ഡിസ്ലെക്‌സിയ ചികിത്സയില്‍ നിര്‍ണായക ചുവടുവെപ്പുമായി ജര്‍മന്‍ ഗവേഷകര്‍. ലോകത്ത് ജനസംഖ്യയുടെ അഞ്ച് മുതല്‍ പത്ത് ശതമാനം വരെയുള്ളവരില്‍ ഡിസ്ലെക്‌സിയ കണ്ടുവരുന്നു. ജീവിതകാലം മുഴുവന്‍ പിന്തുടരുന്ന പഠന വൈകല്യമാണിത്. വായനയില്‍ അനുഭവപ്പെടുന്ന പ്രായസങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തു വായിക്കാനുള്ള ബുദ്ധിമുട്ട്, വായിക്കുമ്പോള്‍ അക്ഷരങ്ങള്‍ വിട്ടു പോവുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുക, അനായാസമായി വായിക്കാന്‍ കഴിയാതിരിക്കുക എന്നിവയാണ് പ്രധാനമായും ഡിസ്ലെക്സിയ ഉള്ള കുട്ടികളില്‍ കണ്ടുവരുന്ന ലക്ഷണങ്ങള്‍. ഡിസ്ലെക്‌സിയയുടെ കാരണം പൂര്‍ണമായും വ്യക്തമല്ലെങ്കിലും മസ്തിഷ്‌കത്തിലെ വിഷ്വല്‍ തലാമസ് എന്ന പ്രത്യേക ഭാഗത്തിന്റെ പ്രവര്‍ത്തനത്തിലും ഘടനയിലുമുള്ള മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡ്രെസ്ഡന്‍ സര്‍വകലാശാല ഗവേഷകര്‍ വിശദീകരിക്കുന്നു. സെറിബ്രല്‍ കോര്‍ട്ടക്‌സുമായി കണ്ണുകളെ ബന്ധിപ്പിക്കുന്ന ഒരു പ്രധാന മസ്തിഷ്‌ക മേഖലയാണ് വിഷ്വല്‍ തലാമസ്. ഇത് യുക്തി, വികാരം, ചിന്ത, ഓര്‍മ, ആശയവിനിമയം, ബോധം എന്നിവയ്ക്കുള്ള കഴിവിന് പ്രധാനമാണ്. ഡിസ്ലെക്‌സിയ ഉള്ളവരില്‍ വിഷ്വല്‍ തലാമസിന്റെ ചലന സെന്‍സിറ്റീവ് ഭാഗത്തിന്റെ പ്രവര്‍ത്തനത്തിലും ഘടനയിലും മാറ്റങ്ങള്‍ കാണിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. വിഷ്വല്‍ തലാമസിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകാന്‍ സാധിച്ചുവെന്ന് ബ്രെയിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഡിസ്ലെക്‌സിയ ബാധിതരായ 25 ആളുകളാണ് പഠനത്തിന്റെ ഭാഗമായത്. വിഷ്വല്‍ തലാമസിന്റെ ഘടനയുടെ പ്രവര്‍ത്തനം മോഡുലേറ്റ് ചെയ്യുന്നതിനും അതുവഴി ചില ഡിസ്ലെക്‌സിയ ലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനുമുള്ള ചികിത്സാ രീതിയായി വികസിപ്പിക്കാനുമുള്ള സാധ്യതകള്‍ ഈ പഠനം തുറന്നിടുന്നുവെന്നും ഗവേഷകര്‍ പറയുന്നു.