ലോകമെങ്ങും വലവിരിച്ചിരുന്ന സോവിയറ്റ് ചാരസംഘത്തിലുള്‍പ്പെട്ട ജര്‍മന്‍കാരനായ ക്ലോസ് ഫുക്‌സിന്റെ നിഗൂഢ ജീവിതത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട നോവല്‍. രണ്ടാം ലോകമഹായുദ്ധം അവസാനിക്കണമെങ്കില്‍ ജര്‍മനി ബോംബുണ്ടാക്കുന്നതിനു മുന്‍പ് അമേരിക്ക ആണവ ബോംബു നിര്‍മാണരഹസ്യം കൈക്കലാക്കണമെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ ഉള്‍പ്പെടെയുള്ളവര്‍ രാഷ്ട്രീയനേതൃത്വത്തെ ബോധ്യപ്പെടുത്തിയിരുന്നു. അതീവരഹസ്യമായി ബോംബുണ്ടാക്കാന്‍ അമേരിക്ക ന്യൂ മെക്‌സിക്കോയില്‍ സുരക്ഷിതമായൊരു താവളമൊരുക്കി. എന്നാല്‍ ആറ്റംബോംബിന്റെ പണിപ്പുരയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരാള്‍ അതിവിദഗ്ധമായി റഷ്യയ്ക്കുവേണ്ടി ചാരപ്പണി ചെയ്യുന്നുണ്ടായിരുന്നു. ഏഴു വന്‍കരകളിലും ചെങ്കൊടി പടരുന്നതു സ്വപ്നംകണ്ട ശാസ്ത്രജ്ഞന്റെയും അയാള്‍ക്ക് കൂട്ടുനിന്ന ചാരവനിതയുടെയും ജീവിതം. ലോകം ഞെട്ടലോടെ കേട്ട ചാരക്കഥയുടെ ചുരുളഴിയുന്നു. ‘ആറ്റം ചാരന്‍’. ഡോ. ജോര്‍ജ് വര്‍ഗീസ്. മനോരമ ബുക്‌സ്. വില: 320 രൂപ.