ചെറുമയക്കത്തിന് നിരവധി ഗുണങ്ങളുണ്ട്. ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതു മുതല്‍ ചിന്താശക്തിയും ബൗദ്ധിക നിലവാരവും മെച്ചപ്പെടുത്തുന്നതു വരെ നീളുന്നതാണ് ലഘുനിദ്ര അഥവാ പവര്‍ നാപ്പിന്റെ ഗുണങ്ങള്‍. പകല്‍ സമയത്ത് ലഘു നിദ്രയ്ക്ക് പ്രത്യേകിച്ച് ഒരു സമയമില്ല എന്നതാണ് വിദഗ്ധര്‍ പറയുന്നത്. ഓരോരുത്തരുടെയും വ്യക്തിപരമായ സമയക്രമവും ഘടകങ്ങളും അനുസരിച്ച് അവരവര്‍ക്ക് യോജിച്ച സമയത്ത് പവര്‍ നാപ് ആകാം. ഉദാഹരണത്തിന് രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ ജോലി ചെയ്യുന്ന ആള്‍ക്ക് ഉച്ചയൂണിന് ശേഷമുള്ള സമയത്ത് പവര്‍നാപ് എടുക്കാം. ഉച്ചയ്ക്ക് 12.30 നും 2 മണിക്കും ഇടയ്ക്കുള്ള സമയമാകും നല്ലത്. പകല്‍ ജോലി ചെയ്യുന്നവര്‍ക്ക് വൈകിട്ട് 4 മണിക്കുശേഷം പവര്‍നാപ് എടുക്കുന്നത് ആരോഗ്യകരമല്ല. കാരണം പകല്‍ വൈകി മയങ്ങുന്നത് രാത്രിയിലെ ഉറക്കത്തെയും സര്‍ക്കാഡിയന്‍ റിഥത്തെയും ബാധിക്കും. ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്കും രാത്രി ജോലി ചെയ്യുന്നവര്‍ക്കും നേരത്തെയോ വൈകിയോ ലഘു നിദ്രയാകാം. ചെറുമയക്കം ഹൃദയാരോഗ്യത്തിനും നല്ലതാണ്. ഇത് ഹൃദ്രോഗം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. നന്നായി ഉറങ്ങുന്നത് ആളുകളെ സന്തോഷം ഉള്ളവരും ആരോഗ്യമുള്ളവരും ആക്കി മാറ്റും. ശരാശരി ഒരു മനുഷ്യന് രാത്രി 8 മണിക്കൂറിലും കുറവ് ഉറക്കമാണ് ലഭിക്കുന്നത്. ഓരോ വ്യക്തിക്കും ആവശ്യമായ ഉറക്കസമയവും വ്യത്യാസപ്പെട്ടിരിക്കും. 18 നും 60 നും ഇടയില്‍ പ്രായമുള്ള ആളുകള്‍ക്ക് കുറഞ്ഞത് 7 മണിക്കൂര്‍ ഉറക്കം ലഭിച്ചാല്‍ മതിയാകും. ഇത് രോഗപ്രതിരോധ സംവിധാനത്തെ സംരക്ഷിക്കുന്നു. കൂടാതെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ദിവസം മുഴുവനും മാനസികമായി വ്യക്തത വരുകയും ചെയ്യും. ഗുരുതരമായി ഉറക്കം ലഭിക്കാത്ത ആളുകള്‍, അതായത് രണ്ടാഴ്ചയോ അതിലധികമോ ആയി ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത ആളുകള്‍ക്ക് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ മന്ദത അനുഭവപ്പെടും. ഇത് 3 ദിവസമായി ഒട്ടും ഉറങ്ങാത്ത ആളുകളുടേതിനു തുല്യമായിരിക്കും. ഇങ്ങനെയുള്ളവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, പൊണ്ണത്തടി, വിഷാദം തുടങ്ങിയവയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്.