വിജനമായ റബര്‍ എസ്റ്റേറ്റില്‍ ബാഗില്‍ ഒളിപ്പിച്ച മയക്കുമരുന്ന് തൂക്കിയെറിഞ്ഞ് കാട്ടാന. ദക്ഷിണ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ മെങ്മാന് ടൗണ്‍ഷിപ്പിലെ റബര്‍തോട്ടത്തിലാണ് സംഭവം. തോട്ടത്തിലൂടെ കാട്ടാനക്കൂട്ടം കടന്നു പോകുന്നതു കണ്ട ഒരാള്‍ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു. ആനക്കൂട്ടത്തിലെ ഒരാന റബര്‍ തോട്ടത്തിലെ ഇടവഴി മുറിച്ചു കടക്കുന്നതിനിടെ മരച്ചുവട്ടില്‍ കിടന്നിരുന്ന കറുത്ത ബാഗ് തുമ്പിക്കൈകൊണ്ട് തൂക്കിയെറിഞ്ഞു. ആന ഇടവഴി കുറുകേകടന്ന് മറ്റ് ആനകള്‍ക്കൊപ്പം പോകുകയും ചെയ്തു. എന്നാല്‍ വീഡിയോ ചിത്രീകരിച്ച സംഘത്തിലുള്ളവര്‍ ബാഗ് പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പോയി. മാരക മയക്കുമരുന്നായ കറുപ്പ്. രണ്ടേമുക്കാല്‍ കിലോ കറുപ്പാണ് ബാഗിലുണ്ടായിരുന്നത്. വീഡിയോ ചിത്രീകരിച്ചവര്‍ അറിയിച്ചതിനുസരിച്ച് പോലീസ് എത്തി ബാഗ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്നിനൊപ്പം ഏതാനും വസ്ത്രങ്ങളും ഒരു കുപ്പി കുടിവെള്ളവും ബാഗിലുണ്ടായിരുന്നു.