മലപ്പുറത്ത് ചികിത്സയിലിരിക്കുന്ന കുട്ടിക്ക് നിപയെന്ന് പരിശോധനയിൽ സ്ഥിരീകരണം. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിൽ ആണ്നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം വന്നാൽ മാത്രമേ അന്തിമ സ്ഥിരീകരണമാകൂവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഫലം വരുന്നതിനു മുൻപ് തന്നെ മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
മലപ്പുറം പാണ്ടിക്കാട് സ്വദേശി 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊര്‍ജിതമാക്കി. ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിൽ നിയന്ത്രണമേര്‍പ്പെടുത്തി. മലപ്പുറം ജില്ലയിലുള്ളവർ എല്ലാവരും മാസ്ക്ക് ധരിക്കണം, ആൾക്കൂട്ടം ഒഴിവാക്കണം,കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാൻ പാടുളളു. മുൻകൂട്ടി തീരുമാനിച്ച പരിപാടികൾക്ക് ആൾകൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു.
കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും കേരള – ലക്ഷദ്വീപ് തീരങ്ങളിലും കർണ്ണാടക തീരത്തും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.
വിൻഡോസിനെ ബാധിച്ച ആന്‍റിവൈറസ് തകരാർ പൂര്‍ണമായും പരിഹരിക്കാൻ സമയം എടുക്കുമെന്ന് വിലയിരുത്തല്‍. ക്രൗഡ്‌സ്ട്രൈക്ക് കമ്പനിയുടെ സുരക്ഷാ അപ്ഡേറ്റിലെ പിഴവാണ് ഇത്ര വലിയ പ്രതിസന്ധിക്ക് കാരണമായത് . പ്രശ്നം പരിഹരിച്ചെങ്കിലും മുഴുവൻ സിസ്റ്റങ്ങളുടെയും റീബൂട്ടിന് സമയമെടുക്കുമെന്ന് ക്രൗഡ്‌സ്ട്രൈക്ക് അധികൃതര്‍ വ്യക്തമാക്കി.ലോകമാകെ സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള ഓഫീസുകൾ നിശ്ചലമാകുകയും ചെയ്ത പ്രശ്നം പക്ഷേ കേരളത്തിലെ പൊതുമേഖലയെ ബാധിച്ചില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
പ്രതിപക്ഷത്തെ തെറി വിളിക്കുന്നതല്ല പാർട്ടി സ്നേഹമെന്ന് ജി. സുധാകരൻ.പ്രതിപക്ഷത്തോടുള്ള ബഹുമാനമാണ് പ്രധാനം . ഉമ്മൻ ചാണ്ടി എതോ സ്ത്രീയുടെ പേരിൽഒത്തിരി പഴികേട്ടു.താൻ ഒരു വാക്കും ഉമ്മൻ ചാണ്ടിക്കെതിരെ പറഞ്ഞിട്ടില്ല.രാഷ്ട്രീയ പ്രവർത്തകന് മൗലികാവകാശം ഉണ്ടെന്നും ജി സുധാകരൻ.പറഞ്ഞു.ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ചികിത്സാസഹായ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
കർണാടക മണ്ണിടിച്ചിലിൽ കുടുങ്ങിയ അർജുന്റെ രക്ഷാ പ്രവർത്തനത്തിനിടെ ലോറി ഉടമയും പൊലീസും തമ്മിൽ വാക്കേറ്റം. രക്ഷാപ്രവർത്തനം മന്ദഗതിയിലാണെന്ന് ചൂണ്ടിക്കാട്ടിയ ലോറി ഉടമ മനാഫിനെ പൊലീസ് ഉദ്യോഗസ്ഥർ തളളിമാറ്റി . ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വരികയാണെന്ന് മനാഫ് പറഞ്ഞു. അർജുനെ കണാതായിട്ട് അഞ്ചാം ദിവസമായ ഇന്ന് അത്യാധുനിക റഡാർ ഉപയോഗിച്ചുളള പരിശോധനയാണ് നടക്കുന്നത്.
മംഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ അർജുനായുള്ള തെരച്ചിൽ തുടരുന്നു. റോഡിന്റെ നടുഭാഗത്ത് നിന്ന് ലഭിച്ച സിഗ്നൽ പ്രകാരമാണ് തെരച്ചിൽ തുടരുന്നത്. പാറയും മണ്ണും അല്ലാത്ത വസ്തുവിന്റെ സിഗ്നൽ ആണ് കിട്ടിയിരിക്കുന്നത്, സിഗ്നൽ ലോറിയുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ല. 70% യന്ത്രഭാഗങ്ങൾ തന്നെ ആയിരിക്കാം എന്നാണ് റഡാർ സംഘം വ്യക്തമാക്കുന്നത്. സിഗ്നൽ ലഭിച്ച ഭാഗത്ത് കൂടുതൽ മണ്ണ് എടുത്ത് പരിശോധന നടത്തിവരികയാണ്. സിഗ്നൽ ലഭിച്ച ഈ സ്ഥലം മാർക്ക് ചെയ്താണ് മണ്ണെടുത്ത് മാറ്റുന്നത്.
കർണാടകയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ഡ്രൈവർ അർജുന്റെ രക്ഷാപ്രവർത്തനത്തിലേക്ക് സംസ്ഥാന മന്ത്രിമാർ എത്താതിരുന്നത് സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു മലയാളിക്ക് ഇത്രയും വലിയ ദുരവസ്ഥ വന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.കർണാടക സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധം നടത്തുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുളള രക്ഷാദൗത്യത്തിന്റെ വേഗം കൂട്ടണമെന്ന് കുടുംബം. തിരച്ചിൽ കാര്യക്ഷമമാക്കണം. സൈന്യത്തെ ഇറക്കണം. നിലവിലെ സംവിധാനത്തിൽ വിശ്വാസം നഷ്ടമായെന്നും കേരളത്തിൽ നിന്നുള്ള സന്നദ്ധരായി എത്തുന്നവർക്ക് അവസരം നൽകണമെന്നും കുടുംബം ആവശ്യപ്പെട്ടു.അർജുന്‍റെ രക്ഷാ പ്രവർത്തനത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഭാര്യ കൃഷ്ണപ്രിയ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രക്ഷാ പ്രവർത്തനത്തിന് സൈന്യത്തെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കൃഷ്ണപ്രിയ ഇമെയിൽ വഴിയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.
ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി പത്തനംതിട്ട തുവയൂര്‍ അഭിജിത്ത് ബാലനെ കാപ്പാക്കേസില്‍ നാടുകടത്തി. പത്തനംതിട്ട, കൊല്ലം ജില്ലകളിൽ അഭിജിത്ത് പ്രവേശിക്കരുതെന്നാണ് ഡിഐജി നിശാന്തിനിയുടെ ഉത്തരവ്. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം അഭിജിത്ത് ബാലന്‍ കൊലപാതക ശ്രമം, വാഹന അക്രമം, പൊലീസുകാരെ ഭീഷണിപ്പെടുത്തി തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയാണ്.
നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതി അബോധാവസ്ഥയിലെന്ന് പരാതി. കിഡ്നി സ്റ്റോണ്‍ ചികിത്സയ്ക്കിടെ എടുത്ത കുത്തിവെപ്പിനെ തുടർന്ന് നെയ്യാറ്റിന്‍കര സ്വദേശിനി കൃഷ്ണ തങ്കപ്പനാണ് അബോധാവസ്ഥയിലായത്. സംഭവത്തില്‍ ആശുപത്രിയിലെ ഡോക്ടര്‍ ബിനുവിനെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. യുവതി നിലവില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ജി സുധാകരൻ്റെ രാമായണ തത്വചിന്തയെ സ്വാഗതം ചെയ്യുന്നതായി ബിജെപി. രാമായണത്തെക്കുറിച്ച് പത്രത്തിൽ മികച്ച ലേഖനമെഴുതിയ ജി സുധാകരനെ പിന്തുണയ്ക്കുന്നതായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാല കൃഷ്ണൻ പറഞ്ഞു. രാമായണത്തെ ഇകഴ്ത്തി മാധ്യമം പത്രത്തിൽ വന്ന ലേഖനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന ലേഖനമാണിതെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സ്വന്തം ചികിത്സ നടത്താന്‍ പണമില്ലായിരുന്നെന്ന് ശശി തരൂര്‍. അദ്ദേഹത്തിന്റെ ചികിത്സാച്ചെലവ് ഏറ്റെടുക്കാന്‍ എ ഐ സി സി തയാറായെങ്കിലും അമേരിക്കയിലെ ഭീമമായ സാമ്പത്തിക ചെലവ് ഭയന്ന് ചികിത്സ വേണ്ടെന്നുവച്ച് അദ്ദേഹം മടങ്ങിപ്പോരുകയായിരുന്നു. കെ പി സി സിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഉമ്മന്‍ ചാണ്ടി അനുസ്മരണം – ഹൃദയാജ്ഞലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സോളാര്‍ ആരോപണം നേരിട്ടപ്പോള്‍ ഉമ്മന്‍ചാണ്ടിയെ ഇപ്പോള്‍ ദൈവത്തെപ്പോലെ കാണുന്നവരൊന്നും കൂടെ ഉണ്ടായിരുന്നില്ലെന്ന് ഭാര്യ മറിയാമ്മ ഉമ്മന്‍. സോളാര്‍ കേസിലെ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നും മറിയാമ്മ ഉമ്മന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാവും യുഡിഎഫ് കണ്‍വീനറും പങ്കെടുത്ത പരിപാടിയിലാണ് മറിയാമ്മ ഉമ്മന്റെ ആവശ്യം.
മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് മന്ത്രി എം ബി രാജേഷ് എഴുതിയ കത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് മാലിന്യ നീക്കവും സംസ്‌ക്കരണവും കുറ്റമറ്റതാണെന്നും അതുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നങ്ങളും ഇല്ലെന്നുമാണ് അങ്ങ് സ്ഥാപിക്കാന്‍ ശ്രമിച്ചത്. അവകാശവാദങ്ങളൊക്കെ തുറന്ന കത്തിലാക്കിയത് നന്നായി. അത് വായിച്ചവരാരും, അങ്ങയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും അതൊക്കെ സമ്മതിച്ചു തരുമെന്ന് തോന്നുന്നില്ലെന്ന് സതീശൻ കത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു വരുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഏകദേശം 12,000-ത്തിലധികമാളുകളാണ് പ്രതിദിനം പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്. ആരോഗ്യ വകുപ്പ് ആശങ്കപ്പെടേണ്ടതില്ല എന്ന വാക്കില്‍ ഉറച്ചുനില്‍ക്കുമ്പോഴാണ് വലിയ തോതില്‍ ഡെങ്കി പനിയും കോളറയും മഞ്ഞപ്പിത്തവും പടര്‍ന്നു പിടിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
മലപ്പുറത്ത് കാട്ടാന ചരിഞ്ഞ നിലയില്‍. വനാതിർത്തിയോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്നാണ് സൂചന. വനാതിർത്തിയോട് ചേർന്ന് ശിവദാസൻ എന്നയാളുടെ പറമ്പിലാണ് ആന കിടന്നിരുന്നത്.പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മരണ കാരണം വ്യക്തമാവുന്നതോടെ ഉത്തരവാദികള്‍ക്കെതിരെ കേസ് അടക്കമുള്ള നിയമ നപടപടികള്‍ എടുക്കുമെന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു.
പാലക്കാട് ചിറ്റൂർ പുഴയിൽ കുടുങ്ങിയ രണ്ടു കുട്ടികളേയും ഫയർഫോഴ്സെത്തി രക്ഷിച്ചു. കഴിഞ്ഞ ദിവസം അപകടമുണ്ടായ അതേ സ്ഥലത്താണ് കുട്ടികൾ കുടുങ്ങിയിരുന്നത്. സ്കൂൾ കുട്ടികളായ മൂന്നു പേരാണ് പുഴയിൽ കുടുങ്ങിയിരുന്നത്. പുഴയിൽ ഏണിവെച്ചുകൊണ്ടാണ് കുട്ടികളെ രക്ഷിച്ചത്.
ശക്തമായ തിരയിൽപ്പെട്ട് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു. ഇന്ന് 9.30 ഓടെയായിരുന്നു അപകടം. കടലിലേക്ക് വീണ രണ്ട് മത്സ്യ തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. പൂന്തുറ സ്വദേശി ജിജു ദേവസ്യയുടെ ഉടമസ്ഥതയിലുള്ള വള്ളത്തിലെ തൊഴിലാളികളായ പത്രോസ്, ഇർഷാദ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവരെ ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യം തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പലസ്തീൻ പ്രദേശങ്ങളിലെ ഇസ്രയേൽ അധിനിവേശം നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി. വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. 15 ജഡ്ജിമാരുടെ സംഘമാണ് വിഷയം പരിഗണിച്ചത്. ഇസ്രയേലിൻ്റെ നയങ്ങൾ പലസ്തീൻ പിടിച്ചടക്കുന്നതിന് തുല്യമാണെന്നും അധിനിവേശ പ്രദേശത്ത് ആസൂത്രിതമായി പലസ്തീനികൾക്കെതിരെ വിവേചനം കാണിക്കുന്നതായും അന്താരാഷ്ട്ര നീതി ന്യായ കോടതി കണ്ടെത്തി.
രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പിൽ തോറ്റിട്ടും അത് അംഗീകരിക്കാൻ രാഹുൽ ഗാന്ധി തയാറല്ല, മൂന്നാം തവണ തോറ്റിട്ടും രാഹുൽ അഹങ്കരിക്കുകയാണെന്ന് അമിത് ഷാ തുറന്നടിച്ചു. റാഞ്ചിയിൽ ബിജെപി സംസ്ഥാന പ്രവർത്തക സമിതിയോഗത്തിലാണ് ഷായുടെ പരാമർശം.ജാർഖണ്ഡിലെ ജെഎംഎം സർക്കാറാണ് ഏറ്റവും അഴിമതിയുള്ള സർക്കാർ. ഇത്തവണ സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുമെന്നും അമിത് ഷാ വിമർശിച്ചു.
ഇന്ത്യയുടെ സീനിയര്‍ പുരുഷ ഫുട്‌ബോള്‍ ടീം മുഖ്യ പരിശീലകനായി മാനോളോ മാര്‍ക്കേസിനെ തിരഞ്ഞെടുത്തു. നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ എഫ്.സി. ഗോവയുടെ മുഖ്യ പരിശീലക ചുമതല വഹിക്കുന്നുണ്ട് അദ്ദേഹം. 2024-25 സീസണിലും ഗോവയുടെ പരിശീലക സ്ഥാനത്ത് തുടരും. ഡല്‍ഹിയില്‍ ചേര്‍ന്ന അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് പുതിയ പരിശീലകനെ പ്രഖ്യാപിച്ചത്.