വിവിധ രാജ്യങ്ങള്‍ ചുറ്റിക്കറങ്ങി അവിടെയുള്ള കാഴ്ചകളും മറ്റും ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇത്തരത്തിലുള്ള യാത്രാ പ്രേമികള്‍ക്ക് ഗംഭീര ഓഫറുമായി എത്തുകയാണ് ഇന്ത്യയിലെ പ്രമുഖ എയര്‍ലൈനായ എയര്‍ ഇന്ത്യ. വെറും ഒറ്റ ടിക്കറ്റ് കൊണ്ട് യൂറോപ്പിലെ വിവിധ നഗരങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് എയര്‍ ഇന്ത്യ ഒരുക്കുന്നത്. ആക്‌സസ് റെയിലുമായി സഹകരിച്ചുള്ള ഇന്റര്‍മോഡല്‍-ഇന്റര്‍ലൈന്‍ കരാര്‍ വഴിയാണ് ഈ ഒറ്റ ടിക്കറ്റ് യാത്ര അവതരിപ്പിച്ചിട്ടുള്ളത്. ഏകദേശം 100-ലേറെ യൂറോപ്യന്‍ നഗരങ്ങളില്‍ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയും. എയര്‍ ഇന്ത്യ ഇഷ്യു ചെയ്യുന്ന ടിക്കറ്റ് ഉപയോഗിച്ച് ബസ്, ട്രെയിന്‍ തുടങ്ങിയ ഗതാഗത സംവിധാനവും പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇതോടെ, എയര്‍പോര്‍ട്ട് സൗകര്യമില്ലാത്ത നഗരങ്ങള്‍ പോലും കാണാനുള്ള അവസരമാണ് യാത്രക്കാര്‍ക്ക് ലഭിക്കുക. ഓസ്ട്രിയ, ബെല്‍ജിയം, ജര്‍മ്മനി, ചെക്ക് റിപ്പബ്ലിക്ക്, ഹംഗറി, ഇറ്റലി, യുകെ എന്നിവിടങ്ങളിലെ നഗരങ്ങളും ഗ്രാമങ്ങളും അനായാസമായി ബന്ധിപ്പിക്കുന്ന ഒരു ഇന്റര്‍മോഡല്‍ യാത്രാ സൗകര്യം കൂടിയാണിത്. യൂറോപ്യന്‍ നഗരങ്ങളിലേക്കുള്ള ഈ ടിക്കറ്റുകള്‍ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്റുമാര്‍ വഴി ബുക്ക് ചെയ്യാന്‍ സാധിക്കും.