മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കമ്പനികള്‍ കുറഞ്ഞെങ്കിലും നേട്ടം കൊയ്ത് ഐപിഒ. നിക്ഷേപകര്‍ക്ക് ലഭിച്ചത് മികച്ച ലാഭം. ഈ വര്‍ഷം ഡിസംബര്‍ 12 വരെയുള്ള കണക്കുപ്രകാരം ഐ.പി.ഒ നടത്തിയത് 31 കമ്പനികളാണ്; ഇവ സമാഹരിച്ച മൊത്തം തുക 58,346 കോടി രൂപ. 2021ല്‍ 65 കമ്പനികള്‍ ചേര്‍ന്ന് 1.31 ലക്ഷം കോടി രൂപ നേടിയിരുന്നു. ഈ വര്‍ഷത്തെ ശരാശരി സമാഹരണം 1,844 കോടി രൂപയാണ്. 2021ല്‍ 2,022 കോടി രൂപയായിരുന്നു. അതേസമയം, ഈ വര്‍ഷം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത 31 കമ്പനികളില്‍ 5 കമ്പനികള്‍ മാത്രമാണ് നിക്ഷേപകര്‍ക്ക് നെഗറ്റീവ് റിട്ടേണ്‍ നല്‍കിയത്. കീ സ്റ്റോണ്‍ റിയല്‍റ്റേഴ്സ് കമ്പനിയുടെ നിക്ഷേപകര്‍ക്ക് ലാഭമോ നഷ്ടമോയില്ല. മറ്റ് 25 കമ്പനികളും നിക്ഷേപകര്‍ക്ക് മികവുറ്റ റിട്ടേണ്‍ തന്നെ നല്‍കി. ഇവയില്‍ 4 കമ്പനികള്‍ സമ്മാനിച്ചത് നേട്ടം 100 ശതമാനത്തിന് മേലെയാണ്; അതായത് ഇരട്ടിയിലേറെ ആദായം. 18 കമ്പനികളുടെ റിട്ടേണ്‍ 12 മുതല്‍ 60 ശതമാനം വരെയാണ്. 100 ശതമാനത്തിനുമേല്‍ കുതിച്ചവരില്‍ ഒന്നാം സ്ഥാനം അദാനി ഗ്രൂപ്പിനു തന്നെ. അദാനി വില്‍മര്‍ 183 ശതമാനമാണ് നേട്ടമുണ്ടാക്കിയത്.