ബാങ്കിങ് നിയമഭേദഗതി ബില്‍ ലോക്സഭ പാസാക്കി. ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് നാല് നോമിനികളെ വരെ വെക്കാന്‍ വ്യവസ്ഥചെയ്യുന്നത് അടക്കമുള്ള ഭേദഗതികളാണ് ലോക്സഭ അംഗീകരിച്ചത്. നിലവില്‍ നിക്ഷേപകര്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ ഒരാളെയാണ് നോമിനായി ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നത്. ഇത് നാലായി ഉയര്‍ത്തുന്നതിലൂടെ നിക്ഷേപം സംബന്ധിച്ച തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. കോവിഡ് കാലത്ത് ബാങ്ക് അക്കൗണ്ട് ഉടമകളും നോമിനിയും മരിച്ചതോടെ നിക്ഷേപം പിന്‍വലിക്കുന്നതു സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തിരുന്നു. അക്കൗണ്ട് ഉടമകള്‍ക്ക് നോമിനിയെ വെക്കുന്നതോടൊപ്പം ഇവര്‍ക്കുള്ള പങ്കാളിത്തം തീരുമാനിക്കാന്‍ കൂടി അനുമതി നല്‍കുന്നതാണ് പുതിയ ബില്‍. അവകാശിയില്ലാത്ത ലാഭവിഹിതം, ഓഹരികള്‍, പലിശ, ബോണ്ട് എന്നിവ ഇനി നിക്ഷേപകരുടെ വിദ്യാഭ്യാസ സംരക്ഷണ ഫണ്ടിലേക്ക് മാറ്റാന്‍ ബില്‍ അനുമതി നല്‍കുന്നു. തര്‍ക്കമുള്ളവര്‍ക്ക് അവകാശമുന്നയിച്ച് ബോര്‍ഡിനെ സമീപിക്കാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ ബില്‍. ബാങ്കുകളില്‍ നിക്ഷേപമുള്ള ഡയറക്ടര്‍മാരുടെ ലാഭവരുമാനം നിലവിലെ അഞ്ചുലക്ഷത്തില്‍ നിന്ന് രണ്ടുകോടിയായി ഉയര്‍ത്താനും പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നു.