ബലാത്സംഗ കേസിൽ ആരോപണ വിധേയനായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ വിളിച്ചതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഒളിവിൽ പോയതിൽ എൽദോസ് ഖേദം അറിയിച്ചു. പാർട്ടിയെ അറിയിച്ചിട്ട് വേണമായിരുന്നു പോകാൻ എന്ന് എൽദോസിന് മറുപടി നൽകി. എൽദോസിനെതിരെയുള്ള നടപടിയെക്കുറിച്ച് നേതാക്കളുമായി നാളെ ചർച്ച നടത്തും. മുൻകൂർ ജാമ്യം നൽകാൻ കോടതി കണക്കിലെടുത്ത കാരണങ്ങളും സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന എൽദോസിന്റെ ആരോപണവും പരിശോധിക്കുമെന്ന് കെ.സുധാകരൻ പറഞ്ഞു.
ആഭ്യന്തര വകുപ്പ് ഭരിക്കുന്ന പിണറായി സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പൊലീസിനെ വിട്ടുകൊടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊലീസുകാരന്‍ ഉള്‍പ്പെട്ട മാങ്ങാ മോഷണ കേസ് പോലും ഒത്തുതീര്‍പ്പാക്കുന്ന കാലമാണിത്. മുഖ്യമന്ത്രി കേരള പൊലീസിനെ നിര്‍വീര്യമാക്കുകയാണ്. ജില്ലാ സെക്രട്ടറി എസ് പി യെ ഭരിക്കുന്നു. ഏരിയ സെക്രട്ടറി എസ് എച്ച് ഓ യെ ഭരിക്കുന്നു. മയക്കു മരുന്ന് സംഘങ്ങളും ഗുണ്ടാ സംഘങ്ങളും സിപിഎം നേതാക്കള്‍ക്ക് കീഴില്‍ തഴച്ച് വളരുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. രാജ്യം കാക്കുന്ന പട്ടാളക്കാരനു പോലും പോലീസിന് കീഴിൽ രക്ഷയില്ലാത്ത അവസ്ഥഎന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരള സര്‍വകലാശാല സെനറ്റിലേക്ക് പുതിയ അംഗങ്ങളെ നിയമിക്കുന്നത് വിലക്കി ഹൈക്കോടതി . ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കാണ് നിര്‍ദേശം.അംഗങ്ങളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം. ഗവര്‍ണറുടെ നടപടി പരിശോധിക്കാനുള്ള അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി .ഹര്‍ജി 31 ന് വീണ്ടും പരിഗണിക്കും. അതേസമയം സെനറ്റിൽ നിന്ന് ഗവർണർ നീക്കം ചെയ്തെന്ന ഔദ്യോഗിക അറിയിപ്പ് പുറത്താക്കിയവര്‍ക്ക് രജിസ്ട്രാർ കൈമാറിയിട്ടുണ്ട്.
നിരപരാധിയായ തന്നെ പൊലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്നും മാനനഷ്ട കേസ് നൽകുമെന്നും എകെജി സെന്റർ ആക്രമണ കേസിലെ പ്രതി ജിതിൻ. ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ശേഷമായിരുന്നു ജിതിന്റെ പ്രതികരണം. കഞ്ചാവ് കേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിൻ ആരോപിച്ചു. ആക്രമണം നടത്തിയെന്ന് പോലീസ് പറയുന്ന സമയത്ത് ഊബർ ഓടുകയായിരുന്നു എന്നതിന് തെളിവുണ്ട്.
സ്പേസ് പാർക്കിലെ തന്റെ നിയമനം കമ്മീഷൻ നേടിയെടുക്കുന്നതിന് വേണ്ടിയായിരുന്നുവെന്ന് സ്വപ്ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയനും മകളും ശിവശങ്കറും ചേർന്നാണ് തന്നെ നിയമിച്ചത്. ഇക്കാര്യങ്ങളുടെ തെളിവ് ഇ ഡി യ്ക്ക് നൽകി എങ്കിലും ഈദ് യെയും മുഖ്യമന്ത്രി സ്വാധീനിച്ചു എന്ന് സ്വപ്ന പറഞ്ഞു.കോടതിയിൽ നൽകിയ 164 മൊഴിയിൽ ഏതെല്ലാം രീതിയിലാണ് ഞാൻ മുഖ്യമന്ത്രിയെയും ശിവശങ്കറിനെയും സഹായിച്ചതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിന് പിന്നാലെയാണ് ഗൂഢാലോചനാ കേസിൽ അടക്കം പെടുത്തിയത്.
കിളികൊല്ലൂർ മർദനത്തിൽ പോലീസ് ആണ് ആദ്യം ആക്രമിച്ചതെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. വിഷ്‌ണുവാണ് പൊലീസിനെ ആദ്യം ആക്രമിച്ചതെന്ന പൊലീസ് റിപ്പോർട്ട് ശരിയല്ല എന്ന് തെളിയിക്കുന്നതാണ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ. പൊലീസ് തന്നെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.