രാജ്യത്ത് ഓഹരി വിപണിയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ വീണ്ടും വന്‍ കുറവ്. ഒപ്പം മൊത്തം വിദേശനിക്ഷേപത്തിലും കുറവുണ്ടായി. 2023-2024 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 34 ശതമാനമാണ് എഫ്ഡിഐയില്‍ കുറവ് വന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 16.58 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് വന്നിരുന്നുവെങ്കില്‍ ഇത്തവണ ഇത് 10.94 ബില്യണ്‍ ഡോളര്‍ ആയാണ് ഇടിഞ്ഞത്. കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, സോഫ്റ്റ്, ടെലികോം, ഫാര്‍മ തുടങ്ങിയ സുപ്രധാന മേഖലകളിലാണ് കുറവുണ്ടായതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ 40.55 ശതമാനം കുറവുണ്ടായി. യുഎസ്, യുകെ, മൗറീഷ്യസ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങളില്‍ കുറവുണ്ടായി. അതേസമയം നെതര്‍ലാന്‍ഡ്, ജപ്പാന്‍, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ളതില്‍ വര്‍ധനയും ഉണ്ട്.