മലയാളിയായ ഡോ.ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത്കെയര്‍ ശൃംഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദമായ ഒക്ടോബര്‍-ഡിസംബറില്‍ 64.39 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 65.37 കോടി രൂപയില്‍ നിന്ന് 1.50 ശതമാനത്തിന്റെ ഇടിവുണ്ട്. സെപ്റ്റംബര്‍ പാദത്തിലെ 105.76 കോടി രൂപയുമായി നോക്കുമ്പോള്‍ 39.12 ശതമാനമാണ് ഇടിവ്. ഇക്കാലയളവില്‍ ആസ്റ്ററിന്റെ വരുമാനം 1,082.80 കോടി രൂപയായി. തൊട്ടു മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 963.87 രൂപയില്‍ നിന്ന് 12.34 ശതമാനം വര്‍ധിച്ചു. അതേസമയം, സെപ്റ്റംബര്‍ പാദത്തിലെ വരുമാനത്തേക്കാള്‍ 3.47 ശതമാത്തിന്റെ ഇടിവുണ്ട്. കമ്പനിയുടെ ലയനവുമായി ബന്ധപ്പെട്ട് 23.72 കോടി രൂപയുടെ ആവര്‍ത്തനേതര ചെലവ് വന്നതാണ് ലാഭത്തെ ബാധിച്ചതെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഹരിയൊന്നിന് നാല് രൂപ വീതം ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ക്വാളിറ്റി കെയറുമായുള്ള ലയനത്തിന് ഓഹരിയുടമകളുടെ അനുമതി ലഭിച്ചതായും ആസ്റ്റര്‍ അറിയിച്ചു.