രാജ്യത്ത് ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ മുന്നിലെത്തി ടാറ്റ ഗ്രൂപ്പ്, തൊട്ടുപിന്നില്‍ ഇന്‍ഫോസിസും. പട്ടികയില്‍ മൂന്നാം സ്ഥാനം എച്ച്.ഡി.എഫ്.സി ഗ്രൂപ്പിനാണ്. ഐ.ടി, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈല്‍, റീട്ടെയില്‍ തുടങ്ങിയ മേഖലകളിലെ 250 ബ്രാന്‍ഡുകളുടെ പ്രവര്‍ത്തനം പരിശോധിച്ചാണ് മൂല്യനിര്‍ണയ ഏജന്‍സിയായ ബ്രാന്‍ഡ് ഫിനാന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 28.6 ബില്യന്‍ ഡോളര്‍ (ഏകദേശം 2.38 ലക്ഷം കോടി രൂപ) മൂല്യവുമായി ടാറ്റ ഗ്രൂപ്പ് ഒന്നാം സ്ഥാനം നിലനിറുത്തി. ഗ്രൂപ്പിന്റെ താജ് ഹോട്ടല്‍ ബ്രാന്‍ഡ് ഏറ്റവും ശക്തമായ ഇന്ത്യന്‍ ബ്രാന്‍ഡ് പദവി സ്വന്തമാക്കി. 30 ബില്യന്‍ ബ്രാന്‍ഡ് മൂല്യത്തോട് അടുത്ത ആദ്യ ഇന്ത്യന്‍ ബ്രാന്‍ഡാണ് ടാറ്റ ഗ്രൂപ്പ്. ഒമ്പത് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 14.2 ബില്യന്‍ ഡോളര്‍ (ഏകദേശം 1.18 ലക്ഷം കോടി രൂപ) മൂല്യവുമായാണ് ഇന്‍ഫോസിസ് രണ്ടാം സ്ഥാനം നേടിയത്. എച്ച്.ഡി.എഫ്.സി ലിമിറ്റഡുമായുള്ള ലയന നടപടികള്‍ പൂര്‍ത്തിയായതോടെ 10.4 ബില്യന്‍ ഡോളര്‍ (ഏകദേശം 88,400 കോടി രൂപ) മൂല്യവുമായി എച്ച്.ഡി.എഫ്.സി മൂന്നാം സ്ഥാനം സ്വന്തമാക്കി. ബ്രാന്‍ഡ് സ്ട്രെംഗ്ത് ഇന്‍ഡക്സിന്റെ (ബി.എസ്.ഐ) അടിസ്ഥാനത്തിലാണ് പട്ടിക പുറത്തിറക്കിയത്. 545 മില്യന്‍ ഡോളര്‍ (ഏകദേശം 4550 കോടി രൂപ) മൂല്യമുള്ള താജ് ബ്രാന്‍ഡിന് ബി.എസ്.ഐയില്‍ നൂറില്‍ 92.9 മാര്‍ക്ക് ലഭിച്ചു. എഎഎപ്ലസ് നേടാനും താജിനായി. തുടര്‍ച്ചയായ മൂന്നാം തവണയാണ് താജ് ഈ നേട്ടം സ്വന്തമാക്കുന്നത്. രാജ്യത്തെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ബാങ്കെന്ന ബഹുമതി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) നിലനിറുത്തി. പട്ടിക പ്രകാരം നാലാം സ്ഥാനം മുതല്‍ പത്താം സ്ഥാനം വരെ കൈയടക്കിയവര്‍ ഇവരാണ്. എല്‍.ഐ.സി, റിലയന്‍സ്, എസ്.ബി.ഐ, എയര്‍ടെല്‍, എച്ച്.സി.എല്‍ ടെക്ക്, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ, മഹീന്ദ്ര.