മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകരില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ഒന്നാണ് ‘ആടുജീവിതം’. പത്ത് വര്‍ഷത്തിനു ശേഷം എത്തുന്ന ബ്ലെസി ചിത്രം എന്നതിനൊപ്പം മലയാളികള്‍ കൊണ്ടാടിയ ഒരു നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം എന്നതും കാത്തിരിപ്പ് ഏറ്റുന്ന ഘടകമാണ്. ഏത് അഭിനേതാവും ആഗ്രഹിക്കുന്ന ഒന്നാണ് ആടുജീവിതത്തിലെ നായകനായ നജീബ്. ആ ഭാഗ്യം പൃഥ്വിരാജിനെയാണ് തേടിയെത്തിയത്. ശരീരഭാരം കുറച്ചതുള്‍പ്പെടെ വലിയ തയ്യാറെടുപ്പുകളും പ്രയത്‌നവുമാണ് പൃഥ്വി ഈ കഥാപാത്രത്തിനുവേണ്ടി ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. മണലാരണ്യത്തില്‍ ആടുകളുടെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന പൃഥ്വിരാജിന്റെ നജീബ് ആണ് പോസ്റ്ററില്‍. അസ്തമയ സൂര്യന്റേതെന്ന് തോന്നിപ്പിക്കുന്ന ഗോള്‍ഡന്‍ ടോണിലാണ് പോസ്റ്റര്‍. പാറിപ്പറന്ന മുടിയും അഴുക്ക് പുരണ്ട മുഖവുമൊക്കെയായാണ് പോസ്റ്ററില്‍ നജീബിന്റെ നില്‍പ്പ്. മേക്കോവര്‍ മാത്രമല്ല, പ്രകടനത്തിലും പൃഥ്വി പ്രേക്ഷകരെ ഞെട്ടിക്കുമെന്ന പ്രതീക്ഷ നല്‍കുന്നതാണ് പോസ്റ്റര്‍.