അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള അംബുജ സിമന്റ്സ് ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പെന്ന സിമന്റ്സിനെ ഏറ്റെടുത്തു. പെന്ന സിമന്റ്സിന്റെ പ്രോമോട്ടര്‍മാരായ പി പ്രതാപ് റെഡ്ഡിയുടെയും കുടുംബത്തിന്റെയും പേരിലുള്ള മുഴുവന്‍ ഓഹരികളും വാങ്ങിയാണ് കമ്പനിയെ ഏറ്റെടുത്തത്. 10,422 കോടി രൂപ നല്‍കിയാണ് പെന്ന സിമന്റിനെ അംബുജ സിമന്റ്സ് സ്വന്തമാക്കിയത്. 2022ലാണ് അംബുജ സിമന്റ്സ് അദാനി ഗ്രൂപ്പിന്റെ ഭാഗമായത്. നിലവില്‍ 146 ദശലക്ഷം ടണ്‍ വാര്‍ഷിക ശേഷിയുള്ള ബിര്‍ലയുടെ ഉടമസ്ഥതയിലുള്ള അള്‍ട്രാടെക്കിനാണ് സിമന്റ് വിപണിയില്‍ ആധിപത്യം. അദാനിയുടെ നിലവിലെ വാര്‍ഷിക ശേഷി 18 പ്ലാന്റുകളിലായി ഏകദേശം 79 ദശലക്ഷം ടണ്‍ ആണ്. അതായത് അള്‍ട്രാടെക്കിന്റെ പകുതി മാത്രം. 14% വിപണി വിഹിതം. പെന്ന സിമന്റിനെ ഏറ്റെടുത്തതോടെ, അദാനി ഗ്രൂപ്പിന്റെ വാര്‍ഷിക ശേഷിയില്‍ 14 ദശലക്ഷം ടണ്‍ കൂടി വര്‍ധിക്കും. ഇതോടെ വിപണി വിഹിതം 16 ശതമാനമായി ഉയരും. ലോകത്ത് സിമന്റ് ഉല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 550 ദശലക്ഷം ടണ്‍ വാര്‍ഷിക ശേഷിയാണ് ഇന്ത്യയ്ക്ക് ഉള്ളത്. 150 കോടി ടണ്‍ വാര്‍ഷിക ശേഷിയോടെ ചൈനയാണ് ഒന്നാം സ്ഥാനത്ത്. 1991ലാണ് പെന്ന സിമന്റ് പ്രവര്‍ത്തനം ആരംഭിച്ചത്. 2022ല്‍ അംബുജ സിമന്റ്സിനെ കൂടാതെ അംബുജ സിമന്റ്സിന്റെ ഉപകമ്പനിയായ എസിസിയെ കൂടി അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.