മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. 3.36 ശതമാനമായാണ് പണപ്പെരുപ്പനിരക്ക് ഉയര്‍ന്നത്. പച്ചക്കറി അടക്കം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിച്ചത്. തുടര്‍ച്ചയായി നാലാം മാസമാണ് പണപ്പെരുപ്പനിരക്ക് ഉയരുന്നത്. മെയില്‍ 2.61 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്. കഴിഞ്ഞവര്‍ഷം ജൂണില്‍ നെഗറ്റീവ് 4.18 ശതമാനമായിരുന്ന സ്ഥാനത്താണ് പണപ്പെരുപ്പനിരക്കിലെ വര്‍ധന.2023 ഫെബ്രുവരിയിലാണ് ഇതിന് മുന്‍പത്തെ ഉയര്‍ന്ന നിരക്ക്. അന്ന് 3.85 ശതമാനമായാണ് പണപ്പെരുപ്പനിരക്ക് ഉയര്‍ന്നത്. പച്ചക്കറിക്ക് പുറമേ മറ്റു ഭക്ഷ്യോല്‍പ്പന്നങ്ങള്‍, അസംസ്‌കൃത എണ്ണ തുടങ്ങിയവയും പണപ്പെരുപ്പനിരക്ക് ഉയരാന്‍ കാരണമായതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 10.87 ശതമാനമായാണ് ഉയര്‍ന്നത്. മെയില്‍ ഇത് 9.82 ശതമാനം മാത്രമായിരുന്നു. പണപ്പെരുപ്പനിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് വീണ്ടും പലിശനിരക്ക് ഉയര്‍ത്താന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കുമോ എന്ന ആശങ്കയും വിപണിയില്‍ ഉയര്‍ന്നിട്ടുണ്ട്.