മലയാള സിനിമയില്‍ ഈ വര്‍ഷം ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘ആടുജീവിതം’. ബെന്യാമിന്റെ ജനപ്രീതി നേടിയ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം എന്നതാണ് ഈ ചിത്രത്തിന്മേല്‍ അത്രയും പ്രേക്ഷക പ്രതീക്ഷ സൃഷ്ടിച്ചത്. മികച്ച പ്രദര്‍ശന വിജയമാണ് ആടുജീവിതം നേടിയത്. 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ആടുജീവിതം മലയാളത്തില്‍ നിലവില്‍ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക വിജയമാണ്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കും എത്തുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം ജൂലൈ 19ന് സ്ട്രീമിംഗ് ആരംഭിക്കും. മാര്‍ച്ച് 28 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. നീണ്ട 113 ദിവസങ്ങള്‍ക്കിപ്പുറമാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിക്കുന്നത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും കാണാം. മികച്ച പാന്‍ ഇന്ത്യന്‍ സ്‌ക്രീന്‍ കൗണ്ടോടെ തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ഇത്. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്.