സംവിധായകന് എസ്.എസ് രാജമൗലിയെക്കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി മോഡേണ്‍ മാസ്റ്റേഴ്സ്: എസ് എസ് രാജമൗലിയുടെ ട്രെയ്ലര് പുറത്തുവന്നു. ഓഗസ്റ്റ് രണ്ടിനാണ് നെറ്റ്ഫ്ലിക്സിലൂടെ ഡോക്യുമെന്ററി സ്ട്രീം ചെയ്ത് തുടങ്ങുക. സംവിധായകന്റെ വ്യക്തി ജീവിതവും സിനിമ ജീവിതവും അടക്കം ഡോക്യുമെന്ററിയിലുണ്ടാകുമെന്നാണ് ട്രെയ്ലര് നല്കുന്ന സൂചന. ബാഹുബലി, ആര്‍ആര്‍ആര്‍ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ അണിയറയില്‍ സംഭവിച്ച കാര്യങ്ങളും ഡോക്യുമെന്ററിയില്‍ ഉണ്ടെന്നാണ് ട്രെയ്ലര് സൂചിപ്പിക്കുന്നത്. പ്രഭാസ്, റാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, കരണ്‍ ജോഹര്‍, എംഎം കീരവാണി, ജെയിംസ് കാമറൂണ്‍ തുടങ്ങിയവരെല്ലാം ട്രെയ്ലറില് പ്രത്യക്ഷപ്പെടുന്നുണ്ട്. ‘ഇയാള്‍ സിനിമ ചെയ്യാന്‍ ജനിച്ചയാളാണ്, ഇതുവരെ പറയാത്ത കഥകള്‍ പറയാന്‍ ജനിച്ചയാളാണ്. അങ്ങനെ ഒരാളെ ഞാന്‍ കണ്ടിട്ടില്ല- എന്നാണ് ജൂനിയര്‍ എന്‍ടിആര്‍ പറയുന്നത്. ‘ചിലപ്പോഴൊക്കെ ഞാന്‍ ഞെട്ടിപ്പോകും, അദ്ദേഹത്തിന്റെ സിനിമകള്‍ കാണുമ്പോള്‍ ഞാന്‍ എന്നെ മറ്റൊരാളായാണ് കാണുന്നത്’ രാം ചരണ്‍ പറയുന്നു. ‘എന്ത് ജോലി ചെയ്താലും, ആരുടെ കൂടെ ജോലി ചെയ്താലും അവരുടെ ആദരവ് അദ്ദേഹത്തിന് ലഭിക്കും’ എന്ന് ജെയിംസ് കാമറൂണ്‍ പറയുന്നു. ‘ഞാന്‍ ചെയ്യുന്ന കഥയുടെ അടിമയാണ് എന്ന് മാത്രമേ എനിക്ക് പറയാന്‍ കഴിയൂ’ എന്നാണ് എസ് എസ് രാജമൗലി ട്രെയ്ലറില് പറയുന്നത്.