അമിതാഭ് ബച്ചന്‍ നായകനാകുന്ന പുതിയ സിനിമയാണ് ‘ഉഞ്ജായി’. അനുപം ഖേറും ബൊമന്‍ ഇറാനിയും ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പമുണ്ട്. ‘ഉഞ്ജായി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അമിതാഭ് ബച്ചന്‍. അമിതാഭ് ബച്ചനും സുഹൃത്തുക്കളും ജീവിതം ആഘോഷിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ലോക സൗഹൃദ ദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. മല കയറുന്ന അമിതാഭ് ബച്ചനെയും അനുപം ഖേറിനെയും ബൊമന്‍ ഇറാനിയെയും കാണാവുന്ന പോസ്റ്റര്‍ വന്‍ ഹിറ്റായിരുന്നു.നവംബര്‍ 11നാണ് ചിത്രം റിലീസ് ചെയ്യുക. സൂരജ് ബര്‍ജത്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കൃതി സനോണ്‍ നായികയാകുന്ന പുതിയ ചിത്രമാണ് ‘ഭേഡിയ’. വരുണ്‍ ധവാന്‍ ആണ് ചിത്രത്തിലെ നായകന്‍. നവംബര്‍ 25ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഇപ്പോഴിതാ ‘ഭേഡിയ’ എന്ന ചിത്രത്തിലെ കൃതി സനോണിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. ‘ഡോ. അനിക’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ കൃതി സനോണ്‍ അഭിനയിക്കുന്നത്. അമര്‍ കൗശിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിഷ്ണു ഭട്ടചാര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സച്ചിന്‍- ജിഗാര്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ‘ഭേഡിയ’യില്‍ ‘ഭാസ്‌കര്‍’ എന്ന കഥാപാത്രമായിട്ടാണ് വരുണ്‍ ധവാന്‍ അഭിനയിക്കുന്നത്. ദീപക് ദൊബ്രിയാല്‍, അഭിഷേക് ബാനര്‍ജി എന്നിവരും ചിത്രത്തിലുണ്ടാകും. 2018ലെ ‘സ്ത്രീ’, 2021ലെ ‘രൂഹി’ എന്നീ ചിത്രങ്ങളുടെ ഭാഗമാണ് ഇത്.
5ജി മുന്നേറ്റത്തില്‍ ജിയോയ്ക്ക് ഒപ്പം ഇനി നോക്കിയയും ഉണ്ടാകും. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോ കഴിഞ്ഞ ദിവസമാണ് നോക്കിയയെ തങ്ങളുടെ പ്രധാന വിതരണക്കാരനായി തിരഞ്ഞെടുത്തതായി അറിയിച്ചത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനയുടെ ഹുവായ് ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുന്ന സാഹചര്യത്തിലാണ് റിലയന്‍സ്-നോക്കിയ കരാര്‍ എന്നതും ശ്രദ്ധേയമാണ്. 420 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള റിലയന്‍സ് ജിയോയ്ക്ക് 5 ജി റേഡിയോ ആക്സസ് നെറ്റ്വര്‍ക്ക് ഉപകരണങ്ങള്‍ ഒന്നിലധികം വര്‍ഷത്തെ കരാറിലാണ് നോക്കിയ വിതരണം ചെയ്യുന്നതെന്നാണ് കമ്പനി പ്രസ്താവനയില്‍ പറയുന്നത്.
ആപ്പിള്‍ ഐഫോണ്‍ 14 ന്റെ വില്പന കുറയുന്നതായി റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായി വില്പനയില്‍ ഇടിവ് സംഭവിച്ചതിന്റെ കാരണം തേടുകയാണ് ആപ്പിള്‍. ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്സ് എന്നിവയോടുള്ള പ്രതികരണത്താലാണ് ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ് എന്നിവയുടെ വില്‍പന ഇടിഞ്ഞതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 79,900 രൂപ തുടക്കവിലയിട്ടാണ് ഐഫോണ്‍ 14 വില്പനയ്ക്ക് എത്തിയത്. ഐഫോണ്‍ 14 പ്ലസിന്റെ വില ആരംഭിക്കുന്നത് 89,900 രൂപ മുതലാണ്. നീല, മിഡ്നൈറ്റ്, പര്‍പ്പിള്‍, സ്റ്റാര്‍ലൈറ്റ്, ചുവപ്പ് നിറങ്ങളില്‍ ഫോണുകള്‍ ലഭ്യമാണ്. ഐഫോണ്‍ 14 പ്രോയുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 1,29,900 രൂപയിലാണ്. ഐഫോണ്‍ 14 പ്രോ മാക്സ് ആരംഭിക്കുന്നത് 1,39,900 രൂപ മുതലാണ്. ഡീപ് പര്‍പ്പിള്‍, ഗോള്‍ഡ്, സില്‍വര്‍, സ്പേസ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ പ്രോ മോഡലുകള്‍ ലഭിക്കും.
ടിവിഎസിന്റെ പിന്തുണയുള്ള ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ്, തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അള്‍ട്രാവയലറ്റ് എ77 2022 നവംബര്‍ 24-ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. 2019 നവംബറില്‍ മോട്ടോര്‍സൈക്കിളിന്റെ പ്രീ-പ്രൊഡക്ഷന്‍ പതിപ്പിനെ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. ബാംഗ്ലൂരിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ബ്രാന്‍ഡിന്റെ പുതിയ നിര്‍മ്മാണ, അസംബ്ലി ഫാക്ടറിയിലാണ് പുതിയ അള്‍ട്രാവയലറ്റ് എഫ്77 നിര്‍മ്മിക്കുക. 70,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന പുതിയ സൗകര്യം ആദ്യ വര്‍ഷം ഏകദേശം 15000 ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കും. പ്രതിവര്‍ഷം 1,20,000 യൂണിറ്റുകള്‍ വരെ ഉല്‍പ്പാദിപ്പിക്കാന്‍ ഈ സൗകര്യം പ്രാപ്തമാകും.
ലോകമെമ്പാടും വെളുത്തവര്‍ കറുത്തവരെ തലമുറകളായി അടിച്ചമര്‍ത്തിപ്പോന്നിട്ടുണ്ട് ഒരുപക്ഷേ, ഇതിനെതിരായ പൊരുതലുകള്‍ ഏറ്റവും കാലം നീണ്ടുനിന്നത് ആഫ്രിക്കയുടെ തെക്കേയറ്റത്തായിരിക്കണം. ദക്ഷിണാഫ്രിക്ക യിലെ ബഹുഭൂരിപക്ഷം വരുന്ന കറുത്തവര്‍ ഭരണം തിരിച്ചുപിടിച്ചെങ്കിലും സംഘര്‍ഷങ്ങള്‍ ഇനിയുമവിടെ അവസാനിച്ചിട്ടില്ല. എങ്കിലും കറുപ്പും വെളുപ്പും തമ്മിലുള്ള പോരാട്ടങ്ങള്‍ മാത്രമല്ല ഈ നാടിനു പറയാനുള്ളത് ആദിമമനുഷ്യചരിത്രവും അത്ഭുത പ്പെടുത്തുന്ന മൃഗകഥകളും നാവികസാഹസങ്ങളും നിധിവേട്ട കളും മനോഹര പ്രകൃതിദൃശ്യങ്ങളുമൊക്കെ ഈ മഴവില്‍രാജ്യത്തിന്റെ കഥയില്‍ ഉള്‍ച്ചേരുന്നു. ‘കറുപ്പും വെളുപ്പും മഴവില്ലും’. ഡോ. ഹരികൃഷ്ണന്‍. ഡിസി ബുക്‌സ്. വില 589 രൂപ.
ഭക്ഷണം കഴിക്കുന്നതിന് മുമ്പായിരിക്കണം മധുരം അകത്താക്കാനെന്നാണ് ആയുര്‍വേദം പറഞ്ഞിരിക്കുന്നത്. പോഷകങ്ങള്‍ ശരീരത്തില്‍ കൃത്യമായി പ്രവേശിക്കാനും ദഹനം സുഗമമാക്കാനും ഇത് സഹായിക്കുമെന്നാണ് ആയുര്‍വേദത്തിലള്ളത്. ഭക്ഷണത്തിന് മുമ്പ് മധുരപലഹാരങ്ങള്‍ കഴിക്കുന്നത് രുചി മുകുളങ്ങളെ ആക്ടീവ് ആക്കും. മധുരപലഹാരങ്ങളില്‍ കലോറി കൂടുതലായതിനാല്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. ഭക്ഷണത്തിന് മുമ്പ് മധുരപലഹാരങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ ദഹന ഹോര്‍മോണുകളെ റിലീസ് ചെയ്യിക്കും. ഭക്ഷണത്തിനു ശേഷം മധുരപലഹാരങ്ങള്‍ കഴിക്കുന്നത് സാധാരണ ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയും ദഹനക്കേടുണ്ടാക്കുകയും ചെയ്യും. ഭക്ഷണത്തിന് ശേഷം മധുരം കഴിക്കുന്നത് ഗ്യാസ് പോലുള്ള പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും. ഭക്ഷണത്തിന് മുമ്പ് മധുരപലഹാരങ്ങള്‍ കഴിക്കാന്‍ ആയുര്‍വേദം ശുപാര്‍ശ ചെയ്യുന്നുണ്ടെങ്കിലും ഇവയുടെ അളവ് പരിമിതമായിരിക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. എപ്പോഴും ഒരു ടീസ്പൂണിലേക്ക് ഇവ ചുരുക്കുന്നതായിരിക്കും അഭികാമ്യം. രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദ്ദം, കലോറി ഉപഭോഗം എന്നിവ ഒരുപോലെ നിയന്ത്രിക്കാന്‍ ഇതുവഴി സാധിക്കും.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.26, പൗണ്ട് – 93.34, യൂറോ – 81.05, സ്വിസ് ഫ്രാങ്ക് – 82.81, ഓസ്ട്രേലിയന്‍ ഡോളര്‍ – 51.84, ബഹറിന്‍ ദിനാര്‍ – 218.23, കുവൈത്ത് ദിനാര്‍ -265.30, ഒമാനി റിയാല്‍ – 213.65, സൗദി റിയാല്‍ – 21.90, യു.എ.ഇ ദിര്‍ഹം – 22.40, ഖത്തര്‍ റിയാല്‍ – 22.59, കനേഡിയന്‍ ഡോളര്‍ – 60.00.