ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്കു കുടുതലുള്ള ദിവസങ്ങളില്‍ നടയടയ്ക്കുന്നത് അര മണിക്കൂര്‍ നീട്ടി. 11.30 നേ ഹരിവരാസനം പാടി നടയടയ്ക്കു. തിരക്കില്ലാത്ത ദിവസങ്ങളില്‍ 11 നുതന്നെ നടയടയ്ക്കും. ഇന്നലെ ഒന്നേകാല്‍ ലക്ഷം പേരാണു ദര്‍ശനത്തിനു ബുക്കു ചെയ്തിരുന്നത്. ദിവസം 85,000 പേര്‍ക്കേ ദര്‍ശനം അനുവദിക്കാവൂവെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമലയില്‍ ഭക്ത ജനത്തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനിക്കാന്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. ദേവസ്വം – പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഒരാഴ്ചയായി ദിവസവും ശരാശരി ഒരുലക്ഷത്തോളം തീര്‍ത്ഥാടകരാണ് ശബരിമലയിലെത്തുന്നത്. ഇന്നും ഒരു ലക്ഷത്തിലേറെ പേരാണ് ശബരിമല ദര്‍ശനത്തിനു ബുക്കു ചെയ്തിരിക്കുന്നത്.
ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തീര്‍ത്ഥാടകരുടെ ബാഹുല്യം തിരിച്ചറിയാന്‍ കഴിയാത്തത് ഗുരുതരമായ വീഴ്ചയാണ്. മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും ശബരിമല സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. തീര്‍ത്ഥാടനകാലം കഴിയുന്നതുവരെ ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രിക്ക് ശബരിമലയുടെ ചുമതല നല്‍കണം. അദ്ദേഹം പറഞ്ഞു.