ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ കരയിലെ മൺകൂനയ്ക്ക് താഴെയില്ലെന്ന് സ്ഥിരീകരിച്ച് സൈന്യം. ഇത്രയും ദിവസം പരിശോധന നടത്തിയത് റോഡിൽ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു . ഇന്നലെ 98 ശതമാനം മണ്ണും നീക്കിയെന്നും ലോറിയുടെ സാന്നിധ്യമില്ലെന്നും കർണാടക സ്ഥിരീകരിച്ചിരുന്നു. പ്രതീക്ഷക്ക് മങ്ങലേൽപ്പിച്ച് കൊണ്ട് ലോറി കരയിലില്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. ഇടിഞ്ഞു വീണ മണ്ണിനൊപ്പം ലോറി ഗംഗംഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയത്തിലാണ് സൈന്യം. ഇതോടൊപ്പം നദിക്കരയിൽ നിന്ന് ഒരു സിഗ്നൽ കിട്ടി, ആ പ്രദേശം മാർക്ക് ചെയ്ത്പരിശോധിക്കുകയാണ് ഒരു സംഘം.
കർണാടകയിലെ ദേശീയപാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ കരഭാഗത്തെ പരിശോധന ഇന്ന് പൂർത്തിയാക്കുമെന്ന് സതീഷ് സൈൽ എംഎൽഎ. നാളെ മുതൽ പുഴയിൽ കൂടുതൽ പരിശോധന നടത്തുമെന്നും, ഡ്രെഡ്ജിംഗ് സാധ്യതകളും പരിശോധിക്കുന്നുണ്ട്. ഇതിനുള്ള അനുമതി തേടും. പക്ഷേ പാലം കാലാവസ്ഥ എന്നിവ തടസമാണെന്നും കൂടാതെ എൻഡിആർഎഫിൽ നിന്ന് റിട്ടയർ ചെയ്ത വിദഗ്ധൻ നാളെ സ്ഥലത്തെത്തുമെന്നും എംഎൽഎ പറഞ്ഞു.
അർജുന് വേണ്ടിയുള്ള സൈന്യത്തിൻ്റെ തെരച്ചിലിൽ അതൃപ്തിയറിയിച്ച് അർജുൻ്റെ കുടുംബം. വലിയ പ്രതീക്ഷയിലായിരുന്നു, എന്നാൽ വേണ്ടത്ര ഉപകരണങ്ങളില്ലാതെയാണ് സൈന്യം എത്തിയതെന്നും അമ്മ ഷീല പറഞ്ഞു. ഒരു മനുഷ്യന് ഇത്രയേ വിലയുള്ളൂ. അവിടെ ലോറി ഇല്ലെന്ന് സ്ഥാപിക്കാനാണ് ശ്രമമെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
നിപ വൈറസ് രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 9 പേരുടെ സാമ്പിളുകൾ നെഗറ്റീവ്. മലപ്പുറത്ത് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരുന്ന 13 പേരുടെ സാമ്പിളുകളാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നത്. ഇവരിൽ 9 പേരുടെ ഫലം ആണ് വന്നത്. എല്ലാവരും നിപ നെഗറ്റീവാണ്. മരിച്ച 14കാരന്റെ സമ്പർക്ക പട്ടികയിൽ 406 പേരാണുളളത്. ഇവരിൽ 194 പേർ ഹൈ റിസ്ക്ക് വിഭാഗത്തിലുണ്ട്. ഇവരിൽ 139 പേർ ആരാഗ്യ പ്രവർത്തകരാണ്.
മലപ്പുറത്ത് പതിനാലുകാരന്‍ നിപ ബാധിച്ച് മരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ കേരള തമിഴ്നാട് അതിര്‍ത്തിയില്‍ നിപ പരിശോധന ശക്തമാക്കി തമിഴ്നാട് ആരോഗ്യവകുപ്പ്. വാഹനയാത്രികരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷം മാത്രമാണ് തുടര്‍യാത്ര അനുവദിക്കുന്നത്. പാലക്കാട് ജില്ലയില്‍ തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന മുഴുവന്‍ ചെക്ക്പോസ്റ്റുകളിലും 24 മണിക്കൂറും നീളുന്ന പരിശോധനയാണ് തമിഴ്നാട് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തുന്നത്.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരനായ കോഴിക്കോട് മേലടി സ്വദേശിയായ കുട്ടി രോഗമുക്തി നേടി. രാജ്യത്ത് തന്നെ അപൂർവമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാൾ രോഗമുക്തി നേടുന്നത്. 97% മരണ നിരക്കുള്ള രോഗത്തിൽ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാധിച്ചത്. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
നീറ്റ് പരീക്ഷ വീണ്ടും നടത്തണോ എന്നതിൽ വാദം കേൾക്കുന്നതിനിടെ ചോദ്യപേപ്പർ ചോർച്ച ഒന്നിലധികം സംസ്ഥാനങ്ങളിൽ നടന്നതിന് തെളിവുണ്ടോയെന്ന ചോദ്യവുമായി സുപ്രീംകോടതി. ഹർജിക്കാർ ഇക്കാര്യം തെളിയിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.പല പരീക്ഷ കേന്ദ്രങ്ങളിലും പിഴവുകൾ ഉണ്ടായി എന്ന ഹർജിക്കാരുടെ വാദം സമ്മതിക്കാം.എന്നാൽ, പിഴവുകളും ചോദ്യപേപ്പർ ചോർച്ചയും രണ്ടായാണ് പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
കെഎസ്ഇബി ജീവനക്കാർ രാത്രിയില്‍ മദ്യപിച്ചെത്തി മോശമായി പെരുമാറിയെന്ന ആരോപണത്തിൽ വിശദീകരണവുമായി കെഎസ്ഇബി. അയിരൂരിൽ കെഎസ്ഇബി ജീവനക്കാർ മദ്യപിച്ചിരുന്നില്ലെന്ന് വൈദ്യപരിശോധന റിപ്പോർട്ടുകൾ പുറത്തു വിട്ടു. പൊലീസിനെ വിളിച്ചു വരുത്തിയത് ജീവനക്കാർ തന്നെയാണ്. കുടുംബനാഥൻ മോശമായി പെരുമാറിയപ്പോഴാണ് പൊലീസിനെ വിളിച്ചതെന്നും കെഎസ്ഇബി വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടു.
കൊച്ചുവേളി റെയിൽവെ സ്റ്റേഷനിൽ നിന്നും എട്ട് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.കഞ്ചാവ് എത്തിച്ച പ്രതിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘവും കൊച്ചുവേളി റെയിൽവേ സംരക്ഷണ സേനയും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്.
108 ജീവനക്കാർ അടിക്കടി സമരം ചെയ്യുന്നത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ സമരം ചെയ്യുന്നതിനെ കുറിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് കെ. ബൈജൂ നാഥ് നിർദ്ദേശം നൽകിയത്.
തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. ഇന്ന് ഉച്ചയോടെയാണ്ശക്തമായ മഴയോട് കൂടി മിന്നൽ ചുഴലി ഉണ്ടായത്. കനത്ത കാറ്റിൽ വൈദ്യുത പോസ്റ്റുകൾ നിലംപതിച്ചു. ചാവക്കാട് പാപ്പാളിയിലും കോലഴിയിലുമടക്കം വിവിധയിടങ്ങളിൽ വ്യാപക നഷ്ടമാണുണ്ടായത്. കോലഴിയിൽ പൂവണി ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുകളിൽ തെങ്ങ് വീണും അപകടമുണ്ടായി.
കുത്തിവെയ്പിനു പിന്നാലെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ അബോധാവസ്ഥയിലാവുകയും, മരണപ്പെടുകയും ചെയ്ത കൃഷ്ണ തങ്കപ്പന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വി.ഡി സതീശൻ . സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചികിത്സാപ്പിഴവ് സംബന്ധിച്ച് പരാതി നല്‍കിയിട്ടും ആരോഗ്യവകുപ്പ് അതേക്കുറിച്ച് അന്വേഷിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
തദ്ദേശ മന്ത്രി എം ബി രാജേഷിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . മഴക്കാല പൂര്‍വശുചീകരണം നടത്താത്തതില്‍ മന്ത്രിക്ക് മറുപടിയില്ലെന്ന് സതീശൻ ചൂണ്ടികാട്ടി. മാലിന്യത്തില്‍ നിന്നും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും തദ്ദേശ മന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല. പ്രതിപക്ഷ നേതവ് ഹരിതകര്‍മ്മ സേനയ്ക്ക് എതിരാണെന്ന പ്രചരണം മന്ത്രിയുടെ കുശാഗ്ര ബുദ്ധിയാണെന്നും ഇത്രയും ബുദ്ധി കാട്ടിയിരുന്നെങ്കില്‍ സ്വന്തം വകുപ്പ് മന്ത്രിക്ക് നന്നാക്കാമായിരുന്നുവെന്നും സതീശൻ കൂട്ടിച്ചേർത്തു.
എസ്എൻഡിപിയെ കാവിവത്കരിക്കാൻ അനുവദിക്കില്ലെന്നും, മുസ്‌ലിം ലീഗിന്റെ വര്‍ഗീയത തുറന്നുകാട്ടുമെന്നും എംവി ഗോവിന്ദൻ. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷമാണ് പ്രതികരണം. ബിജെപിയുടെ മതരാഷ്ട്ര വാദ നിലപാടിനെതിരെ ശക്തമായ ആശയ പ്രചാരണം വേണം. ബിജെപിയുടെ എല്ലാ ശ്രമങ്ങളെയും ശക്തമായി പ്രതിരോധിക്കാൻ സംസ്ഥാന സമിതി യോഗത്തിൽ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അച്ഛനേയും മകനേയും ചിറ്റൂർ ഫെറിയിൽ വലിച്ചിഴച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ബൈക്ക് യാത്രക്കാരുടേയും കാർ യാത്രക്കാരുടേയും പരാതിയിൽ ചേരാനെല്ലൂർ പൊലീസാണ് കേസെടുത്തത്. എറണാകുളം ചിറ്റൂർ ഫെറിക്കു സമീപം കോളരിക്കൽ റോഡിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം . ലോറി ഡ്രൈവറായ അക്ഷയ്, പിതാവ് സന്തോഷ് എന്നിവരെയാണ് കാര്‍ യാത്രക്കാർ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയതെന്നാണ് പരാതി.
ബംഗ്ലാദേശില്‍ നടക്കുന്ന സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുഎഇയില്‍ കൂട്ടംകൂടി പ്രതിഷേധിച്ച ബംഗ്ലാദേശ് പൗരന്മാര്‍ക്ക് അബുദാബി ഫെഡറല്‍ അപ്പീല്‍ കോടതി ശിക്ഷ വിധിച്ചു. മൂന്ന് ബംഗ്ലാദേശ് പൗരന്മാർക്ക് ജീവപര്യന്തം തടവും 54 പേർക്ക് ജയിൽ ശിക്ഷയുമാണ് വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തും. ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പേരിൽ യുഎഇയിൽ തെരുവിൽ ഇറങ്ങി നാശനാഷ്ടങ്ങൾ ഉണ്ടാക്കിയ കേസിലാണ് നടപടി എടുത്തത്.
എക്സ് പോസ്റ്റിലൂടെ തന്റെ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ടീം ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ്. ഈ മാസം 26ന് തുടങ്ങുന്ന പാരീസ് ഒളിംപിക്സായിരിക്കും ഇന്ത്യൻ കുപ്പായത്തില്‍ ശ്രീജേഷിന്‍റെ അവസാന ടൂര്‍ണമെന്‍റ്. വിരമിച്ചശേഷം ശ്രീജേഷ് ഇന്ത്യൻ ഹോക്കി ടീമിന്‍റെ സഹപരിശീലകനാകുമെന്നും സൂചനയുണ്ട്.
കൻവർ തീർത്ഥാടകർ യാത്ര ചെയ്യുന്ന മുസഫർ ജില്ലയിലെ വഴികളിലെ ഭക്ഷണ ശാലകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന യുപി സർക്കാർ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ഋഷികേശ് റോയ് എസ്‍വിഎൻ ഭട്ടി എന്നിവരുൾപ്പെട്ട ബെഞ്ചിന്‍റേതാണ് നടപടി. എന്നാൽ ഏത് ഭക്ഷമാണ് വിതരണം ചെയ്യുന്നതെന്ന് ഹോട്ടലുകളിൽ പ്രദർശിപ്പിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്രയും സന്നദ്ധ സംഘടനകളുമടക്കം സർക്കാർ ഉത്തരവുകൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ തമിഴ്നാട്ടിലെ നാമക്കലിൽ നിന്നുള്ള ശരവണൻ എന്ന ട്രക്ക് ഡ്രൈവറെയും ഏഴ് ദിവസമായി കാണാനില്ല.ശരവണന്‍റെ അമ്മയും ബന്ധുക്കളും ലോറി ഉടമയും ആറ് ദിവസമായി ഷിരൂരിലുണ്ട്. ശരവണനെ കണ്ടെത്താൻ തെരച്ചിൽ ഊർജിതമാക്കണമെന്നും തമിഴ്നാട് സർക്കാർ അതിനായി സമ്മർദ്ദം ചെലുത്തണമെന്നും ശരവണന്‍റെ ബന്ധുക്കൾ ആവശ്യപ്പെടുന്നു.
രാജ്യത്തെ സമ്പദ് വ്യവസ്ഥ ശക്തമെന്ന് സാമ്പത്തിക സര്‍വേ. നടപ്പ് സാമ്പത്തിക വര്‍ഷം 8. 2 ശതമാനം വളര്‍ച്ച കൈവരിച്ചു . അടുത്ത സാമ്പത്തിക വര്‍ഷം 6.5 മുതല്‍ 7 ശതമാനം വരെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. നാണ്യപ്പെരുപ്പം നിയന്ത്രിക്കാനായെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക് സഭയില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ അവകാശപ്പെടുന്നു.
മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ. ആദായ നികുതി കുറയ്ക്കുന്നതടക്കം ജനകീയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമോയെന്നതാണ് ആകാംക്ഷ. റോഡ് വികസനം, റയില്‍വേ, തുറമുഖ വികസനം തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചേക്കും. ഡിജിറ്റല്‍ ഇന്ത്യയെന്ന മുദ്രാവാക്യത്തിന് ശക്തി പകരനാള്ള പ്രഖ്യാപനങ്ങളുമുണ്ടാകും.