ആടിനെ പട്ടിയാക്കല്‍
മിത്തുകള്‍, മുത്തുകള്‍ – 17
പഞ്ചതന്ത്രം കഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്
ഗ്രാമത്തില്‍ യാഗപൂജകളില്‍ മുഴുകിക്കഴിഞ്ഞിരുന്ന ഒരു പാവം ബ്രാഹ്‌മണനുണ്ട്. യാഗകര്‍മങ്ങള്‍ നടത്താന്‍ വേണ്ടത്ര പണമില്ലാത്തതിനാല്‍ അയല്‍ഗ്രാമങ്ങളിലും മറ്റുമുള്ള ജന്മിമാരുടെ വീടുകള്‍ കയറിയിറങ്ങി അവിടെനിന്നു ലഭിക്കുന്ന ഭിക്ഷാ വസ്തുക്കള്‍ക്കൊണ്ടാണ് യാഗം. ഒരു കര്‍ക്കിടക മാസത്തില്‍ യാഗം നടത്താന്‍ ബ്രാഹ്‌മണന്‍ മുട്ടനാടിനെത്തേടി ഇറങ്ങി. ആടിനെ ഭിക്ഷയായി കിട്ടണം. ബ്രാഹ്‌മണന്‍ അടുത്ത ഗ്രാമത്തിലെ ജന്മിയുടെ വസതിയിലെത്തി. കാര്യം പറഞ്ഞപ്പോള്‍ ജന്മി കൊഴുത്തുരുണ്ട മുട്ടനാടിന്‍കുട്ടിയെ ദാനമായി നല്കി.
ബലിമൃഗത്തെ ചുമലിലേറ്റി ബ്രാഹ്‌മണന്‍ സ്വന്തം വീട്ടിലേക്കു നടന്നു. വിജനമായ വഴിയില്‍ മോഷ്ടാക്കളായ നാലു ചട്ടമ്പികള്‍. രണ്ടുദിവസമായി മോഷണമൊന്നും നടക്കാത്തതിനാല്‍ അവര്‍ പട്ടിണിയിലായിരുന്നു. തത്ക്കാലം വിശപ്പു മാറ്റാന്‍ എന്തെങ്കിലും കിട്ടുമോയെന്നു തെരഞ്ഞു നടക്കുമ്പോഴാണ് ആടിനെ ചുമന്നു വരുന്ന ബ്രാഹ്‌മണനെ കണ്ടത്
‘ഈ ബ്രാഹ്‌മണനെ പറ്റിച്ച് ആടിനെ നമുക്കു തട്ടിയെടുക്കാം. ആടിനെ പൊരിച്ചു തിന്നാല്‍ തല്ക്കാലം വിശപ്പുമാറും’- നാലു ചട്ടമ്പികളും പരസ്പരം പറഞ്ഞു.
അയാളെ കബളിപ്പിക്കാനുള്ള തന്ത്രവും അവര്‍ മെനഞ്ഞെടുത്തു. ബ്രാഹ്‌മണന്‍ ദൃഷ്ടിയില്‍ അകപ്പെടുംമുമ്പേ അവര്‍ നാലുവഴിക്ക് അപ്രത്യക്ഷരായി. അല്പം കഴിഞ്ഞപ്പോള്‍ ബ്രാഹ്‌മണന്റെ മാര്‍ഗമധ്യേ ചട്ടമ്പികളില്‍ ഒരുവന്‍ എത്തി.
‘അല്ലാ! ഇതെന്താ സ്വാമീ, പട്ടിയെയും ചുമന്നു നടക്കുന്നത്?’- ചട്ടമ്പി ചോദിച്ചു. ‘പട്ടിയോ? തനിക്കു കണ്ണില്ലേ? ഇത് ആട്ടിന്‍കുട്ടിയാണ്.’ -ബ്രാഹ്‌മണന്‍ അയാളുടെ വാക്കു ഗൗനിക്കാതെ മുന്നോട്ടു നടന്നു.
അല്പം കഴിഞ്ഞപ്പോള്‍ രണ്ടാമത്തെ ചട്ടമ്പി ബ്രാഹ്‌മണനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ‘എന്തു പറ്റി തിരുമേനി, പട്ടി ചത്തുപോയിയല്ലേ?’
‘പട്ടിയോ?’ സ്വാമി ചാടിക്കയറി പറഞ്ഞെങ്കിലും ചട്ടമ്പി തുടര്‍ന്നു:
‘ചത്ത പട്ടിയെ ചുമലിലേറ്റി നടക്കുന്നതു മനുഷ്യര്‍ക്കുചേര്‍ന്ന പണിയല്ല’.
‘നീയുമൊരു കണ്ണുപൊട്ടനാണോടാ?’ ബ്രാഹ്‌മണന്‍ മറുപടി പറഞ്ഞതു കേള്‍ക്കാത്തമട്ടില്‍ അയാള്‍ കടന്നുപോയി. ബ്രാഹ്‌മണന്‍ ആട്ടിന്‍കുട്ടിയുമായി വീണ്ടും മുന്നോട്ട്. അല്പസമയത്തിനകം മൂന്നാമത്തെ ചട്ടന്പിയും വന്നു. ബ്രാഹ്‌മണനുനേരെ സൂക്ഷിച്ചുനോക്കി നല്ലൊരു കോമാളിയെ കണ്ടിട്ടെന്ന മട്ടില്‍ പൊട്ടിച്ചിരിച്ചാണ് അയാളുടെ വരവ്.
‘ഹ! ഹ! ഹ! ഹ! ഇതു വളരെ നന്നായി ചത്ത പട്ടിയെ ചുമലിലേറ്റി നടക്കുന്നു. എന്താ സ്വാമി. ഈയിടെയായി തലയ്ക്കു നല്ല വെളിവില്ല, അല്ലേ?’ ഇത്രയും പറഞ്ഞ് മൂന്നാമത്തെയാളും കടന്നുപോയപ്പോള്‍ ബ്രാഹ്‌മണനു സംശയമായി. ചുമലില്‍ കിടക്കുന്നത് ആട്ടിന്‍കുട്ടിയോ ചത്ത പട്ടിയോ? തനിക്കു ഭ്രാന്തുപിടിച്ചുവോ? അയാള്‍ക്കു തന്നെപ്പറ്റിത്തന്നെ സംശയമായി. ആടാണോ പട്ടിയാണോ ചുമലിലെന്ന് നോക്കാന്‍ അയാള്‍ ആടിനെ താഴെയിറക്കി. ഉറക്കമായിരുന്ന ആട്ടിന്‍കുട്ടി ഇക്ക ഥയൊന്നും അറിയാതെ താഴെ കിടന്നു.
അപ്പോഴാണ് നാലാമത്തെ ചട്ടമ്പിയുടെ വരവ്. ‘എന്താ സ്വാമീ, ചത്ത പട്ടിയെ ജീവിപ്പിക്കാനുള്ള ശ്രമമാണോ? എത്ര നല്ല മനുഷ്യനാര്‍ന്നു. ഇപ്പോ മുഴുഭ്രാന്തായിപ്പോയല്ലോ.’
ഇതു കേട്ടതോടെ ബ്രാഹ്‌മണനു മതിയായി. താന്‍ ചുമന്നു നടന്നിരുന്നത് ആടിനെയല്ല, ചത്ത പട്ടിയെത്തന്നെ. ഇനിയും ഇതിനെ ചുമന്നു നടന്നാല്‍ ജനം ഭ്രാന്തനെന്നു വിളിച്ച് തന്നെ തല്ലിയോടിക്കും. ഒരുള്‍ക്കിടിലത്തോടെ ബ്രാഹ്‌മണന്‍ ഓര്‍ത്തു. പിന്നെ ഒരുനിമിഷംപോലും പാഴാക്കിയില്ല. ആടിനെ വഴിയില്‍ ഉപേക്ഷിച്ച് അയാള്‍ തിരിഞ്ഞുനോക്കാതെ സ്ഥലംവിട്ടു.
ഉടനേ നാലാമത്തെ ചട്ടമ്പി ആടിനെ കൈക്കലാക്കി. പിറകേ, മറ്റു മൂന്നു ചട്ടമ്പികളും എത്തി. പിന്നെ നാല്‍വര്‍സംഘം വഴിയരികില്‍ ആടിനെ പൊരിച്ചുതിന്നു.