്ത കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. അങ്ങനെ ശരീരഭാരം കുറയുന്നു. ഇവ കഴിക്കുന്നതിലൂടെ ശരീരഘടന നന്നാകുന്നതിന് നല്ലതാണ്. ഇവയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ കണ്ണുകള്‍ക്ക് നല്ലതാണ്. കണ്ണിന്റെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ദിവസവും ഓരോ മീനെണ്ണ ഗുളിക കഴിച്ചാല്‍ പ്രതിരോധശേഷി വര്‍ധിക്കാന്‍ സഹായിക്കും. ഒപ്പം ബുദ്ധിവികാസത്തിനും ഇവ സഹായിക്കുന്നു. ഡോക്ടര്‍ നിര്‍ദ്ദേശിക്കാതെ ഗുളിക സ്വയം വാങ്ങി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.