പഞ്ചസാരയേക്കാള്‍ മധുരം. പക്ഷേ, പഞ്ചസാരയുടെ അത്ര കാലറിയില്ല. പല ബ്രാന്‍ഡുകളില്‍ ഇന്ന് വിപണിയില്‍ ലഭ്യമായ കൃത്രിമ മധുരങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന അവകാശവാദമാണ് ഇത്. എന്നാല്‍ അമിതമായാല്‍ പഞ്ചസാര പോലെ തന്നെ പ്രശ്നമുണ്ടാക്കാന്‍ കൃത്രിമ മധുരങ്ങള്‍ക്കും സാധിക്കുമെന്ന് പല പഠനങ്ങളും മുന്നറിയിപ്പ് നല്‍കുന്നു. അസ്പാട്ടേം, സൂക്രലോസ്, സാക്കറിന്‍, എസള്‍ഫേം പൊട്ടാസിയം, നിയോടേം, അഡ് വാന്റേം എന്നിങ്ങനെ ആറ് കൃത്രിമ മധുര പദാര്‍ഥങ്ങള്‍ക്കാണ് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. ഇതില്‍ അസ്പാട്ടേം ഉയര്‍ന്ന അളവില്‍ കഴിക്കുന്നത് അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഫ്രാന്‍സില്‍ നടന്ന ന്യൂട്രിനെറ്റ്-സാന്റേ കോഹേര്‍ട്ട് പഠനം ചൂണ്ടിക്കാണിക്കുന്നു. ലോകാരോഗ്യസംഘടന അടുത്തിടെ അസ്പാട്ടേമിനെ ക്ലാസ് ബി കാര്‍സിനോജനായും പ്രഖ്യാപിച്ചിരുന്നു. സൂക്രലോസ് വയറിലെ ആരോഗ്യകരമായ ബാക്ടീരിയയെ ദോഷകരമായി ബാധിക്കാമെന്ന് മൈക്രോ ഓര്‍ഗാനിസംസ് ജേണലില്‍ 2022ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനവും മുന്നറിയിപ്പ് നല്‍കുന്നു. ഡിഎന്‍എ നാശവും അര്‍ബുദവുമായി സൂക്രലോസിനെ ബന്ധിപ്പിക്കുന്ന പഠനങ്ങളും പുറത്ത് വന്നിട്ടുണ്ട്. പഞ്ചസാരയേക്കാള്‍ 400 മടങ്ങ് മധുരമുള്ള സാക്കറിന്‍ 1879ല്‍ കോണ്‍സ്റ്റാന്റിന്‍ ഫാല്‍ബര്‍ഗ് കണ്ടെത്തുന്നത് തന്നെ കോള്‍ ടാറിന്റെ ഉപോത്പന്നങ്ങളെ കുറിച്ചുള്ള പഠനത്തിനിടെയാണ്. എലികളില്‍ അര്‍ബുദം ഉണ്ടാക്കാന്‍ ഇതിന് സാധിക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്കന്‍ ഗവണ്‍മെന്റ് 1970കളില്‍ സാക്കറിന്‍ നിരോധിച്ചെങ്കിലും പിന്നീട് ഒരു മുന്നറിയിപ്പ് ലേബലുമായി വീണ്ടും ലഭ്യമാക്കുകയായിരുന്നു.