എത്രമേല്‍ വിപ്ലവാത്മകവും ചരിത്രോന്മുഖവുമായാലും മനുഷ്യവംശം എല്ലാ കാലത്തും ജീവിതത്തിന്റെ സകല തുറകളിലും അധികാരരാഷ്ട്രീയത്തിന്റെ ഇരകളായിട്ടാണ് അടയാളപ്പെടുത്തപ്പെടുന്നത്. ഈ സത്യം തിരിച്ചറിഞ്ഞ് ആവിഷ്‌കരിക്കുവാന്‍ ഒരെഴുത്തുകാരിക്ക് സാദ്ധ്യമാവുക എന്നത് ഇന്നത്തെ നിലയില്‍ ഒരു ചെറിയ കാര്യമല്ല. അധികാരജീര്‍ണ്ണതയുടെ ഇരകള്‍ എന്നുള്ള നിലയില്‍ മാത്രമേ ലോകത്തിലെവിടെയും മനുഷ്യവംശത്തിന് നിലനില്‍പ്പുള്ളൂ എന്ന വലിയ സത്യം നോവല്‍ പറയാതെ പറയുന്നുണ്ട്. നോവലിലെ കഥാപാത്രങ്ങള്‍ വിന്യസിക്കപ്പെടുന്ന ശൈലിയും ക്രമവും അധികാരത്തിന്റെ ഈ സമാഹാരാത്മകതയിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധം മുതല്‍ വര്‍ത്തമാനകാലം വരെ നീണ്ടുകിടക്കുന്ന ഗ്രാമീണകേരളത്തിന്റെ അതിബൃഹത്തായ സാമൂഹികഭൂമികയില്‍ ലാളിത്യവും ഗഹനതയും ഒരേസമയം നിലനിര്‍ത്തി മനുഷ്യനെ പുത്തനായി വ്യാഖ്യാനിക്കുന്ന രചന. ജലജാ രാജീവിന്റെ ആദ്യനോവല്‍. ‘അങ്ങനെയങ്ങനെ’. മാതൃഭൂമി ബുക്‌സ്. വില 351 രൂപ.