ഈ വര്‍ഷം 2024-ല്‍ അല്‍കാസറിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഹ്യുണ്ടായ് മോട്ടോര്‍ ഒരുങ്ങുകയാണ്. ഇതിനിടെ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന അല്‍കാസറിന്റെ വില്‍പ്പന 75,506 യൂണിറ്റ് എന്ന നാഴികക്കല്ല് മറികടന്നു. അല്‍കാസറിന് ഇന്ത്യന്‍ വിപണിയില്‍ മൂന്ന് വര്‍ഷം പഴക്കമുണ്ട്. 2021 ജൂണ്‍ 18-നായിരുന്നു വാഹനത്തിന്റെ ആദ്യാവതരണം. മൂന്ന് നിരകളുള്ള അല്‍കാസര്‍ ഇടത്തരം എസ്യുവി കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉല്‍പ്പന്നമായ ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്. ക്രെറ്റയുടെ സമാന സവിശേഷതകളോടെയാണ് ഇത് വരുന്നത്. ആറും ഏഴും സീറ്റ് ലേ ഔട്ടുകളില്‍ ഈ വാഹനം ലഭ്യമാണ്. വില്‍പ്പന റിപ്പോര്‍ട്ട് അനുസരിച്ച്, മൂന്ന് നിരകളുള്ള അല്‍കാസര്‍ മിഡ്സൈസ് എസ്യുവി മൊത്തം 1,02,682 യൂണിറ്റുകള്‍ വിറ്റഴിച്ചു. അതില്‍ ആഭ്യന്തര വിപണിയില്‍ 75,506 യൂണിറ്റുകളും ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയായി 27,176 യൂണിറ്റുകളും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 3.1 ശതമാനം വര്‍ധനവുണ്ടായി. അല്‍കാസര്‍ ഫെയ്സ്ലിഫ്റ്റ് 2024 പകുതിയോടെ, ഒരുപക്ഷേ, അല്‍കാസറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കാനാണ് ഹ്യൂണ്ടായ് ആദ്യം തീരുമാനിച്ചിരുന്നത്. പക്ഷേ ഈ ലോഞ്ച് പിന്നീട്, ഉത്സവ സീസണിന് തൊട്ടുമുമ്പ്, അതായത് 2024 സെപ്റ്റംബര്‍-ഒക്ടോബറിലേക്ക് കമ്പനി മാറ്റി.