പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ സിഎന്‍ജി ബൈക്ക് ഇറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലോകത്ത് ആദ്യമായാണ് ഒരു കമ്പനി സിഎന്‍ജി ബൈക്ക് വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്. അടുത്ത വര്‍ഷം ബൈക്ക് വിപണിയില്‍ അവതരിപ്പിക്കാനായിരുന്നു കമ്പനി ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അടുത്ത പാദത്തില്‍ തന്നെ ബൈക്ക് പുറത്തിറക്കാനാണ് കമ്പനിയുടെ ആലോചന. ചെലവും മലിനീകരണവും കുറയ്ക്കാന്‍ ഇത് സഹായകമാകും. പരീക്ഷണ ഘട്ടത്തില്‍ തന്നെ ചെലവ് 50 മുതല്‍ 65 ശതമാനം വരെ കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. മലിനീകരണവും ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ സിഎന്‍ജി മോട്ടോര്‍സൈക്കിളിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കമ്പനി തയ്യാറായിട്ടില്ല. 100നും 160നും ഇടയില്‍ സിസിയുള്ള ബൈക്ക് അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ 125 പ്ലസ് സിസി സെഗ്മെന്റില്‍ ബജാജ് മോട്ടോര്‍സൈക്കിളുമായി ബന്ധപ്പെട്ട് വലിയ വില്‍പ്പനയാണ് നടന്നുവരുന്നത്. സിഎന്‍ജി മോട്ടോര്‍സൈക്കിളും ഈ സെഗ്മെന്റില്‍ അവതരിപ്പിക്കാനാണ് സാധ്യത. ഇതിന് പുറമേ പള്‍സറിന്റെ വലിയ മോഡല്‍ അവതരിപ്പിക്കാനും ബജാജ് ഓട്ടോയ്ക്ക് പരിപാടിയുണ്ട്. 400 സിസിയുള്ള ബൈക്ക് അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഏപ്രിലില്‍ പള്‍സര്‍ 400 അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.