ഒരു സ്ത്രീ കാറിനടിയിൽ കുടുങ്ങിയതായി അറിയാമായിരുന്നെന്ന് സ്‌കൂട്ടറിലിടിച്ച് സ്ത്രീയെ കിലോമീറ്ററുകളോളം വലിച്ചിഴച്ച, അഞ്ജലി സിംഗ് കേസിലെ പ്രതികൾ. സ്ത്രീ കാറിനടിയിൽ കുടുങ്ങിയതായി അറിയാമായിരുന്നെങ്കിലും ഭയന്നാണ് കാർ ഓടിച്ചിരുന്നതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞതായാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. കാർ തടഞ്ഞു നിർത്തി യുവതിയെ രക്ഷപ്പെടുത്തിയിരുന്നെങ്കിൽ തങ്ങൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പ്രതികൾക്ക് അറിയാമായിരുന്നു. ഇക്കാരണത്താലാണ് അവർ കാർ നിർത്താഞ്ഞതെന്നാണ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
ദില്ലിയിലെ കഞ്ജവാല മേഖലയിൽ കാർ ഒന്നിലധികം തവണ യു-ടേൺ എടുത്തിരുന്നു. സുൽത്താൻപുരിയിൽ നിന്ന് അമിത വേഗതയിലെത്തിയാണ് കാർ സ്ത്രീയെ വലിച്ചിഴച്ചത്. പ്രതികൾ ഭയന്നിരുന്നതിനാൽ യുവതിയുടെ മൃതദേഹം താഴെ വീഴുന്നതുവരെ വാഹനം ഓടിച്ചു. കാറിനുള്ളിൽ ഉച്ചത്തിൽ പാട്ട് വച്ചിരുന്നെന്നും അതിനാൽ മൃതദേഹം ശ്രദ്ധയിൽപ്പെട്ടില്ലെന്നുമാണ് നേരത്തെ പ്രതികൾ പൊലീസിനോട് പറഞ്ഞിരുന്നത്. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കിയപ്പോൾ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടുവെന്നും പ്രതികൾ പറഞ്ഞിരുന്നു. ഇതെല്ലാം തെറ്റായിരുന്നുവെന്നാണ് ഇപ്പോൾ പ്രതികൾ പറയുന്നത്.