‘2024 ട്രില്യണ്‍ ഡോളര്‍ ക്ലബ്’ എന്ന പേരില്‍ ഇന്‍ഫോര്‍മ കണക്ട് അക്കാദമിയുടെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്, ടെസ്ല, സ്പേസ് എക്സ്, എക്സ് മേധാവി ഇലോണ്‍ മസ്‌ക് 2027-ഓടെ ട്രില്യണ്‍ ഡോളര്‍ ക്ലബില്‍ കയറും. മാസ്‌കിന്റെ വാര്‍ഷിക സമ്പത്തിന്റെ വളര്‍ച്ചാ നിരക്ക് 110% ആണ്. എന്നാല്‍ മസ്‌കിനു പിറകെ ഈ പട്ടികയില്‍ ഇടം പിടിക്കുക ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായ ഗൗതം അദാനിയാണ്. 2028-ഓടെ അദാനി ട്രില്യണ്‍ ഡോളര്‍ ക്ലബില്‍ കയറും. അദാനിക്ക് പിന്നാലെ, എന്‍വിഡിയയുടെ സിഇഒയും സഹസ്ഥാപകനുമായ ജെന്‍സന്‍ ഹുവാങ്, ഇന്തോനേഷ്യന്‍ ബിസിനസ് ടൈക്കൂണ്‍ പ്രജോഗോ പാന്‍ഗെസ്റ്റു എന്നിവരും ഈ നാഴികക്കല്ല് പിന്നിടുമെന്നാണ് സൂചന. കഴിഞ്ഞ മാസം അവസാനമാണ് മുകേഷ് അംബാനിയെ അട്ടിമറിച്ച് രാജ്യത്തെ ഏറ്റവും സമ്പന്നന്‍ എന്ന സ്ഥാനം ഗൗതം അദാനി വീണ്ടെടുത്തത്. 2024ലെ ഹുറൂണ്‍ ഇന്ത്യ സമ്പന്നപട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഗൗതം അദാനി. 11.6 ലക്ഷം കോടി രൂപയാണ് അദാനിയുടെ ആകെ ആസ്തി. 10 .1 ലക്ഷം കോടി രൂപയുമായി മുകേഷ് അംബാനി രണ്ടാം സ്ഥാനത്താണ്.