എയര്‍ ഇന്ത്യ പറക്കുകയാണ്. അനന്ത വിശാലമായ ആകാശത്തെ ആഗോള വ്യോമപാതകളില്‍ ആധിപത്യം ഉറപ്പാക്കുന്ന പറക്കല്‍. എയര്‍ ഇന്ത്യയുടെ പറക്കല്‍ ടാറ്റായുടെ മാത്രമല്ല, ഇന്ത്യയുടെ പറക്കല്‍കൂടിയാണ്. യാത്രാസൗകര്യങ്ങള്‍ക്കൊപ്പം ഇന്ത്യയില്‍ അനേകം തൊഴിലവസരങ്ങളും വരുമാനവും വര്‍ധിപ്പിക്കുന്ന പറക്കലാണിത്.
എയര്‍ ഇന്ത്യ 470 പുതിയ വിമാനങ്ങള്‍ വാങ്ങുകയാണ്. ഫ്രഞ്ച് വിമാന നിര്‍മാണക്കമ്പനിയായ എയര്‍ബസിന്റെ 250 വിമാനങ്ങളും അമേരിക്കന്‍ കമ്പനിയായ ബോയിംഗിന്റെ 220 വിമാനങ്ങളുമാണ് വാങ്ങുന്നത്. ആറര ലക്ഷം കോടി രൂപ മുടക്കിയാണ് ഇത്രയും വിമാനങ്ങള്‍ ഒറ്റയടിക്കു വാങ്ങുന്നത്. ലോക വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റത്തവണ വിമാനം വാങ്ങല്‍ കരാറാണിത്.
എയര്‍ ഇന്ത്യയെ ലോകത്തെ ഏറ്റവും വലുതും മികച്ചതുമായ വിമാനക്കമ്പനിയാക്കുകയാണ് ഉടമകളായ ടാറ്റ. ഇതൊരു മധുര പ്രതികാരത്തിന്റെ ചരിത്രം കുറിക്കല്‍ കൂടിയാണ്. ജെആര്‍ഡി ടാറ്റയുടെ നേതൃത്വത്തില്‍ എയര്‍ ഇന്ത്യ ആരംഭിച്ചത് 1932 ലാണ്. 1953 ല്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമാക്കി. നഷ്ടത്തിലായ എയര്‍ ഇന്ത്യയെ നീണ്ട 69 വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞ വര്‍ഷമാണ് ടാറ്റ തിരിച്ചുപിടിച്ചത്. ലേലത്തില്‍ 18,000 കോടി രൂപ കേന്ദ്രസര്‍ക്കാരിനു നല്‍കിയാണ് എയര്‍ ഇന്ത്യയെ ടാറ്റ വീണ്ടെടുത്തത്. കിട്ടിയതു പട്ടിക്കൂടുപോലുള്ള 113 വിമാനങ്ങള്‍. 26 എക്‌സ്പ്രസ് വിമാനങ്ങള്‍ വേറേയുമുണ്ട്. എല്ലാം കൂടി 139 വിമാനങ്ങള്‍. അവയുടെ എന്‍ജിന്‍ അടക്കം എല്ലാ സാങ്കേതിക വിദ്യകളും അറുപഴഞ്ചന്‍. യാത്രക്കാരുടെ സീറ്റുകളും ടോയ്‌ലെറ്റും അടക്കം എല്ലാം പ്രാകൃതാവസ്ഥയിലാണ്. ഇത്തരം ന്യൂനതകളെല്ലാം സഹിച്ചും എയര്‍ ഇന്ത്യയെ സ്‌നേഹിക്കുന്ന വിമാനയാത്രക്കാര്‍. ഈ സാഹചര്യം കണക്കിലെടുത്താണ് ഇത്രയധികം വിമാനങ്ങള്‍ ഒന്നിച്ചു വാങ്ങാന്‍ ടാറ്റ തീരുമാനിച്ചത്.
രാജ്യത്തെ ആഭ്യന്തര വിമാനയാത്രാ മേഖലയില്‍ ഒന്നാം സ്ഥാനം 305 വിമാനങ്ങളുള്ള ഇന്‍ഡിഗോയ്ക്കാണ്. 470 വിമാനങ്ങള്‍ കൂടി വരുന്നതോടെ ഒന്നാം സ്ഥാനം എയര്‍ ഇന്ത്യക്കാകും. ലോകത്തു വിമാനങ്ങളുടെ എണ്ണത്തില്‍ ഒന്നാമന്‍ 934 വിമാനമുള്ള അമേരിക്കന്‍ എയര്‍ലൈന്‍സാണ്. ഡെല്‍റ്റാ എയര്‍ലൈന്‍സിന് 910 വിമാനവും യുണൈറ്റഡ് എയര്‍ലൈന്‍സിന് 861 വിമാനവുമുണ്ട്. അഞ്ഞൂറിലേറെ വിമാനമുള്ള ആറു കമ്പനികളുടെ ഗണത്തിലേക്കാണ് എയര്‍ ഇന്ത്യ എത്തുന്നത്. ഈ വര്‍ഷം അവസാനത്തോടെ എയര്‍ ഇന്ത്യക്കു പുതിയ വിമാനങ്ങള്‍ എത്തിത്തുടങ്ങും.
എയര്‍ ഇന്ത്യക്കു 470 വിമാനങ്ങള്‍ എത്തുന്നതോടെ ഇന്ത്യയില്‍ രണ്ടു ലക്ഷത്തോളം പേര്‍ക്കു തൊഴിലും വരുമാനവും ലഭിക്കും. നിലവിലുള്ള 113 വിമാനങ്ങള്‍ പറത്താന്‍ എയര്‍ ഇന്ത്യയില്‍ 1600 പൈലറ്റുമാരാണുള്ളത്. പുതിയ 470 വിമാനങ്ങള്‍ പറത്താന്‍ 6500 പൈലറ്റുമാരെ നിയമിക്കേണ്ടി വരും. ഇതിനു പുറമേ കാമ്പിന്‍ ക്രൂ, സാങ്കേതിക, സാങ്കേതികേതര ജീവനക്കാര്‍ തുടങ്ങിയ അനുബന്ധ മേഖലകളില്‍ നേരിട്ടും അല്ലാതെയും രണ്ടു ലക്ഷത്തോളം പേര്‍ക്കു തൊഴില്‍ ലഭിക്കും.
രണ്ടു മാസത്തിനകം ചൈനയെ പിന്തള്ളി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുകയാണ്. ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള രാജ്യവും ഇന്ത്യതന്നെയാകും. 137 വിമാനത്താവളങ്ങളാണ് ഇന്ത്യയിലുള്ളത്. അഞ്ചു വര്‍ഷത്തിനകം 50 പുതിയ വിമാനത്താവളങ്ങള്‍ തുടങ്ങും. കൂടുതല്‍ പേര്‍ വിമാനയാത്രക്കാരായി വരും.
എഴുപതിനായിരം കോടി രൂപയുടെ സഞ്ചിത നഷ്ടംമൂലം മുന്നോട്ടു പോകാന്‍ കഴിയാതായപ്പോഴാണ് എയര്‍ ഇന്ത്യയെ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇരുകൈയും നീട്ടി സ്വീകരിച്ച ടാറ്റ സര്‍വശക്തിയും സംഭരിച്ച് എയര്‍ ഇന്ത്യയെ നവീകരിച്ചു പറത്തി വിടുകയാണ്. പുതിയ വിമാനങ്ങളുമായി ലോകത്തിന്റെ ആകാശം കീഴടക്കുകയാണ്. ടാറ്റയ്ക്കും എയര്‍ ഇന്ത്യക്കുമൊപ്പം ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. അതേ, അഭിമാനച്ചിറകിലേറി പറക്കാം.
എയര്‍ ഇന്ത്യ പറക്കുകയാണ് !
![എയര്‍ ഇന്ത്യ പറക്കുകയാണ് ! 1 cover 22](https://dailynewslive.in/wp-content/uploads/2023/02/cover-22-1200x675.jpg)