കാത്തിരിപ്പിനൊടുവില്‍ ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങിയ ലിയോ തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. വിജയിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനം തന്നെയാണ് ലിയോയില്‍ കാണാന്‍ കഴിയുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ കൊണ്ട് 400 കോടി രൂപയാണ് ചിത്രം ആഗോള കളക്ഷനായി ഇതുവരെ നേടിയത്. ഇപ്പോഴിതാ ലിയോയിലെ അനിരുദ്ധ് സംഗീതം ചെയ്ത ‘ഓര്‍ഡിനറി പേഴ്‌സണ്‍’ എന്ന ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. സോണി മ്യൂസിക് സൗത്തിന്റ്‌റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ഹെയ്‌സന്‍ബര്‍ഗിന്റെ വരികള്‍ക്ക് നിഖിത ഗാന്ധിയാണ് ശബ്ദം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഗാനത്തിനെതിരെ ഇപ്പോഴിതാ കോപ്പിയടി ആരോപണം വന്നിരിക്കുകയാണ്. ഒറ്റ്‌നിക്ക എന്ന സംഗീതജ്ഞന്റെ ‘വെയര്‍ ആര്‍ യു’ എന്ന ഗാനവുമായി ലിയോയിലെ ഗാനത്തിന് സാമ്യമുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്. മൂന്ന് വര്‍ഷം മുന്‍പ് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത ഒര്‍ജിനല്‍ ഗാനത്തിന് 64 മില്ല്യണ്‍ വ്യൂസ് ആണ് നിലവില്‍ ഉള്ളത്. ഓര്‍ഡിനറി പേഴ്‌സണ്‍ എന്ന ഗാനത്തിന് വരികളെഴുതിയ ഹെയ്‌സന്‍ബര്‍ഗ് എന്നത് അനിരുദ്ധിന്റെ തന്നെ മറ്റൊരു പേരാണെന്നും മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ചര്‍ച്ച ചെയ്തിരുന്നു.