രാജ്യത്തെ സാധാരണക്കാരെ ഇരുചക്രവാഹനത്തില്‍ നിന്ന് കാറെന്ന സ്വപ്നത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ മാരുതിയുടെ ജനപ്രിയ മോഡലായ ആള്‍ട്ടോ 800- ന്റെ നിര്‍മ്മാണം അവസാനിപ്പിച്ച് കമ്പനി. സാധാരണക്കാരന്റെ കാര്‍ എന്ന് വിളിക്കപ്പെടുന്ന ആള്‍ട്ടോ 800- ന് ഇന്ത്യന്‍ വിപണിയില്‍ ആരാധകര്‍ ഏറെയാണ്. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് മോഡല്‍ കൂടിയാണ് ആള്‍ട്ടോ 800. ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് പ്രാബല്യത്തിലായ ബിഎസ് 6 രണ്ടാംഘട്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് മാരുതി സുസുക്കി ഈ മോഡലുകള്‍ നിര്‍ത്തലാക്കുന്നത്. പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച്, ചെറിയ ചെലവില്‍ വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കില്ലെന്ന് മാരുതി ഇതിനോടകം അറിയിച്ചിരുന്നു. അതേസമയം, ഷോറൂമുകളില്‍ സ്റ്റോക്കുള്ള ആള്‍ട്ടോ 800 ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാവുന്നതാണ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം, 1,700,000 യൂണിറ്റ് ആള്‍ട്ടോ 800 കാറുകളാണ് രാജ്യത്ത് വിറ്റഴിച്ചത്. 2000- ല്‍ ആള്‍ട്ടോ എന്ന മോഡലും, 2012-ല്‍ ആള്‍ട്ടോ 800 എന്ന മോഡലുമാണ് കമ്പനി അവതരിപ്പിച്ചത്. അതേസമയം, ആള്‍ട്ടോ എന്ന ബ്രാന്‍ഡിന് കീഴില്‍ ആകെ 4,450,000 യൂണിറ്റ് കാറുകളാണ് ഇന്ത്യന്‍ നിരത്തില്‍ എത്തിയത്.