കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രക്കാരെ ലക്ഷ്യമിട്ട് മൈസൂരു വിമാനത്താവളത്തില്‍ നിന്ന് സര്‍വ്വീസ് തുടങ്ങാന്‍ പ്രവാസി മലയാളികളുടെ വിമാന കമ്പനിയായ എയര്‍ കേരള. അടുത്ത ജൂണില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന എയര്‍ കേരളയുടെ മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം മൈസൂരു വിമാനത്താവളവുമായി ധാരണയിലെത്തി. ഏതാനും ദിവസം മുമ്പ് കണ്ണൂര്‍ വിമാനത്താവളവുമായി ധാരണാപത്രം ഒപ്പു വച്ചതിന് പിന്നാലെയാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള മൈസൂരു വിമാനത്താവളവുമായി ധാരണയിലെത്തിയത്. കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് ഏറെ അടുത്താണ് മൈസൂരു വിമാനത്താവളം. മൈസൂരുവില്‍ നിന്ന് ബംഗളൂരുവിലേക്ക് റോഡ്, ട്രെയിന്‍ കണക്ടിവിറ്റിയും മെച്ചപ്പെട്ടതാണ്. മൈസൂരുവില്‍ ഏവിയേഷന്‍ അക്കാദമി ആരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഡി.ജി.സി.എയുടെ എയര്‍ ഓപ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ഉടനെ സര്‍വീസ് ആരംഭിക്കും. കൊച്ചി ആസ്ഥാനമായാണ് എയര്‍ കേരള പ്രവര്‍ത്തിക്കുന്നത്. 2026 ല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.