പത്താന്റെ വിജയത്തിനു ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരുഖ് ഖാന്‍ ചിത്രമാണ് ജവാന്‍. തമിഴ് സംവിധായകന്‍ ആറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ഇത്. ഷാരുഖിനൊപ്പം തെന്നിന്ത്യന്‍ സിനിമാലോകത്തെ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇപ്പോള്‍ ആവേശമേറ്റിക്കൊണ്ട് ഒരു സൂപ്പര്‍സ്റ്റാറിന്റെ സാന്നിധ്യം കൂടി ചര്‍ച്ചയാവുകയാണ്. ചിത്രത്തില്‍ അല്ലു അര്‍ജുനും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ജവാനിലെ ഒരു കഥാപാത്രം ചെയ്യാന്‍ ആറ്റ്ലി അല്ലു അര്‍ജുനെ സമീപിച്ചിരിക്കുകയാണ്. ഗസ്റ്റ് റോളാണ് താരത്തിനു വേണ്ടി മാറ്റിവച്ചിരിക്കുന്നത്. അല്ലു അര്‍ജുന്‍ സമ്മതം മൂളുകയാണെങ്കില്‍ താരത്തിന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം കൂടിയാവും ഇത്. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ വിജയ് സേതുപതി, പ്രിയാമണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. തമിഴ് സൂപ്പര്‍താരം വിജയും ഗസ്റ്റ് റോളില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.