പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനത്തൊട്ടാകെ പൊലീസിന്റെ സ്പെഷൽ ഡ്രൈവ് ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂ ഇയർ ആഘോഷത്തിൽ ലഹരി ഉപയോഗം തടയാൻ നടപടികൾ ഊർജിതമാക്കും.
സംസ്ഥാനത്ത് ലഹരി ഉപയോഗം ശക്തമായി തടയാനുള്ള ശ്രമങ്ങളുമായി പൊലീസ് മുന്നോട്ട് പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലഹരി ഉപയോഗം തടയാനായി കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന വിതരണക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള സ്പെഷൽ ഡ്രൈവുകൾ നടക്കുന്നുണ്ട്. പുതുവർഷ സമയത്ത് പതിവായി നടക്കുന്ന സ്പെഷൽ ഡ്രൈവുകൾ ഉണ്ടാകും. പട്രോളിങുകൾ നടക്കും. രഹസ്യ വിവരം ലഭിച്ചാൽ അതിനനുസരിച്ച് പ്രതികളെ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.