ശബരിമല പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. മകരവിളക്ക് തൊഴുതുള്ള പതിനായിരക്കണക്കിന് ഭക്തരുടെ ശരണം വിളികളാല്‍ നിറഞ്ഞിരിക്കുകയാണ് സന്നിധാനം. മണിക്കൂറുകൾ മുമ്പ് തന്നെ സന്നിധാനവും പരിസരവും അയ്യപ്പഭക്തരാല്‍ നിറഞ്ഞിരുന്നു. ആറരക്ക് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്ക് ശേഷമായിരുന്നു പൊന്നമ്പല മേട്ടിലെ മകരജ്യോതി ദർശനം. പത്തിലധികം കേന്ദ്രങ്ങളിൽ നിന്നായി ഭക്തര്‍ മകരവിളക്ക് ദര്‍ശിച്ചു. ഇടുക്കിയിൽ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ നിന്നും മകരജ്യോതി ദശിക്കാം.
മൂന്ന് തവണ കർപ്പൂരവും ദീപങ്ങളും സന്നിധാനത്ത് തെളിയുകയും പൊന്നമ്പല മേട്ടിൽ ദീപാരാധന നടക്കുകയും ചെയ്തതോടെ ഭക്തരുടെ മനസും കണ്ണും നിറഞ്ഞു. പ്രകൃതി ആരാധന കൂടിയായ മകരവിളക്ക് ദർശിച്ചതോടെ ഭക്തലക്ഷങ്ങൾക്ക് പുതുജന്മം നേടിയതുപോലുള്ള സംതൃപ്തി ലഭിച്ചു.