സൂര്യപ്രകാശം കുറഞ്ഞ കാലാവസ്ഥയില്‍, അല്ലെങ്കില്‍ വായു മലിനീകരണം എന്നിവയെ തുടര്‍ന്ന് ആവശ്യത്തിന് വിറ്റാമിന്‍ ഡിയുടെ ലഭ്യത വെല്ലിവിളിയാകും. ആവശ്യത്തിന് സൂര്യപ്രകാശം ലഭിച്ചാലും ഇരുണ്ട ചര്‍മുള്ളവരില്‍, അതായത് ഉയര്‍ന്ന അളവില്‍ മെലാനില്‍ ഉള്ളവരില്‍ ആവശ്യത്തിന് വിറ്റാമിന്‍ ഡി ഉല്‍പാദിപ്പിക്കാന്‍ പ്രയാസമാണ്. കൂടാതെ പൊണ്ണത്തടി, ദഹനസംബന്ധമായ തകരാറുകള്‍, വൃക്കരോഗങ്ങള്‍ എന്നിവ നേരിടുന്ന പ്രായമായവരിലും വിറ്റാമിന്‍ ഡി പ്രോസസ് ചെയ്യാന്‍ കഴിയില്ല. എല്ലുകള്‍ക്കും പല്ലുകള്‍ക്കും ആവശ്യമായ കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ ആഗിരണത്തിന് ശരീരത്തില്‍ വിറ്റാമിന്‍ ഡി അനിവാര്യമാണ്. രോഗപ്രതിരോധ പ്രവര്‍ത്തനം, പേശികളുടെ ആരോഗ്യം, വീക്കം, മാനസികാവസ്ഥ എന്നിവയുടെ പരിപാലനത്തിനും ഇവ നിര്‍ണായക പങ്ക് വഹിക്കുന്നു. ശൈത്യകാലത്തും ഏകദേശം 15 മുതല്‍ 30 മിനിറ്റ് വരെ അള്‍ട്രാവയലറ്റ് ബി (യുവിബി) രശ്മികള്‍ ഏല്‍ക്കുന്നത് വിറ്റാമിന്‍ ഡിയുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കും. സാല്‍മണ്‍, അയല, ട്യൂണ, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. സൂര്യപ്രകാശം ഏല്‍ക്കുന്ന കോഴികളില്‍ നിന്നുള്ള മുട്ടകളും വിറ്റാമിന്‍ ഡിയുടെ നല്ല ഉറവിടമാണ്. ഫോര്‍ട്ടിഫൈഡ് പാല്‍, ഓറഞ്ച് ജ്യൂസ്, ചീസ്, തൈര് തുടങ്ങിയവയിലും ചെറിയ അളവില്‍ വിറ്റാമിന്‍ അടങ്ങിയിട്ടുണ്ട്. അള്‍ട്രാവയലറ്റ് രശ്മികളുടെ സഹായത്താല്‍ വളരുന്ന മൈടേക്ക്, ഷിറ്റേക്ക് തുടങ്ങിയ കൂണു ഇനങ്ങളിലും വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. സൂര്യപ്രകാശത്തില്‍ നിന്നോ ഭക്ഷണങ്ങളില്‍ നിന്നോ ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കാതെ വരുമ്പോള്‍ മാത്രം വിറ്റാമിന്‍ ഡി സപ്ലിമെന്റുകളെ ആശ്രയിക്കാവുന്നതാണ്.