കണ്ണില്‍ നിന്നും അല്‍ഷിമേഴ്‌സ് സാധ്യത നേരത്തേ കണ്ടെത്താമെന്ന് ഗവേഷകര്‍. റെറ്റിനല്‍ പരിശോധനകളിലൂടെ അല്‍ഷിമേഴ്‌സ് സാധ്യത നേരത്തേ കണ്ടെത്താമെന്നാണ് ആക്റ്റ ന്യൂറോപതോളജിക്ക എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ലോസ്ആഞ്ജലസിലെ സെഡാര്‍സ് സിനായ് മെഡിക്കല്‍ സെന്ററിലുള്ള ഗവേഷകരാണ് പഠനം നടത്തിയത്. അല്‍ഷിമേഴ്‌സ് ബാധിച്ച് മരിച്ച 86 പേരുടെ കണ്ണും തലച്ചോറിലെ കോശങ്ങളും പരിശോധിച്ചാണ് ?ഗവേഷകര്‍ പഠനം നടത്തിയത്. സാധാരണ കോഗ്‌നിറ്റീവ് ഫങ്ഷന്‍ ഉള്ളവരുടെയും അല്‍ഷിമേഴ്‌സിന്റെ ആദ്യകാല ലക്ഷണങ്ങള്‍ ഉള്ളവരുടെയും അല്‍ഷിമേഴ്‌സിന്റെ അവസാനഘട്ടത്തില്‍ ഉള്ളവരുടെയും സാമ്പിളുകള്‍ പരസ്പരം താരതമ്യം ചെയ്തായിരുന്നു പഠനം. കോഗ്‌നിറ്റീവ് പ്രവര്‍ത്തനങ്ങള്‍ തകരാറിലായി തുടങ്ങുകയും അല്‍ഷിമേഴ്‌സ് രോഗമുള്ളവരുമാണെങ്കില്‍ അവരുടെ റെറ്റിനയില്‍ അമിലോയിഡ് ബീറ്റാ 42 എന്ന അല്‍ഷിമേഴ്‌സ് സാധ്യത വര്‍ധിപ്പിക്കുന്ന പ്രോട്ടീനിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തി. ഇവരില്‍ മൈക്രോഗ്ലിയ എന്ന അല്‍ഷിമേഴ്‌സ് സാധ്യത വര്‍ധിപ്പിക്കുന്ന കോശങ്ങളും കൂടുതലാണെന്ന് കണ്ടെത്തി. അല്‍ഷിമേഴ്‌സ് ലക്ഷണമായ മറവി അടക്കം കണ്ടുതുടങ്ങുന്നതിന് മുമ്പ് രോഗം മസ്തിഷ്‌കത്തില്‍ ആരംഭിച്ചിരിക്കും. ഇത് നേരത്തെതന്നെ ഡോക്ടര്‍മാര്‍ക്ക് കണ്ടുപിടിക്കാനായാല്‍ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനാകും.