ഇന്ത്യയിലെ പുതിയ എയര്‍ലൈനായ ആകാശ എയറിന് 602 കോടിയുടെ നഷ്ടം. 777.8 കോടിയാണ് കമ്പനിയുടെ വരുമാനം. 1866 കോടിയാണ് കമ്പനിയുടെ പ്രവര്‍ത്തന ചെലവ്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് ആകാശ എയര്‍ പ്രവര്‍ത്തനം തുടങ്ങിയത്. ആഗസ്റ്റ് മുതല്‍ മാര്‍ച്ച് 31 വരെയുള്ള കമ്പനിയുടെ പ്രവര്‍ത്തനഫലമാണ് പുറത്ത് വന്നത്. പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പുണ്ടായ ചെലവുകളാണ് കമ്പനി നഷ്ടത്തിലേക്ക് പോകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. 2006-07 പ്രവര്‍ത്തനത്തിന്റെ ആദ്യ വര്‍ഷത്തില്‍ ഇന്‍ഡിഗോ 174.1 കോടിയുടെ നഷ്ടമാണുണ്ടാക്കിയത്. ആറ് എയര്‍ ക്രാഫ്റ്റുകളാണ് ഇന്‍ഡിഗോക്ക് ഉണ്ടായിരുന്നത്. മൂന്നാം വര്‍ഷത്തിലാണ് ഇന്‍ഡിഗോ 82 കോടി ലാഭമുണ്ടാക്കിയത്. പ്രവര്‍ത്തനം തുടങ്ങി 11 മാസത്തിനുള്ളില്‍ അഞ്ച് ശതമാനം വിപണി വിഹിതം നേടാന്‍ ആകാശ എയറിന് സാധിച്ചിട്ടുണ്ട്. 19ഓളം എയര്‍ ക്രാഫ്റ്റുകളും ആകാശ കൂട്ടിച്ചേര്‍ത്തു. 72 ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് കമ്പനി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ 100 വിമാനങ്ങള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കുമെന്ന് ആകാശ അറിയിച്ചിട്ടുണ്ട്.