ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ ഡിസംബറില്‍ തിയേറ്ററുകളിലേക്ക് എത്തുമെന്ന് മോഹന്‍ലാല്‍. സിനിമയുടെ റീ റെക്കോര്‍ഡിംഗ് കഴിഞ്ഞു. ഇപ്പോള്‍ ബുഡാപെസ്റ്റില്‍ ശേഷിച്ച ജോലികള്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായതിനാല്‍ തന്നെ പ്രഖ്യാപിച്ചത് മുതല്‍ തന്നെ സിനിമയ്ക്ക് ഹൈപ്പ് ലഭിച്ചിരുന്നു. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയുള്ളതാണ് സിനിമ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ പലതും വിദേശത്താണ് നടക്കുന്നതെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു. ബറോസിന് പാശ്ചാത്തല സംഗീതം ഒരുക്കിയത് ഹോളിവുഡ് സംഗീത സംവിധായകന് മാര്‍ക്ക് കിലിയന്‍ ആണ്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ബറോസ് എന്ന കേന്ദ്ര കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്.