റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ രാജ്യത്തെ പ്രമുഖ രണ്ടാമത്തെ ടെലികോം കമ്പനിയായ എയര്‍ടെലും മൊബൈല്‍ താരിഫ് നിരക്ക് വര്‍ധിപ്പിച്ചു. വിവിധ പ്ലാനുകളില്‍ 10 മുതല്‍ 21 ശതമാനം വരെയാണ് താരിഫ് നിരക്ക് കൂട്ടിയത്. 12.5 ശതമാനം മുതല്‍ 25 ശതമാനം വരെയാണ് ജിയോ വിവിധ പ്ലാനുകളില്‍ വര്‍ധനവ് വരുത്തിയത്. നേരത്തെ 155 രൂപയായിരുന്ന 28 ദിവസത്തെ 2 ജിബി ഡാറ്റ പ്ലാനിനു 189 രൂപ ഇനി മുതല്‍ നല്‍കേണ്ടി വരും. പ്രതിദിനം 1 ജിബി പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് 209 രൂപയ്ക്ക് പകരം ഇനി 249 രൂപ നല്‍കേണ്ടി വരും. പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാന്‍ 239 രൂപയില്‍ നിന്നു 299 രൂപ ആകും. 2 ജിബിക്ക് ഇനി മുതല്‍ 299 രൂപയായിരിക്കില്ല. 349 രൂപയായിരിക്കും നല്‍കേണ്ടി വരിക. പ്രതിദിനം 2.5 ജിബി ഡാറ്റ നല്‍കിയ പ്ലാന്‍ 349 രൂപയില്‍ നിന്നു 399 രൂപയായി മാറും. 3 ജിബി ഡാറ്റ പ്ലാനിനു ഇനി 399 രൂപയ്ക്ക് പകരം 449 രൂപ നല്‍കണം. റിലയന്‍സിന് സമാനമായി ജൂലൈ മൂന്നിന് എയര്‍ടെലിന്റെ പുതുക്കിയ താരിഫ് നിരക്കും നിലവില്‍ വരും. കുറഞ്ഞ പ്ലാനുകളില്‍ പ്രതിദിനം 70 പൈസയില്‍ താഴെ മാത്രമാണ് വര്‍ധനയെന്ന് എയര്‍ടെല്‍ അറിയിച്ചു. അണ്‍ലിമിറ്റഡ് വോയ്‌സ് പ്ലാനുകളില്‍ ഏകദേശം 11 ശതമാനമാണ് താരിഫ് വര്‍ധന. ഇതനുസരിച്ച് നിരക്ക് 179 രൂപയില്‍ നിന്ന് 199 രൂപയായും 455 രൂപയില്‍ നിന്ന് 509 രൂപയായും 1,799 രൂപയില്‍ നിന്ന് 1,999 രൂപയായും വര്‍ധിപ്പിച്ചതായും എയര്‍ടെല്‍ അറിയിച്ചു. പ്രതിദിന ഡാറ്റ പ്ലാന്‍ വിഭാഗത്തില്‍, 479 രൂപയുടെ പ്ലാന്‍ 579 രൂപയായാണ് ഉയര്‍ത്തിയത്.