രാജ്യത്തെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ബൈജൂസിന്റെ പ്രമോട്ടര്‍മാര്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ വിറ്റത് ഏകദേശം 40.8 കോടി ഡോളറിന്റെ (3,000 കോടിയോളം രൂപ) ഓഹരികള്‍. പ്രമോട്ടര്‍മാരായ ബൈജു രവീന്ദ്രന്‍, ദിവ്യ ഗോകുല്‍നാഥ്, റിജു രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് 2015 മുതല്‍ വിറ്റഴിച്ചതാണ് ഇത്. പ്രമോട്ടര്‍മാരുടെ ഓഹരി വിഹിതം 2016 സാമ്പത്തിക വര്‍ഷത്തിലെ 71.6 ശതമാനത്തില്‍ നിന്ന് 21.2 ശതമാനത്തിലേക്ക് താഴ്ന്നു. ഭൂരിഭാഗം ഓഹരികളും(15.9 ശതമാനം) ബൈജു രവീന്ദ്രന്റ കൈവശമാണ്. ദിവ്യ ഗോകുല്‍നാഥിന് 3.32 ശതമാനവും റജു രവീന്ദ്രന് 1.99 ശതമാനവും ഓഹരി വിഹിതമുണ്ട്. സ്വകാര്യ മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ പ്രൈവറ്റ് സര്‍ക്കിള്‍ റിസര്‍ച്ച് പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം ബൈജു രവീന്ദ്രന്‍ 32.8 ലക്ഷം ഡോളറിന്റെ 29,306 ഓഹരികളാണ് വിറ്റിരിക്കുന്നത്. ദിവ്യ ഗോകുല്‍നാഥ് 2.9 കോടി ഡോളര്‍ മൂല്യമുള്ള 64,565 ഓഹരികളും വിറ്റഴിച്ചു. റിജു രവീന്ദ്രന്‍ വിറ്റഴിച്ചത് 37.5 കോടി ഡോളര്‍ മൂല്യമുള്ള 3,37,911 ഓഹരികളാണ്. 1,64,000 ഓഹരികള്‍ 1,12,126 രൂപ നിരക്കിലാണ് വിറ്റഴിച്ചിരിക്കുന്നത്. 53 ശതമാനത്തോളം ഡിസ്‌കൗണ്ടിലാണ് വില്‍പ്പന. അതേ സമയം 2012 മുതല്‍ കുടുംബാംഗങ്ങളുടേയും ജീവനക്കാരുടേയും പേരിലുള്ള 31,960 ഓഹരികള്‍ ബൈജു വാങ്ങിയിട്ടുമുണ്ട്. 4,666 ഓഹരികള്‍ ദിവ്യ ഗോകുല്‍നാഥും വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഓഹരി മൂല്യം വ്യക്തമാക്കിയിട്ടില്ല. അതേസമയം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രമുഖ എഡ്-ടെക് സ്ഥാപനമായ ബൈജൂസുമായുള്ള കരാര്‍ വീണ്ടും പുതുക്കില്ലെന്ന് ബോളിവുഡ് താരം ഷാരൂഖാന്‍ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. സെപ്റ്റംബര്‍ വരെയാണ് കരാര്‍ കാലാവധി. 2017 മുതലാണ് നാല് കോടി രൂപയുടെ വാര്‍ഷിക പ്രതിഫലത്തിന് ഷാരൂഖാനുമായി ബൈജൂസ് ബ്രാന്‍ഡ് പ്രചരണത്തിനുള്ള കരാറില്‍ ഏര്‍പ്പെട്ടത്.