മുപ്പതാം പിറന്നാളിന് ആഡംബര വാഹനം സ്വന്തമാക്കി സിനിമാതാരവും ഇന്‍ഫ്‌ളുവന്‍സറുമായ അഹാന കൃഷ്ണ. ഡ്രൈവിങ്ങും യാത്രകളും ഒരുപാട് ഇഷ്ടപ്പെടുന്ന അഹാന ബിഎംഡബ്ല്യു എക്‌സ്5 ആണ് ഗാരിജിലേക്കെത്തിച്ചത്. പിറന്നാള്‍ ദിനത്തില്‍ അഹാന തനിക്ക് സ്വന്തം സമ്മാനിച്ച വാഹനമാണിത്. അച്ഛനും അമ്മയ്ക്കും അനുജത്തിക്കും ഒപ്പം എത്തിയാണ് വാഹനം സ്വീകരിച്ചത്. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് 5 സീരിസ്. 93.70 ലക്ഷം രൂപ മുതല്‍ 1.05 കോടി രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. അഹാന ഏത് പതിപ്പാണ് സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലാണ് ബിഎംഡബ്ല്യു എക്‌സ് 5 നിരത്തുകളില്‍ എത്തുന്നത്. 3.0 ലീറ്റര്‍ ആറ് സിലിണ്ടര്‍ എന്‍ജിനാണ് ഡീസല്‍ മോഡലില്‍ നല്‍കിയിരിക്കുന്നത്. ഇത് 281 ബിഎച്ച്പി പവറും 650 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പെട്രോള്‍ മോഡലിലും 3.0 ലീറ്റര്‍ എന്‍ജിനാണ് നല്‍കിയിട്ടുള്ളത്. 375 ബിഎച്ച്പി പവറും 520 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്.
ബിഎംഡബ്ല്യു എക്‌സ്5 സ്വന്തമാക്കി അഹാന കൃഷ്ണ
