ഒരുകാലത്ത് നിരത്തുകളില്‍ പാറി നടന്നിരുന്ന സണ്ണി പുതിയ രൂപത്തില്‍ വിപണിയില്‍ വീണ്ടും അവതരിപ്പിക്കാനൊരുങ്ങി ബജാജ്. വൈദ്യുതി സ്‌കൂട്ടറായാണ് സണ്ണിയുടെ പുതിയ വരവ്. പുണെയില്‍ സണ്ണിയുടെ വൈദ്യുത സ്‌കൂട്ടര്‍ ടെസ്റ്റിങ് നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. 1990കളില്‍ തരംഗമായാണ് ടു സ്ട്രോക് സ്‌കൂട്ടറായ ബജാജ് സണ്ണിയുടെ ആദ്യ വരവ്. സച്ചിന്‍ മോഡലായെത്തിയ സണ്ണിയുടെ പരസ്യം തൊണ്ണൂറുകളിലെ കുട്ടികള്‍ മറക്കാനിടയില്ല. 60 സിസിയില്‍ ചെറു സ്‌കൂട്ടര്‍ വിഭാഗത്തിലായിരുന്നു സണ്ണിയുടെ അരങ്ങേറ്റം. രൂപത്തിലും പ്രകടനത്തിലും പഴയ സണ്ണിയുടെ വഴിയില്‍ തന്നെയാണ് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമെന്നാണ് സൂചന. വട്ടത്തിലുള്ള ഹൈഡ്ലാംപും, വീതിയേറിയ മുന്‍ഭാഗവും മെലിഞ്ഞ ഫ്ളോര്‍ബോര്‍ഡും ചതുരാകൃതിയിലുള്ള പിന്‍ലാംപുകളുമെല്ലാം പുതിയ വൈദ്യുത സ്‌കൂട്ടറിലുമുണ്ട്. വാഹനം ഓടിക്കുന്നയാള്‍ കാലുവെക്കുന്ന ഭാഗത്തായാണ് പഴയ സണ്ണിയുടെ സ്പെയര്‍ വീല്‍ നല്‍കിയിരുന്നത്. ഈ സ്ഥാനത്ത് പുതിയ സണ്ണിയില്‍ ബാറ്ററിയാണ് വെച്ചിരിക്കുന്നത്. പരീക്ഷണ ഓട്ടം നടത്തുന്ന വാഹനമായതിനാല്‍ തന്നെ വിപണിയിലിറങ്ങുന്ന മോഡലില്‍ മാറ്റങ്ങള്‍ വന്നേക്കാം. ഒരു ലക്ഷം രൂപയില്‍ കുറവു വിലയുള്ള വൈദ്യുത സ്‌കൂട്ടര്‍ എന്ന നിലയിലാവും ബജാജ് സണ്ണിയുടെ വൈദ്യുത രൂപത്തെ അവതരിപ്പിക്കുക. ഡെക്സ് ജിആര്‍ നിര്‍മിക്കുന്ന യുളു പ്ലാറ്റ്ഫോം തന്നെയാവും സണ്ണിയിലും ഉപയോഗിക്കുക.