അഞ്ചര വര്‍ഷം കൊണ്ട് വാഗണ്‍ ആറിന്റെ പത്തു ലക്ഷം യൂണിറ്റുകള്‍ വിറ്റ് മാരുതി. 2019ല്‍ പുറത്തിറങ്ങിയ വാഗണ്‍ ആറിന്റെ ഏറ്റവും പുതിയ മോഡലാണ് ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. 1999ല്‍ പുറത്തിറങ്ങിയ വാഗണ്‍ ആറിന്റെ ആകെ വില്‍പനയുടെ കണക്കെടുത്താല്‍ 32.1 ലക്ഷം വരും. മാരുതിയുടെ മറ്റു ജനപ്രിയ വാഹനങ്ങളായ എര്‍ട്ടിഗ, ഫ്രോങ്സ്, സ്വിഫ്റ്റ്, ഡിസയര്‍ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പനയില്‍ ഇപ്പോഴും വാഗണ്‍ ആറിന്റെ തട്ട് താഴ്ന്നു തന്നെയാണിരിക്കുന്നത്. പുറത്തിറങ്ങിയതിനു ശേഷം ഇന്നുവരെ വാഗണ്‍ ആര്‍ ജനപ്രിയ പട്ടികയില്‍ നിന്നും പുറത്തുപോയിട്ടില്ല. 2019 ജനുവരി 23ന് പുറത്തിറങ്ങിയ ഏറ്റവും പുതിയ വകഭേദം മാത്രംആറു വര്‍ഷം കൊണ്ട് പത്തു ലക്ഷത്തിലേറെ വിറ്റഴിഞ്ഞു. 2023 സാമ്പത്തിക വര്‍ഷത്തിലാണ് ഏറ്റവും മികച്ച പ്രകടനം വാഗണ്‍ ആര്‍ നടത്തിയത്. 12 മാസം കൊണ്ട് 2,12,340 വാഗണ്‍ ആറുകളാണ് മാരുതി വിറ്റത്. ഏറ്റവും കൂടുതല്‍ വില്‍പന രേഖപ്പെടുത്തിയ 2023 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 5.73% വില്‍പന കുറഞ്ഞെങ്കിലും 2,00,177 വാഗണ്‍ ആറുകള്‍ 2024 സാമ്പത്തിക വര്‍ഷവും വിറ്റുപോയി. ആകെ 17.5 ലക്ഷം യൂണിറ്റുകള്‍ വിറ്റ മാരുതിയുടെ വില്‍പനയില്‍ 11% പങ്കും വാഗണ്‍ ആര്‍ സ്വന്തമാക്കുകയും ചെയ്തു. ഇതുവരെ 32.1 ലക്ഷം വാഗണ്‍ ആറുകള്‍ നിരത്തിലെത്തി. 2024 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ വാഗണ്‍ ആറിന്റെ വില്‍പന 46,132 എണ്ണമാണ്. സിഎന്‍ജി ആദ്യം ലഭ്യമായ മാരുതി സുസുക്കിയുടെ മോഡലുകളിലൊന്നാണ് വാഗണ്‍ ആര്‍.